ചരിത്രമെഴുതി ക്ലൗഡിയ; മെക്സിക്കോയുടെ പ്രഥമ വനിതാ പ്രസിഡന്റായി ചുമതലയേറ്റു
Mail This Article
മെക്സിക്കോ ∙ മെക്‌സിക്കോയിൽ ചരിത്രമെഴുതി ക്ലൗഡിയ ഷെയ്ൻബോം (62) രാജ്യത്തെ പ്രഥമ വനിതാ പ്രസിഡന്‍റ് ആയി ചുമതലയേറ്റു. രാജ്യത്തിന്‍റെ 66-ാമത് പ്രസിഡന്‍റായിട്ടാണ് ക്ലൗഡിയ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. റോമൻ കത്തോലിക്കർക്ക് ഭൂരിപക്ഷമുള്ള രാജ്യത്ത് ഇതാദ്യമായിട്ടാണ് ജൂത മതത്തിൽപ്പെട്ട ഒരാൾ പ്രസിഡന്‍റാകുന്നത്. മെക്സിക്കോയിലെ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ച് 70 വർഷങ്ങൾക്ക് ശേഷമാണ് ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്.
ആക്ടിവിസ്റ്റ് എന്ന നിലയിൽ ശ്രദ്ധ നേടിയിട്ടുള്ള ക്ലൗഡിയ മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിലെ ആദ്യത്തെ വനിതാ മേയർ കൂടിയാണ്. തന്‍റെ മുൻഗാമിയും രാഷ്ട്രീയ ഉപദേഷ്ടാവുമായ പ്രസിഡന്‍റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന്‍റെ പിന്തുണയോടെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കഴിഞ്ഞ വർഷം മേയർ സ്ഥാനത്തുനിന്നും ക്ലോഡിയ രാജിവച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യമാണെങ്കിലും രാജ്യത്തെ പാവപ്പെട്ടവർക്കായുള്ള സാമൂഹ്യക്ഷേമ പദ്ധതികൾ തുടരുമെന്ന് ക്ലൗഡിയ വാഗ്ദാനം ചെയ്തിട്ടുണ്ട്. ലഹരിമരുന്നുമായി ബന്ധപ്പെട്ട് കുലിയാക്കൻ നഗരത്തിലെ അക്രമം നിയന്ത്രിക്കുന്നതിനുള്ള പരിഹാരം കണ്ടെത്തിയ മേയറായിരുന്നു ക്ലൗഡിയ. പ്രസിഡന്‍റ് പദവിയിൽ ക്ലൗഡിയ എത്തിയതോടെ ലഹരിമരുന്ന് മാഫിയ്ക്ക് എതിരെയുള്ള പോരാട്ടത്തിനും ശക്തമായ നേതൃത്വം നൽകുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നത്. പൊലീസ് സേനയെ ശക്തിപ്പെടുത്തുന്നതിനും ജുഡീഷ്യറിയിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതിനും പുതിയ പ്രസിഡന്‍റ് തീരുമാനം എടുത്തേക്കും.