ടെസ്റ്റോസ്റ്റെറോൺ തോത് കുറഞ്ഞ പുരുഷനാണോ നിങ്ങൾ? സൂക്ഷിക്കണം, ഹൃദ്രോഗത്തിന് സാധ്യത
Mail This Article
ടെസ്റ്റോസ്റ്റെറോണ്‍ തോത് കുറഞ്ഞ പുരുഷന്മാര്ക്ക് ഹൃദ്രോഗവും അകാലമരണവും ഉണ്ടാകാനുള്ള സാധ്യത അധികമാണെന്ന് പഠനം. 24,000 പുരുഷന്മാര് പങ്കെടുത്ത 11 പഠനങ്ങളുടെ വിലയിരുത്തലിലാണ് ഈ കണ്ടെത്തല്‍. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.
പുരുഷന്മാരുടെ വൃഷ്ണത്തിലും സ്ത്രീകളുടെ അണ്ഡാശയത്തിലും ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണാണ് ടെസ്റ്റോസ്റ്റെറോണ്‍. പുരുഷന്മാരുടെ പേശി സാന്ദ്രത നിലനിര്‍ത്താനും എല്ലുകളുടെ ബലം വര്‍ധിപ്പിക്കാനും ശരീര രോമങ്ങള്‍ വളരാനും ടെസ്റ്റോസ്റ്റെറോണ്‍ സഹായിക്കുന്നു. ലൈംഗിക ഉത്തേജനം, ലൈംഗിക താത്പര്യം എന്നിവ ഉണര്‍ത്താനും ഊര്‍ജ്ജത്തിന്റെ തോത് നിലനിര്‍ത്താനും ഈ ഹോര്‍മോണ്‍ ആവശ്യമാണ്.
ടെസ്റ്റോസ്റ്റെറോണ്‍ തോത് ലീറ്ററിന് 7.4 നാനോമോളില്‍ കുറഞ്ഞ പുരുഷന്മാരുടെ ഏത് കാരണം മൂലവുമുള്ള മരണസാധ്യത വര്‍ധിച്ചിരിക്കുന്നതായി പഠനറിപ്പോര്‍ട്ട് പറയുന്നു. 5.3 നാനോമോളില്‍ താഴെ ടെസ്റ്റോസ്റ്റെറോണ്‍ തോതുള്ള പുരുഷന്മാരുടെ ഹൃദ്രോഗ സാധ്യത അധികമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ടെസ്റ്റോസ്റ്റെറോണ്‍ തോത് കുറയുന്നത് പേശികളുടെ വലുപ്പം കുറയ്ക്കുകയും കൂടുതല്‍ കൊഴുപ്പ് ശരീരത്തില്‍ അടിയാന് കാരണമാകുകയും ചെയ്യുന്നു. ഇതാകം ഹൃദ്രോഗസാധ്യത വര്‍ധിക്കുന്ന സാഹചര്യത്തിലേക്ക് നയിക്കുന്നതെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന് ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
നെഞ്ചുവേദന അനുഭവപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത്: വിഡിയോ