ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യശാലികളായി മലയാളികൾ; എട്ടര കോടി രൂപ സമ്മാനം
Mail This Article
ദുബായ് ∙ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ ആൻഡ് ഫൈനെസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ മലയാളിക്കൂട്ടത്തിന് എട്ടര കോടിയോളം രൂപ(10 ലക്ഷം ഡോളർ) സമ്മാനം. ഷാർജയില്‍ താമസിക്കുന്ന ആസിഫ് മതിലകത്ത് അസീസി(41)നും ഇദ്ദേഹത്തിന്‍റെ 9 സഹപ്രവർത്തകർക്കുമാണ് സമ്മാനം ലഭിച്ചത്. ദുബായ് രാജ്യാന്തര വിമാനത്താവളം കോൺകോർസ് ബിയിൽ നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ ആൻഡ് ഫൈനെസ്റ്റ് സർപ്രൈസ് ഏറ്റവും പുതിയ നറുക്കെടുപ്പിലാണ് മലയാളികളുടെ ജീവിതം മാറിമറിഞ്ഞത്.
കഴിഞ്ഞ 14 വർഷമായി ഷാർജയിൽ സ്ഥിരതാമസിക്കുന്ന ആസിഫ് മതിലകത്തിന്‍റെ പേരിലെടുത്ത സീരീസ് 471ലെ 4909 നമ്പർ ടിക്കറ്റാണ് സമ്മാനം നേടിക്കൊടുത്തത്. ഈ മാസം 2-ന് ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തിൽ നിന്നാണ് ആസിഫ് മതിലകത്ത് ടിക്കറ്റ് വാങ്ങിയത്. ഇവർ കഴിഞ്ഞ 10 വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനിൽ പങ്കെടുക്കുന്നു. ഈ സമ്മാനം എല്ലാവരുടെയും ജീവിതത്തെ മാറ്റിമറിക്കുന്നതാണെന്ന് ആസിഫ് മതിലകത്ത് പറഞ്ഞു. ഒരു നിർമാണ കമ്പനിയുടെ സെയിൽസ് മാർക്കറ്റിങ് വിഭാഗത്തിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ഭാര്യയും ഒരു കുട്ടിയുമുണ്ട്.
1999-ൽ ആരംഭിച്ച മില്ലേനിയം മില്യനയർ പ്രമോഷൻ നേടിയ 234-ാമത്തെ ഇന്ത്യക്കാരനാണ് ആസിഫ് മതിലകത്ത്. ദുബായ് ഡ്യൂട്ടി ഫ്രീ നറിക്കെടുപ്പിൽ ഏറ്റവും കൂടുതൽ പങ്കെടുക്കുന്നവരും വിജയികളും ഇന്ത്യക്കാരാണ്. മില്ലേനിയം മില്യനയർ നറുക്കെടുപ്പിന് ശേഷം ആഡംബര കാറിനുള്ള മികച്ച സർപ്രൈസ് നറുക്കെടുപ്പും നടത്തി.