ADVERTISEMENT

ഹൂസ്റ്റണ്‍∙  മുന്‍ സെനറ്റര്‍ തുളസി ഗബ്ബാര്‍‍‍ഡ് വാദിക്കുന്നത് ഡോണൾഡ് ട്രംപ് വീണ്ടും പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ യുഎസ് രക്ഷപ്പെടുന്നത് വരാനിരിക്കുന്ന യുദ്ധത്തില്‍ നിന്നായിരിക്കും എന്നാണ്. ട്രംപിനല്ലാതെ മറ്റൊരു നേതാവിന് യുഎസിനെ യുദ്ധത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയില്ലെന്നാണ് തുളസിയുടെ വാദം. എന്തായാലും കടുത്ത പോരാട്ടത്തില്‍ മുന്‍ ഡെമോക്രാറ്റ് കൂടിയായ തുളസിയുടെ പിന്തുണ ട്രംപിന് വലിയ ആത്മവിശ്വാസമാണ് പകരുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

മുന്‍ ഡെമോക്രാറ്റിക് നേതാവ് കൂടിയായ തുളസി ഗബ്ബാര്‍ഡ് ഡിട്രോയിറ്റ‌ിൽ വച്ചാണ് റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ ഔദ്യോഗികമായി അംഗീകരിച്ചു രംഗത്തു വന്നത്.  ട്രംപ് രാജ്യത്തെ യുദ്ധത്തിന്‍റെ വക്കില്‍ നിന്ന് തിരികെ കൊണ്ടുവരുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് അവര്‍ ജനക്കൂട്ടത്തോടു പറഞ്ഞു. മുന്‍ സ്വതന്ത്ര സ്ഥാനാർഥി ആര്‍എഫ് കെന്നഡി ജൂനിയറിന്‍റെ പിന്തുണ ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഡോണൾഡ് ട്രംപിന് തുളസിയുടെ കൂടി അംഗീകാരം ലഭിക്കുന്നത്. 

2013 മുതല്‍ 2021 വരെ ഹവായിയിലെ രണ്ടാം കോണ്‍ഗ്രസ് ഡിസ്ട്രിക്റ്റിന്‍റെ ഡെമോക്രാറ്റിക് പ്രതിനിധിയായി തുളസി ഗബ്ബാര്‍ഡ് സേവനമനുഷ്ഠിച്ചിരുന്നു. തുടര്‍ന്ന് 2022ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി. ഡെമോക്രാറ്റുകളുമായുള്ള അവരുടെ അഭിപ്രായവ്യത്യാസത്തിന് കാരണം തന്നെ അവര്‍ പാര്‍ട്ടി നേതൃത്വത്തെ യുദ്ധം ചെയ്യുന്നവരുടെ ഒരു ഉന്നത സംഘമെന്നു വിശേഷിപ്പിച്ചതാണ്. 

2019 ലെ ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ പ്രൈമറിയില്‍ കമലാ ഹാരിസിനെതിരെ തുളസി ഗബ്ബാര്‍ഡ് മത്സരിച്ചതും ട്രംപിന് ആയുധമാണ്.  ഡോണൾഡ് ട്രംപ് തുളസിയെ സ്വാഗതം ചെയ്തു.ട്രംപിനെ കമാന്‍ഡർ ഇന്‍ചീഫായി വൈറ്റ് ഹൗസിലേക്ക് തിരികെ എത്തിക്കാൻ തന്നാലാവുന്നതെല്ലാം ചെയ്യാന്‍ താന്‍ പ്രതിജ്ഞാബദ്ധയാണെന്ന് തുളസി പറഞ്ഞു. കാരണം അമേരിക്കയെ യുദ്ധത്തിന്‍റെ വക്കില്‍ നിന്ന് തിരികെ കൊണ്ടുപോകുക എന്നതാണ് അദ്ദേഹത്തിന്‍റെ ആദ്യ ദൗത്യം. 'സമാധാനത്തിലല്ലാതെ നമുക്ക് അഭിവൃദ്ധി പ്രാപിക്കാനാവില്ല, രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രതികാരം ചെയ്യുകയും നമ്മുടെ പൗരാവകാശങ്ങളെ തുരങ്കം വയ്ക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍ ഉള്ളിടത്തോളം കാലം നമുക്ക് സ്വതന്ത്രരാകാന്‍ കഴിയില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി കമല ഹാരിസ് ഇത് ചെയ്തിട്ടുണ്ട്. അവര്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇത് ഇനിയും ചെയ്യാന്‍ മടിക്കില്ലെന്നും  തുളസി കൂട്ടിച്ചേർത്തു.

English Summary:

First Kennedy Jr., now Tulsi Gabbard; Celebrities in support of Trump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com