സംവാദത്തിന് മുൻപ് ആവശ്യങ്ങളുമായി ട്രംപും കമലയും
Mail This Article
ഹൂസ്റ്റണ്‍∙ ഒരു സംവാദത്തിലെ മോശം പ്രകടനമാണ് നിലവിലെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ സ്ഥാനാർഥി മോഹങ്ങൾക്ക് തിരിച്ചടിയായി മാറിയത്. സ്ഥാനാർഥിത്വത്തിൽ പാർട്ടിയിൽ എതിർപ്പ് ഉയർന്നതോടെയാണ് ബൈഡൻ മാറി നിൽക്കേണ്ടി വന്നത്. അന്ന് മികച്ച പ്രകടനം കാഴ്ച്ചവച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് സംവാദത്തിന്‍റെ പ്രാധാന്യം മറ്റാരും പറഞ്ഞു കൊടുക്കേണ്ടതില്ല.
എബിസി നെറ്റ്‌വര്‍ക്ക് സംഘടിപ്പിക്കുന്ന സംവാദത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്ന 'കണ്‍ഫ്യൂഷനി'ലാണ് ട്രംപ് എന്നാണ് സൂചന. ഒന്നാമത് എബിസി നെറ്റ്‌വർക്കുമായി ട്രംപ് അത്ര നല്ല ബന്ധത്തിൽ അല്ല. ഈ വിഷയത്തിൽ ഡോണൾഡ് ട്രംപിന്‍റെയും വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെയും പ്രചാരണ സംഘങ്ങള്‍ കടുത്ത ഏറ്റുമുട്ടലിലാണ്. മൈക്ക് മുഴുവന്‍ സമയവും ഓണ്‍ ആക്കി വയ്ക്കണമെന്ന് കമലയുടെ ടീം പറയുമ്പോള്‍ ആദ്യ സംവാദത്തിന്‍റെ നിയമങ്ങള്‍ അതേപടി തുടരണമെന്ന് ട്രംപ് ടീമും വാദിക്കുന്നു.
എബിസി നെറ്റ്‌വര്‍ക്ക് പക്ഷപാതപരമാണെന്ന് വാദിക്കുന്ന ട്രംപ് സംഘം സംവാദത്തിനില്ലെന്ന് സൂചനയാണ് നല്‍കുന്നത്. 'ഞാന്‍ എന്തിന് കമല ഹാരിസിനെതിരെ എബിസി നെറ്റ്‌വര്‍ക്കില്‍ ഡിബേറ്റ് നടത്തണം?' ട്രംപ് സമൂഹ മാധ്യമത്തിൽ പറഞ്ഞു.
കഴിഞ്ഞ മാസം പ്രസിഡന്‍റ് ജോ ബൈഡന്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷമാണ് കമല ഹാരിസ് ഡെമോക്രാറ്റിക് സ്ഥാനാർഥിത്വം ഉറപ്പിച്ചത്. ബൈഡനും ട്രംപും എബിസി ന്യൂസ് ആതിഥേയത്വം വഹിക്കുന്ന സെപ്റ്റംബര്‍ 10 സംവാദത്തിന് തയാറാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. തന്‍റെ പ്രചാരണം കാര്യക്ഷമമാക്കുന്നതിന് ഏര്‍ലി ഡിബേറ്റുകള്‍ ഗുണം ചെയ്യും എന്നായിരുന്നു ബൈഡന്‍റെ ചിന്ത. എന്നാല്‍ ജൂണ്‍ 27 ന് നടന്ന മുഖാമുഖം ബൈഡന്‍റെ സ്ഥാനാർഥിത്വത്തിന് തന്നെ തിരിച്ചടിയായി മാറി.