‘മോനെ അവർ ഞങ്ങളുടെയും മക്കളാണ്’ ശൈലജ ടീച്ചറുടെ സ്നേഹം ഒാർത്തെടുത്ത് ലിനിയുടെ ഭർത്താവ്
![nipah sajeesh puthur shailaja teacher nipah sajeesh puthur shailaja teacher](https://img-mm.manoramaonline.com/content/dam/mm/mo/health/health-news/images/2019/5/9/shailaja.jpg?w=1120&h=583)
Mail This Article
അനിയത്തിക്കു ജനിച്ച കുഞ്ഞിന് ഹൃദയവാൽവിനു തകരാറുണ്ടെന്നും കുഞ്ഞിന്റെ ജീവൻ അപകത്തിലാണെന്നു പറഞ്ഞ് സഹായമഭ്യർഥിച്ച യുവാവിന് ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തി കൈയടി നേടിയിരിക്കുകയാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. സൈബർലോകം ഒന്നാകെ മന്ത്രിയുടെ ഈ പ്രവർത്തനത്തെ അഭിനന്ദിക്കുന്നുണ്ട്. ഇതിനിടയിൽ നിപ്പ വൈറസ് പിടിപെട്ട കാലത്ത് താൻ നേരിട്ട് അനുഭവിച്ച സ്നേഹത്തെയും കരുതലിനെയും കുറിച്ച് ലിനിയുടെ ഭർത്താവ് സജീഷ് പറയുന്നു. സജീഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം.
ഒരു പാട് ഇഷ്ടം❤️ K K Shailaja Teacher
ടീച്ചർ അമ്മ....
നമ്മൾ ചിന്തിക്കുന്നതിനു മുൻപെ കാര്യങ്ങൾ മനസ്സിലാക്കാനും അത് നടപ്പിലാക്കാനും ഉളള ടീച്ചറുടെ മനസ്സും കഴിവും അഭിന്ദിക്കേണ്ടത് തന്നെ ആണ്.
നിപ കാലത്ത് റിതുലിനും സിദ്ധാർത്ഥിനും രാത്രി ഒരു ചെറിയ പനി വന്ന് ഞങ്ങൾ ഒക്കെ വളരെ പേടിയോടെ പകച്ചു നിന്നപ്പോൾ ടീച്ചറുടെ പ്രത്യേക നിർദ്ദേശ പ്രകാരം അവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഐസോലോഷൻ വാർഡിലേക്ക് മാറ്റുകയുണ്ടായി. രവിലെ ആകുമ്പോഴേക്കും അവരുടെ പനി മാറിയിരുന്നു. പക്ഷേ അന്നത്തെ സമൂഹ മാധ്യമങ്ങളിലും പത്രങ്ങളിലും ഒക്കെ ലിനിയുടെ മക്കൾക്കും നിപ ബാധിച്ചു എന്ന പേടിപ്പെടുത്തുന്ന വാർത്ത ആയിരുന്നു. ഈ ഒരു അവസരത്തിൽ മക്കൾക്ക് പനി മാറിയതിനാൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് തരണമെന്ന് അവശ്യപ്പെട്ടു. അന്ന് എന്നെ ടീച്ചർ വിളിച്ച് പറഞ്ഞ കാര്യങ്ങൾ ഒരിക്കലും മറക്കില്ല
ടീച്ചറുടെ വാക്കുകൾ " മോനെ, മക്കളുടെ പനി ഒക്കെ മാറിയിട്ടുണ്ട്. അവർ വളരെ സന്തോഷത്തോടെ ഇവിടെ കളിക്കുകയാണ്. എന്നാലും നാലു ദിവസത്തെ ഒബ്സർവേഷൻ കഴിഞ്ഞെ വിടാൻ കഴിയു. ലിനിയുടെ മക്കൾ ഞങ്ങളുടെയും മക്കളാണ്. അവർക്ക് ഇപ്പോ എവിടുന്ന് സംരക്ഷണം കിട്ടുന്നതിനെക്കാളും കരുതൽ ഞങ്ങൾ ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്"
ടീച്ചറുടെ ഈ സ്നേഹവും വാക്കും കരുതലും തന്നെയാണ് അന്ന് ഞങ്ങൾക്ക് കരുത്ത് ആയി നിന്നത്.
ഇന്നും ആ അമ്മയുടെ സ്നേഹം ഞങ്ങളോടൊപ്പം ഉണ്ട്