2015ന് ശേഷം ആദ്യ 'ട്രിപ്പിൾ ഇ' വൈറസ് കേസ് റിപ്പോർട്ട് ചെയ്ത് ന്യൂയോർക്ക്
Mail This Article
ന്യൂയോർക്ക് ∙ 2015 ന് ശേഷം ആദ്യ 'ട്രിപ്പിൾ ഇ' വൈറസ് കേസ് റിപ്പോർട്ട് ചെയ്ത് ന്യൂയോർക്ക്. അൾസ്റ്റർ കൗണ്ടിയിലാണ് കൊതുകു പരത്തുന്ന ഈസ്റ്റേൺ ഇക്വീൻ എൻസെഫലൈറ്റിസ് എന്ന അപൂർവ വൈറസ് കണ്ടെത്തിയതായി ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് വെള്ളിയാഴ്ച അറിയിച്ചത്.
രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. കൊതുക് പരത്തുന്ന മാരകമായ രോഗമാണ് 'ട്രിപ്പിൾ ഇ' വൈറസ്. വാക്സീൻ ഇല്ലാത്ത രോഗമാണിതെന്നും ജാഗ്രത പാലിക്കണമെന്നും ന്യൂയോർക്ക് സ്റ്റേറ്റ് ഹെൽത്ത് കമ്മിഷണർ ഡോ. ജെയിംസ് മക്ഡോണൾഡ് പറഞ്ഞു. 2003നും 2023നും ഇടയിൽ 79 മരണങ്ങൾ ഉൾപ്പെടെ 196 ഇഇഇ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
ഇഇഇ വൈറസ് കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുകയും തലച്ചോറിന്റെ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നു. ഇഇഇ ബാധിച്ചവരിൽ ഭൂരിഭാഗവും രോഗലക്ഷണങ്ങൾ കാണിക്കണമെന്നില്ല. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അനുസരിച്ച് പനി, തലവേദന, ഛർദ്ദി, വയറിളക്കം, അപസ്മാരം, മയക്കം എന്നിവ രോഗലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.