ADVERTISEMENT

ജിദ്ദ ∙ ആടു ജീവിതം എന്ന സിനിമയിൽ അഭിനയിച്ചതിൽ ഖേദിക്കുന്നുവെന്നും സൗദി സമൂഹത്തോട് മാപ്പു പറയുന്നതായും ജോർദാനി നടൻ ആകിഫ് നജം. സൗദി അറേബ്യയെയും അവിടുത്തെ അന്തസ്സുറ്റ ജനങ്ങളെയും മികച്ച അവസ്ഥയില്‍ കാണിക്കാനുള്ള ആഗ്രഹത്താലാണ് സിനിമയിൽ അഭിനയിച്ചത്. എന്നാൽ സിനിമ പുറത്തുവന്നതോടെയാണ് യഥാർത്ഥ കഥ അറിഞ്ഞത്.

സൗദികളുടെ ധീരതയും മനുഷ്യത്വവും പ്രതിഫലിപ്പിക്കുന്ന കഥാപാത്രമായതിനാലാണ് ആ വേഷം ചെയ്യാന്‍ താന്‍ സമ്മതിച്ചത്. തിരക്കഥ പൂര്‍ണമായും താന്‍ വായിച്ചിരുന്നില്ല. മറ്റുള്ളവരെ പോലെ സിനിമ കണ്ടപ്പോഴാണ് സിനിമയിലെ സൗദി വിരുദ്ധത മനസിലായത്. സിനിമയുടെ കഥയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അറിഞ്ഞിരുന്നെങ്കില്‍ ഒരു സാഹചര്യത്തിലും അഭിനയിക്കുമായിരുന്നില്ല. ജോര്‍ദാന്‍ ജനതക്ക് സൗദി ഭരണാധികാരികളുമായും ജനങ്ങളുമായും സാഹോദര്യ, കുടുംബബന്ധങ്ങളുമുണ്ട്. ആടുജീവിതത്തില്‍ വേഷമിട്ടതിന് സൗദി ജനതയോട് ക്ഷമാപണം നടത്തുന്നതായും ആകിഫ് നജം പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ആടുജീവിതം സിനിമയില്‍ വേഷമിട്ടതില്‍ ഖേദിക്കുന്നില്ലെന്ന് ഒമാനി നടന്‍ താലിബ് അല്‍ബലൂഷി ആവർത്തിച്ചു. തനിക്ക് സൗദി അറേബ്യ വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആടുജീവിതം എന്ന സിനിമ മഹത്തരവും മനോഹരവുമാണെന്ന് ഒമാനിലെ ഹലാ എഫ്.എം റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ താലിബ് അല്‍ബലൂശി പറഞ്ഞു. രാജ്യാന്തര തലത്തിൽ അറിയപ്പെടുന്ന നടനായി മാറാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

എല്ലാ താരങ്ങളും അങ്ങിനെ തന്നെയാണ്. താലിബ് അല്‍ബലൂഷി ആടുജീവിതത്തില്‍ അപകീര്‍ത്തിപരമായ വേഷത്തില്‍ അഭിനയിച്ചതിനെ വിമര്‍ശിച്ച് നിരവധി രംഗത്തെത്തിരുന്നു. എന്നാല്‍ ചിലര്‍ അദ്ദേഹത്തെ പിന്തുണച്ചു. ഒരു നടനെന്ന നിലയില്‍ തന്റെ ജോലിയുടെ ഭാഗമായ കടമയാണ് താലിബ് അല്‍ബലൂഷി നിര്‍വഹിച്ചതെന്ന് ഇവര്‍ പറഞ്ഞു.

English Summary:

Jordanian Actor Apologizes to Saudi People for Acting in Aadujeevitham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com