വല്ലാത്ത ക്ഷീണമുണ്ടോ? ഉന്മേഷം വീണ്ടെടുക്കാം മേരുവക്രാസനത്തിലൂടെ...
Mail This Article
മേരുവക്രാസനം ചെയ്യുന്ന വിധം
കാലുകൾ രണ്ടും നീട്ടിവച്ചു മലർന്നു കിടക്കുക. അതോടൊപ്പം ഇരുകൈകളുടെയും വിരലുകൾ കോർത്തുപിടിച്ച് കഴുത്തിനടിയിൽ വയ്ക്കുക. കൈമുട്ടുകളും തോളുകളും തറയിൽ പതിച്ചു വയ്ക്കുകയും വേണം. ഇനി കാലുകൾ രണ്ടും മുട്ടുകൾ മടക്കി കാൽപ്പാദങ്ങൾ തറയിൽ ഉറപ്പിച്ചു കുത്തുക. കാലുകൾ രണ്ടും ചേർന്നും ഉപ്പൂറ്റികൾ പൃഷ്ഠഭാഗത്തോടു ചേർന്നും ഇരിക്കേണ്ടതാണ്. ഈ അവസ്ഥയിൽ സാവധാനം ശ്വാസമെടുക്കുകയും ശ്വാസം വിട്ടുകൊണ്ട് കാലുകൾ രണ്ടും വലത്തേക്കു ചെരിച്ച് തറയിൽ പതിച്ചു വയ്ക്കുക. വീണ്ടും ശ്വാസമമെടുത്തു കൊണ്ട് നിവർന്നു വരികയും ശ്വാസം വിട്ടുകൊണ്ട് ഇടതുവശത്തേക്കും ചെരിക്കുക. ഇതേപോലെ ഇരുവശങ്ങളിലേക്കും മാറിമാറി പത്തോ പതിനാറോ തവണ ആവർത്തിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ കൈകൾ തറയിൽ നിന്നുയരുകയോ തല ചെരിയുകയോ ചെയ്യരുത്.
ഗുണങ്ങൾ
നട്ടെല്ലിനു ഇരുവശങ്ങളിലേക്കുമുള്ള അയവും പിരിച്ചിലും കിട്ടുന്നു. കഴുത്തിന്റെ കശേരുക്കൾ ദൃഢമാകുന്നു. അരക്കെട്ടിലെയും പുറത്തെയും കശേരുക്കളെയും നാഡീഞരമ്പുകളെയും ശക്തങ്ങളാക്കുന്നു. നട്ടെല്ലിന്റെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കുന്നതു മൂലം ഉന്മേഷവും ഊർജസ്വലതയും കൈവരുന്നു. ശരീരത്തിനു നല്ല രക്തപ്രസരണം കിട്ടുന്നതു മൂലം അലസത കുറയുന്നു. അതോടൊപ്പം ആത്മവിശ്വാസം കൈവരുന്നു