പക്ഷികളെ ഇഷ്ടമാണോ? മാനസികാരോഗ്യം മെച്ചപ്പെടുത്താൻ പക്ഷിനിരീക്ഷണം നല്ലത്!
Mail This Article
പക്ഷികളെ നിരീക്ഷിക്കുന്നതും കാടുകളില്‍ സമയം ചെലവഴിക്കുന്നതും പ്രകൃതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനം. 112 കോളജ് വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ജേണല്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ചു.
നോര്‍ത്ത് കരോളിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഫോറസ്ട്രി ആന്‍ഡ് എന്‍വയോണ്‍മെന്റ് റിസോഴ്സസ് പ്രഫസര്‍ നീല്‍സ് പീറ്റേര്‍സണിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. കോളജ് വിദ്യാര്‍ഥികളില്‍ 60 ശതമാനവും മാനസികാരോഗ്യ വെല്ലുവിളികള്‍ നേരിടുന്നതായി നാഷണല്‍ ഹെല്‍ത്തി മൈന്‍ഡ്സ് പഠനം അടുത്തിടെ കണ്ടെത്തിയിരുന്നു. ഉത്കണ്ഠ, പഠനഭാരം, വിഷാദരോഗം, സമ്മര്‍ദ്ദം എന്നിവ കോവിഡ് കാലഘട്ടത്തിന് ശേഷം വിദ്യാര്‍ഥികളില്‍ വല്ലാതെ ഉയര്‍ന്നിട്ടുണ്ടെന്നും ഈ റിപ്പോര്‍ട്ട് പറയുന്നു. ഇവയ്ക്കുള്ള പരിഹാരമായി പ്രകൃതിയില്‍ അധിഷ്ഠിതമായ പക്ഷി നിരീക്ഷണം പോലുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതാണ് പുതിയ പഠനം.
ക്ഷമയും ശ്രദ്ധയുമൊക്കെ ആവശ്യമുള്ള ജോലിയാണ് പക്ഷിനിരീക്ഷണം. തിരക്കുള്ള മറ്റ് പ്രവര്‍ത്തികള്‍ മാറ്റിവച്ച് ശ്രദ്ധയാവശ്യമുള്ള ഈ പ്രവൃത്തിയിലേക്ക് മനസ്സൂന്നി കുറച്ച് സമയം ചെലവിടുന്നത് മാനസികക്ഷേമത്തിന് നല്ലതാണെന്ന് നിംഹാന്‍സിലെ ബിഹേവിയറല്‍ സയന്‍സ് ഡീന്‍ പ്രഭ എസ്. ചന്ദ്ര ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
കേള്‍ക്കാനും സൂക്ഷ്മമായി നിരീക്ഷിക്കാനും വിശദാംശങ്ങളില്‍ ശ്രദ്ധിക്കാനുമെല്ലാമുള്ള മനുഷ്യരുടെ കഴിവുകള്‍ വളര്‍ത്താനും പക്ഷിനിരീക്ഷണം സഹായിക്കും. സമ്മര്‍ദ്ദം കുറയ്ക്കാനും സംതൃപ്തി നല്‍കാനും ഈ ശീലം നല്ലതാണെന്നും ഗവേഷകര്‍ പറയുന്നു. പക്ഷിനിരീക്ഷണത്തിന്റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ് ഇന്ത്യയിലടക്കമുള്ള പല കോളജുകളും ഇതിനായി പ്രത്യേക ക്ലബുകള്‍ തന്നെ രൂപീകരിച്ചിട്ടുണ്ട്.