ഭാരവും പ്രമേഹവും കുറയ്ക്കാന്‍ മരുന്ന് കഴിക്കുന്ന യുവാക്കളുടെ എണ്ണം കുതിച്ചുയരുന്നു
Mail This Article
ഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും വീഗോവി, ഒസെംപിക് പോലുള്ള മരുന്നുകള്‍ കഴിക്കുന്ന യുവാക്കളുടെ എണ്ണം കുതിച്ചുയരുന്നതായി പഠനം. അമേരിക്കയിലെ യുവാക്കളില്‍ നടത്തിയ പഠനം അനുസരിച്ച് മൂന്ന് വര്‍ഷത്തില്‍ ഈ മരുന്നുകള്‍ ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ 594.4 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. മിഷിഗണ്‍ മെഡിക്കല്‍ സ്‌കൂള്‍, യേല്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്.
12നും 25നും ഇടയില്‍ പ്രായമായവര്‍ക്ക് ഇത്തരം മരുന്നുകള്‍ നിര്‍ദ്ദേശിച്ചുള്ള കുറിപ്പുകള്‍ 2020ല്‍ 8722 ആയിരുന്നത് 2023ല്‍ 60,567 ആയി വര്‍ധിച്ചതായി ജാമാ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. യുവതികളിലും കൗമാരക്കാരികളിലുമാണ് പ്രമേഹ, ഭാരനിയന്ത്രണ മരുന്നുകളുടെ ഉപയോഗം വല്ലാതെ വര്‍ധിച്ചതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. അമേരിക്കയിലെ 93 ശതമാനത്തിലധികം റീട്ടെയ്ല്‍ ഫാര്‍മസികളില്‍ നിന്നുള്ള മരുന്ന് കുറിപ്പുകളാണ് പഠനത്തില്‍ പരിശോധിച്ചത്.
അമിതവണ്ണവും പ്രമേഹവും ബാധിക്കപ്പെടുന്ന യുവാക്കളുടെ എണ്ണം പെരുകുകയാണെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയില്‍ കഴിഞ്ഞ രണ്ട് ദശാബ്ദത്തില്‍ ടൈപ്പ് 2 പ്രമേഹം ബാധിച്ച 10നും 19നും ഇടയില്‍ പ്രായമായവരുടെ എണ്ണം ഇരട്ടിയായതായി മറ്റൊരു പഠനവും സൂചിപ്പിക്കുന്നു. 2060 ഓട് കൂടി ടൈപ്പ് 2 പ്രമേഹ ബാധിതരായ ചെറുപ്പക്കാരുടെ എണ്ണം 673 ശതമാനം വര്‍ദ്ധിക്കുമെന്നും കരുതപ്പെടുന്നു. ചെറുപ്പത്തില്‍ അമിതവണ്ണം വരുന്നവര്‍ക്ക് വലുതാകുമ്പോള്‍ ഹൃദ്രോഗം, വൃക്കരോഗം, അര്‍ബുദം, മാനസിക രോഗങ്ങള്‍ എന്നിവ വരാനുള്ള സാധ്യത അധികമാണ്.