ADVERTISEMENT

ടൊറോന്‍റോ ∙ 49–ാമത് ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ (TIFF - 2024) ഗാല - സ്പെഷ്യല്‍ പ്രസന്‍റേഷന്‍സ് വിഭാഗങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട 63 ചിത്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ടു ചിത്രങ്ങള്‍ ഇടം പിടിച്ചു. പായല്‍ കപാഡിയ സം‌വിധാനം ചെയ്ത്, ഇക്കഴിഞ്ഞ കാന്‍ ചലച്ചിത്രമേളയിലെ ഗ്രാന്‍റ് പ്രീ പുരസ്ക്കാരം നേടിയ ആള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, റീമ കാഗ്‌തിയുടെ Sസൂപ്പര്‍ ബോയ്‌സ് ഒഫ് മലേഗാവ് എന്നിവയാണ്‌ ആ ചിത്രങ്ങള്‍. ആഗോളാടിസ്ഥാനത്തില്‍ ഏറ്റവും മികച്ചതെന്നു സംഘാടകര്‍ വിലയിരുത്തിയ ചിത്രങ്ങളാണ്‌ ഗാല - സ്പെഷ്യല്‍ പ്രസന്‍റേഷന്‍സ് വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കപ്പെടുന്നത്.

കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ വരുന്ന ആള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്‍റെ നിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്കൊപ്പമുള്ളത് ഫ്രാന്‍സ്, നെതര്‍ലന്‍‌ഡ്, ലക്സംബര്‍ഗ്, ഇറ്റലി എന്നീ യൂറോപ്യന്‍ രാജ്യങ്ങളാണ്‌. 115 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍‌വഹിച്ചിരിക്കുന്നത് രണബീര്‍ ദാസാണ്.

റീമ കാഗ്‌തി സം‌വിധാനം ചെയ്ത 'സൂപ്പര്‍ ബോയ്‌സ് ഓഫ് മലേഗാവ്' എന്ന ഹിന്ദി ചിത്രത്തില്‍ ആദര്‍ശ് ഗൗരവ്, വിനീത് കുമാര്‍ സിങ്, ശശാങ്ക് അറോറ എന്നിവര്‍ പ്രധാനവേഷങ്ങളിടുന്നു. മലേഗാവിലെ പുതുചലച്ചിത്രപ്രേമികളുടെ കഥ പറയുന്ന ഈ ചിത്രത്തിനു തിരക്കഥയൊരുക്കിയിരിക്കുന്നത് വരുണ്‍ ഗ്രോവര്‍ ആണ്‌. ഡേവിഡ് ക്രോനെന്‍ബര്‍ഗ്, ഴാക് ഓഡിയര്‍ഡ്, ആന്‍‌ജെലീന ജോളി, ജിയ കൊപ്പോള, മോര്‍ഗന്‍ നെവില്‍, കൊസീമ സ്‌പെന്‍‌ഡര്‍, ഉബേര്‍ട്ടോ പസൊലീനി, ഡേവിസ് ഗോര്‍ഡന്‍,മൈക്ക് ഫ്‌ലാനഗന്‍, വൂ മിന്‍ ഹോ തുടങ്ങിയ സം‌വിധായകരുടെ ചിത്രങ്ങളും പ്രധാന ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

indian-films-all-we-imagine-as-light-and-super-boys-of-malegaon-at-toronto-film-festival

സെപ്റ്റംബര്‍ അഞ്ചിനാരംഭിക്കുന്ന ചലച്ചിത്രമേളയില്‍ ഇനിയും മുന്നൂറിലധികം ചിത്രങ്ങളുടെ പേരുകള്‍ പുറത്തുവരാനുണ്ട്. ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നായി അഞ്ചുലക്ഷത്തോളം പ്രേക്ഷകരും രണ്ടായിരത്തിലധികം വോളന്‍റിയര്‍മാരും ആയിരത്തിയഞ്ഞൂറോളം മാധ്യമപ്രവര്‍ത്തകരും പങ്കെടുക്കുന്ന ടൊറോന്‍റോ മേള സെപ്‌റ്റംബര്‍ 15 ന്‌ അവസാനിക്കും.

English Summary:

Indian Films 'All We Imagine as Light' and 'Super Boys of Malegaon' at Toronto Film Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com