ഫാ. ജോസ് ദാനിയേൽ പൈറ്റേൽ കോർഎപ്പിസ്കോപ്പായി 24 ന് സ്ഥാനമേൽക്കും
Mail This Article
ഫിലഡൽഫിയ∙ നോർത്ത് അമേരിക്കൻ സിറിയൻ ഓർത്തഡോക്സ് അതിഭദ്രാസനത്തിലെ സീനിയർ വൈദീകനായ റവ.ഫാ.ജോസ് ദാനിയേൽ പൈറ്റേൽ (68) കോർഎപ്പിസ്കോപ്പായി 24 ന് സ്ഥാനമേൽക്കും. ഫിലഡൽഫിയ സെന്‍റ് പീറ്റേഴ്സ് കത്തീഡ്രലിൽ നടക്കുന്ന ചടങ്ങിൽ ആർച്ച് ബിഷപ് യെൽദോ മാർ തീത്തോസിൽ നിന്നാണ് ഫാ.ജോസ് ദാനിയേൽ പൈറ്റേൽ കോർഎപ്പിസ്കോപ്പായി ചുമതലയേൽക്കുക. അമേരിക്കൻ അതിഭദ്രാസനത്തിലെ വിവിധ ഭക്തസംഘടനകളുടെ വൈസ് പ്രസിഡന്‍റ് സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.
കായംകുളം കാദീശാ യാക്കോബായ പള്ളി ഇടവകാംഗമായ ഫാ.ജോസ് ദാനിയേൽ പൈറ്റേൽ, പൈറ്റേൽ കോശി ദാനിയേലിന്‍റെയും, എലീസബേത്തിന്‍റെയും മകനാണ്. കുര്യാക്കോസ് മാർ കൂറീലോസ് മെത്രാപ്പൊലീത്തായിൽ നിന്നും കശീശാപട്ടമേറ്റ ഫാ.ജോസ് ദാനിയേൽ പൈറ്റേൽ കൂറീലോസ് മെത്രാപ്പൊലീത്തയുടെ ആജീവനാന്ത സെക്രട്ടറിയായിരുന്നു.
സെന്‍റ് ജേക്കബ് ദസ്റൂഗ്സ്കൂൾ ഓഫ് സിറിയകിന്‍റെ പ്രധാന അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. വൈദിക വിദ്യാർത്ഥികളേയും, സ്കൂൾ കലാലയ വിദ്യാർഥികളെയും സുറിയാനിയും ആരാധനകളും അഭ്യസിപ്പിക്കുന്നു. സുറിയാനി ഭാഷ എല്ലാ വിശ്വാസികൾക്കും അഭ്യസിക്കുവാൻ കഴിയുന്ന ഒരു സംരംഭമായാണ് ഈ സ്കൂൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.
മലങ്കര മല്പാൻ കണിയാമ്പാറമ്പിൽ കുര്യൻ ആർച്ച് കോർ എപ്പിസ്കോപ്പയോടൊപ്പം ചേർന്നു വിശുദ്ധ ഗ്രന്ഥത്തിന്‍റെ സമ്പൂർണ്ണ കയ്യെഴുത്തും പ്രൂഫ് പരിശോധനയും നിർവ്വഹിച്ചിട്ടുള്ള ഫാ.ജോസ് ദാനിയേൽ പൈറ്റേൽ, സിറിയൻ ഓർത്തഡോക്സ് ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സെക്രട്ടറിയാണ്.
സഭാസംബന്ധമായ വി.കുർബ്ബാന തക്സാ,ആരാധനാ ഗ്രന്ഥങ്ങൾ, ക്രൈസ്തവവിശ്വാസസംബന്ധമായ ഗ്രന്ഥങ്ങൾ എന്നിവയുടെ പരിശോധനയും എഡിറ്റിങ്ങും നിർവഹിക്കുന്ന വ്യക്തിയാണ് ഫാ.ജോസ് ദാനിയേൽ പൈറ്റേൽ. ഭാര്യ: ബാസ്ക്യോമോ മോളിക്കുട്ടി (നിരണം പുലുവിച്ചേരിൽ കുടുംബാഗമാണ്). മക്കൾ: ശൈനോ, ഗബ്യോ.