ADVERTISEMENT

ന്യൂയോർക്ക് ∙ ഫൊക്കാന പൊളിറ്റിക്കൽ ഫോറം രൂപീകരിച്ചു. യുവതലമുറയെ അമേരിക്കൻ, കനേഡിയൻ  രാഷ്ട്രീയത്തിലേക്ക് കൈ പിടിച്ചു ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫൊക്കാന പൊളിറ്റിക്കൽ ഫോറം രൂപീകരിച്ചത്. യുവ തലമുറയെ  വാർത്തെടുക്കുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യമെന്ന് പ്രസിഡന്‍റ് സജിമോൻ ആന്‍റണി അറിയിച്ചു.

ഫൊക്കാന പൊളിറ്റിക്കൽ ഫോറം ചെയർ ആയി ഡോ. ആനി പോള്‍, വൈസ്  ചെയർസായ അജിത് കൊച്ചൂസ്,  ബിജു ജോർജ് എന്നിവരെ തിരഞ്ഞെടുത്തു. ഇവരുടെ നേതൃത്വത്തിൽ അമേരിക്കൻ - കനേഡിയൻ രാഷ്ട്രീയ മേഖലകളിൽ നിരവധി പ്രതിഭകളെ സമ്മാനിക്കാൻ കഴിയുമെന്ന് ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചാക്കപ്പൻ, എക്സിക്യൂട്ടീവ് ടീം എന്നിവർ അറിയിച്ചു.

റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേച്ചറായി തുടർച്ചയായി  നാലു തവണ  തിരഞ്ഞെടുക്കപ്പെട്ട ഡോ. ആനി പോള്‍  ഇപ്പോൾ റോക്‌ലാൻഡ്  കൗണ്ടി ലെജിസ്ലേറ്ററിലെ വൈസ് ചെയറായും പ്രവർത്തിക്കുന്നു. 1982-ലാണ് ഡോ ആനി പോൾ അമേരിക്കയിലെത്തുന്നത്. ബ്രൂക്ക്ലിനിലെ സെന്‍റ് ജോസഫ്സ് കോളജിൽ നിന്ന് ഹെൽത്ത് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടി. ന്യൂയോർക്ക് മെഡിക്കൽ കോളജിൽ നിന്ന് പബ്ലിക്  ഹെൽത്തിൽ മാസ്റ്റർ ബിരുദവും (എംപിഎച്ച്),  ന്യൂയോർക്ക് സിറ്റി സർവകലാശാലയിൽ നിന്ന് നഴ്സിങ്ങിൽ ബിരുദാനന്തര ബിരുദവും (എംഎസ്എൻ) പീഡിയാട്രിക് നഴ്സ് പ്രാക്ടീഷനർ (പിഎൻപി) ബിരുദവും നേടി. അടുത്ത കാലത്ത് നഴ്സിങ് പ്രാക്ടീസിൽ ഡോക്ടർ ബിരുദവും (ഡിഎൻപി ) നേടി. ന്യൂയോർക്കിലെ ഡൊമിനിക്കൻ  കോളജ് ഉൾപ്പെടെ വിവിധ കോളജുകളിൽ അഡ്ജംക്ട് പ്രഫസറായും പ്രവർത്തിച്ചു. നയാക്ക് കോളജിലെ ഉപദേശക സമിതി അംഗം കൂടിയാണ് ലെജിസ്ലേറ്റർ ആനി പോൾ.

ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസിന്‍റെ ഇന്ത്യൻ കമ്മ്യൂണിറ്റി ലയസൺ മെമ്പറായി പ്രവർത്തിക്കുന്ന വ്യക്തിയാണ് അജിത് കൊച്ചൂസ്. എൻയുഎംസി. ഡയറക്ടർ ബോർഡ് അംഗം കൂടിയാണ്. ചരിത്രത്തിൽ ആദ്യമായാണ് സൗത്ത് ഇന്ത്യൻ വംശജന് ഈ പദവി ലഭിക്കുന്നത്. കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക മുൻ പ്രസിഡന്‍റുമായിരുന്നു അജിത് കൊച്ചൂസ്.  ഫോമാ സിവിൽ ആൻഡ് പൊളിറ്റിക്കൽ ഫോറം ചെയർമാനായും പ്രവർത്തിച്ചിട്ടുള്ള  അദ്ദേഹം, മാസ്സപ്പെക്വ  സെന്‍റ്  പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് പള്ളി സെക്രട്ടറി, ഫോമാ യൂത്ത് ഫോറം നാഷനൽ ചെയർമാൻ എന്നീ പദവികളിലും കഴിഞ്ഞ പല വർഷങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ 18  വർഷമായി ന്യൂയോർക്ക് സിറ്റി ഗവൺമെന്‍റ് ഐടി ഡിപ്പാർട്മെന്‍റിൽ പേറോൾ ആൻഡ് അഡ്മിനിസ്ട്രേഷനിൽ ഡയറക്ടർ ആയി ജോലി ചെയ്യുകയാണ്.  മുവാറ്റുപുഴ സ്വദേശിയായ അജിത് കുടുംബസമേതം ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിൽ ആണ് താമസം. ഭാര്യ ജയാ വർഗ്ഗീസ് ലോങ്ങ് ഐലൻഡിലെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരിയാണ്. അജിത്-ജയാ ദമ്പതികൾക്ക് അലൻ, ഇസബെൽ, റയാൻ എന്നിവരാണ് മക്കൾ. അലൻ  കൊച്ചൂസ്  ഫൊക്കാനയുടെ യൂത്ത് ടീമിനെ നയിക്കുന്ന നാഷനൽ കമ്മിറ്റി അംഗമാണ്. 

കാനഡയിലെ സാമൂഹിക-സാംസ്കാരിക - രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ബിജു ജോർജ് ഇന്ത്യൻ അസോസിയേഷന്‍റെ മുൻ പ്രസിഡന്‍റ് കൂടിയാണ്.  കാനഡ പർലമെന്‍റിൽ  മലയാളികളുടെ  ഉത്സവമായ ഓണം ആഘോഷിക്കുന്നത്  ബിജു ജോർജിന്‍റെ നേതൃത്വത്തിലാണ് കാനഡ പർലമെന്‍റിലെ ഓണാഘോഷം. പത്തനംതിട്ട, ഓമല്ലൂർ സ്വദേശിയായ ബിജു ജോർജ് എഴുത്തുകാരനും കവിയുമാണ്.  റെസ്റ്ററന്‍റ് ബിസിനെസിലും, റിയൽ എസ്റ്റേറ്റിലും പ്രവർത്തിച്ചിരുന്ന അദ്ദേഹം നിരവധി സിനിമകളും നിർമിച്ചിട്ടുണ്ട്‌. ഭാര്യ ബീന ജോർജ്. മകൾ അനിത ജോർജ് ഫൊക്കാന യൂത്ത് നാഷനൽ കമ്മിറ്റി അംഗമാണ്.

English Summary:

FOKANA Political Forum Elected Officials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com