ADVERTISEMENT

എങ്ങനെ എഴുതണം? എന്തെഴുതണം? അറിയില്ല... എന്തെഴുതിയാലും ഒരു വാക്കിലോ ഒരു വാക്യത്തിലോ നിർവചിക്കാൻ കഴിയാത്ത മനുഷ്യത്വത്തിന്റെ, തന്മയീ ഭാവത്തിന്റെ മറ്റൊരു നിർവചനം ആണ് ഉമ്മൻചാണ്ടി സാർ. എംബിബിഎസ് പഠനകാലത്ത്, കെ എസ് യു രാഷ്ട്രീയത്തിൽ സജീവമായിരുന്ന സമയത്ത് അദ്ദേഹത്തെ നേരിൽ കാണുവാനോ സംസാരിക്കുവാനോ ഉള്ള അവസരം കിട്ടിയിട്ടില്ല. പിന്നീട് 2011- 12  കാലയളവിൽ ഉപരിപഠനത്തിനുള്ള പരിശീലനത്തിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളജിന് സമീപമുള്ള സെന്റ്മേരിസ് ലോഡ്ജിൽ താമസിക്കുന്ന സമയത്താണ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻചാണ്ടി സാറിനെ ആദ്യമായി കാണുന്നത്. മോചനയാത്രക്കിടെ ശാരീരിക ബുദ്ധിമുട്ട് നേരിട്ട അദ്ദേഹത്തെ പരിശോധിക്കുന്നതിനായി പ്രിയപ്പെട്ട ഷാജഹാൻ സാറിന്റെ(ഇന്ന് ആലപ്പുഴ മെഡിക്കൽ കോളജിലെ ശ്വാസ കോശ രോഗ വിഭാഗം അഡീഷണൽ പ്രൊഫസർ) നിർദ്ദേശപ്രകാരം അദ്ദേഹത്തോടൊപ്പം മൂലേടം ഗസ്റ്റ് ഹൗസിൽ അതിരാവിലെ എത്തിയപ്പോൾ ഞാൻ വളരെ അധികം സമ്മർദത്തിലായിരുന്നു. അത്രയധികം ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ഒരു വ്യക്തിയുടെ രക്തസമ്മർദവും നാഡീമിടിപ്പും നോക്കുന്നത് ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു എന്നതുതന്നെ കാരണം. 

 

പക്ഷേ വളരെയധികം സ്നേഹത്തോടെയും സൗമ്യഭാവത്തോടെയുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം എന്നെ ആശ്ചര്യപ്പെടുത്തി എന്നുള്ളതാണ് വാസ്തവം. പിന്നീട് മറ്റു പരിശോധനകൾ ചെയ്യേണ്ടതിന്റെ ആവശ്യകത ഷാജഹാൻ സാർ പറഞ്ഞപ്പോൾ അദ്ദേഹം ആദ്യം നിരസിച്ചു. കാരണം പിജി ഡോക്ടർമാരുടെ സമരം കാരണം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കുന്ന സമയത്ത് സാധാരണ ജനങ്ങൾ ബുദ്ധിമുട്ടും, പക്ഷേ പ്രോട്ടോകോൾ പ്രകാരം പ്രതിപക്ഷ നേതാവ് എന്ന  നിലയിൽ അദ്ദേത്തിന് ചികിത്സ ലഭിക്കുന്നു എന്നതിനെ കുറിച്ച് ഓർത്ത് ആയിരുന്നു. എങ്കിലും മറ്റ് സഹപ്രവർത്തകരുടെ സ്നേഹ ശകാരങ്ങൾക്ക് വഴങ്ങി എല്ലാം അനുസരിക്കുന്ന ഒരു കുട്ടിയായി അദ്ദേഹം മാറുന്നത് അത്ഭുതത്തോടെയാണ് ഞാനും ഷാജഹാൻ സാറും നോക്കി നിന്നത്. 

 

കേരളത്തിൽ എന്നല്ല ലോകത്തൊരിടത്തും ഇത്രയേറെ ഉന്നതമായ സ്ഥാനത്തിരിക്കുന്ന ഒരു നേതാവിന്റെയോ ഉദ്യോഗസ്ഥന്റെയോ നേർക്ക് അവരുടെ സുഹൃത്തുക്കളോ സഹപ്രവർത്തകരോ ഇപ്രകാരം പെരുമാറിയാൽ ഉണ്ടാകുന്ന വരും വരായ്‌കകൾ ഊഹിക്കാവുന്നതേ ഉള്ളൂ. അധികാര ഗർവിന്റെയും താൻ പോരിമയുടെയും സമകാലീന രാഷ്ട്രീയത്തിൽ "ഉമ്മൻചാണ്ടി" എന്ന മനുഷ്യൻ എങ്ങനെ വ്യത്യസ്തനാകുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ല. പിന്നീട് പലപ്പോഴും പ്രിയപ്പെട്ട ബിജു പുതുപ്പള്ളിയുടെ സഹായത്താൽ കാരോട്ടു വള്ളക്കാലിൽ വീട്ടിൽ പല ആവശ്യങ്ങൾക്കായി അദ്ദേഹത്തെ കാണുവാൻ.. ചിലപ്പോൾ വെറുതെ ഒന്നു കാണുവാൻ ഞാനും ഷാജഹാൻ സാറും പോകുമായിരുന്നു. 

 

അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് കൂടിക്കാഴ്ചകളുടെ ഇടവേളകൾ കൂടിക്കൂടി വന്നെങ്കിലും 2016ൽ എൻട്രൻസ് പരീക്ഷയുമായി ബന്ധപ്പെട്ട ഒരു നിവേദനം നൽകുവാൻ സുഹൃത്തുക്കളോടൊപ്പം ക്ലിഫ് ഹൗസിൽ എത്തിയ ഞാൻ ആൾക്കൂട്ടത്തിന് നടുവിൽ നിൽക്കുന്ന മുഖ്യമന്ത്രിയോട് ഒന്ന് സംസാരിക്കുവാൻ ആവത് ശ്രമിക്കുമ്പോൾ ഒരു നിമിത്തം പോലെ അദ്ദേഹം എന്നെ വിളിക്കുകയും ആ പ്രശ്നത്തിന് കൃത്യമായി പരിഹാരമുണ്ടാക്കുവാൻ അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ആർ കെ ബാലകൃഷ്ണനെ ചുമതലപ്പെടുത്തുകയും അത് വിജയം കാണുകയും ചെയ്തു. ആ ഒരു ഇടപെടലിലൂടെ ഉപരിപഠനം സാധ്യമായ എന്റെ പല സുഹൃത്തുക്കളും ആ സംഭവം ഓർക്കുന്നുണ്ടാകും. ഉപരിപഠനത്തിന്റെ ഭാഗമായി വെല്ലൂർ ആയിരുന്നപ്പോഴും കോവിഡ് കാലഘട്ടത്തിൽ ചെന്നൈയിലായിരുന്ന സമയത്തും പലരുടെയും ആവശ്യങ്ങൾക്കായി വിളിക്കുമ്പോൾ ഒരു വിളിപ്പുത്ത് ഉമ്മൻചാണ്ടി സാർ ഉണ്ടായിരുന്നു. 

 

ഏതുസമയത്തും എപ്പോഴും ധൈര്യത്തോടുകൂടി ആർക്കും സമീപിക്കാൻ കഴിയുന്ന ഒരു മനുഷ്യസ്നേഹിയെ ആണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. അദ്ദേഹത്തെ അവസാനമായി കാണുന്നത്  ഷാജഹാൻ സാറിനോടൊപ്പം ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ ഫിനിഷിങ് പോയിൻന്റായ വഴിക്കടവ് മണിമൂലി സ്കൂളിൽ വച്ചാണ്. അന്ന് അദ്ദേഹത്തിന്റെ സ്വരം വളരെ അടഞ്ഞിരുന്നു. കാലയവനികയിലേക്ക് അദ്ദേഹം മറയുമ്പോൾ ഒരു വാക്കിനും ഒരു വാക്യത്തിനും നിർവചിക്കാൻ ആകില്ല ആ മനുഷ്യൻ എത്രമാത്രം പ്രിയപ്പെട്ടവൻ ആയിരുന്നു ഓരോരുത്തർക്കും എന്നുള്ളത്. സ്നേഹം കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നില്ല...അത് ജനമനസ്സുകളിൽ തുടരുക തന്നെ ചെയ്യും... ഹൃദയത്തിന്റെ അഗാധതയിൽ നിന്നും ഞങ്ങളുടെ പ്രിയപ്പെട്ട ഓസിക്ക് കണ്ണുനീർ പ്രണാമം

(ഒറ്റൂർ ഗവൺമെന്റ് ഹോസ്പിറ്റലിലെ അസിസ്റ്റന്റ് സർജനും സൈക്യാട്രിസ്റ്റുമാണ് ലേഖകൻ)

Content Summary: Dr.Likhin memorise Oommen Chandy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com