ഒരു നിമിഷം കൊണ്ട് കേൾവിശക്തി നഷ്ടമാകുമോ? ഗായിക അൽക്ക യാഗ്നിക്കിന് വന്ന രോഗം ഇതാണ്

Mail This Article
കേൾവിക്ക് തകരാർ പറ്റിയെന്ന് ഗായിക അൽക്ക യാഗ്നിക്കിന്റെ വെളിപ്പെടുത്തൽ ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. വാർത്ത കേട്ടവർ ഒരുപോലെ സംശയിച്ച ഒരു കാര്യമുണ്ട്, ചെവിക്കോ കേൾവിക്കോ യാതൊരു പ്രശ്നവും ഇല്ലാതിരുന്ന വ്യക്തിക്ക് പെട്ടെന്നൊരു ദിവസം കേൾവിശക്തി നഷ്ടമാകുമോ? ഇഎൻടി സർജൻ ഡോ. വിനോദ് ബി നായർ മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.

സഡൻ സെൻസറി ന്യൂറൽ ഡെഫ്നസ്സ് എന്ന അവസ്ഥയാണ് ഇത്. ഒരു വ്യക്തിക്ക് മിനിട്ടുകൾ കൊണ്ട് ഈ അവസ്ഥ ഉണ്ടാകാം. അതായത്, ഒരു മിനിട്ട് മുൻപ് ഇല്ലാതിരുന്ന കേൾവിത്തകരാർ അടുത്ത മിനുട്ടിൽ ഉണ്ടാകും. അതൊരു വലിയ പ്രധനപ്പെട്ട ലക്ഷണമാണ്. ചിലപ്പോൾ 72 മണിക്കൂറുകൾ വരെ കേൾവി കുറഞ്ഞു വരാൻ സമയമെടുക്കും.
വളരെ അപൂർവമായി ഉണ്ടാകുന്ന ഈ രോഗം പൊതുവേ ഏതെങ്കിലും ഒരു ചെവിയെ ആണ് ബാധിക്കുക. എന്നാൽ അൽക്കയുടെ രണ്ട് ചെവിയെയും ബാധിച്ചുവെന്നാണ് പറയപ്പെടുന്നത്. അത് അപൂർവങ്ങളിൽ അപൂർവമെന്നു പറയാനാവുന്ന അവസ്ഥയാണ്. രാവിലെ വിമാനത്തിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം കേൾവിക്കു പ്രശ്നമുണ്ടായിയെന്നും വെകുന്നേരമായപ്പോൾ രണ്ടു ചെവിയ്ക്കും പ്രശ്നം അനുഭവപ്പെട്ടു എന്നുമാണ് അൽക്കയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നത്. രണ്ടു ചെവിയെയും ബാധിച്ചുവെങ്കിൽ അതിനു കാരണം സാധാരണ ഗതിയിൽ വൈറൽ അണുബാധയാണ്.
പല കാരണങ്ങൾ കൊണ്ട് സഡൻ സെൻസറി ന്യൂറോ ഡെഫ്നസ്സ് സംഭവിക്കാം.
1. വൈറൽ അണുബാധ
2. രക്ത ചംക്രമണത്തിൽ വരുന്ന വ്യതിയാനങ്ങൾ
ഉദാഹരണത്തിന് ഹാർട്ട് അറ്റാക്കും ബ്രെയിന് സ്ട്രോക്കും വരുന്നതു പോലെ ഇന്നർ ഇയറിലേക്ക് ബ്ലഡ് സപ്ലേയില്‍ കുറവോ ബ്ലോക്കോ വന്നാൽ ഈ അവസ്ഥയിലേക്ക് എത്താം.
3. ഓട്ടോ ഇമ്മ്യൂൺ ഡിസീസ്
4. ആക്സിഡന്റ് മൂലമുള്ള ട്രോമ കൊണ്ടും സഡൻ സെൻസറി ന്യൂറൽ ഡെഫ്നസ്സ് സംഭവിക്കാം.
5. പരുക്ക്
6. മരുന്നുകൾ
ക്ഷയത്തിനു നൽകുന്ന ഇൻജക്ഷൻ ഉൾപ്പെടെയുള്ള മരുന്നുകൾ കൊണ്ടും ഈ അസുഖം ഉണ്ടായേക്കാം. ഓട്ടോടോക്സിക് ആയിട്ടുള്ള മറ്റു മരുന്നുകൾ കൊണ്ടും വരാം.
7. മുഴകൾ
ചെവിയ്ക്കകത്ത് ഉണ്ടാകുന്ന ട്യൂമറുകളും ഇതിന് കാരണമായേക്കാം.

∙പെട്ടെന്നു വരുന്ന കേൾവിക്കുറവ്, ചെവിക്കുള്ളിൽ മൂളല്‍ അനുഭവപ്പെടുക, തലകറക്കം, ചെവിയ്ക്ക് ഉള്ളിൽ എന്തോ വീർത്തു വരുന്നതായി തോന്നുക. ഇത് നാലുമാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. ഇത്തരം ലക്ഷണം കണ്ടാൽ എത്രയും പെട്ടെന്ന് ചികിത്സ തേടുന്നോ അത്രയും നല്ലത്. ഹിയറിങ് ടെസ്റ്റിലൂടെ മാത്രമേ പ്രശ്നം കൃത്യമായി അറിയാൻ സാധിക്കുകയുള്ളു. പല കാരണങ്ങൾ ഉള്ളതിനാൽ ട്യൂമർ ഉണ്ടോ എന്ന് അറിയാൻ എംആർഐ, സിടി സ്കാൻ എന്നിവ എടുക്കേണ്ടി വന്നേക്കാം. അണുബാധയാണോ ഓട്ടോ ഇമ്മ്യൂൺ പ്രശ്നമാണോ എന്നറിയാൻ രക്തപരിശോധനയ്ക്കും നിർദേശിക്കാറുണ്ട്. 24 മണിക്കൂറിനുള്ളിൽ ചികിത്സ കിട്ടിയാൽ രോഗം ഭേദമാകാനുള്ള സാധ്യത വളരെയധികമാണ്.
പല സന്ദർഭങ്ങളിലും ഈ ലക്ഷണങ്ങൾ ജലദോഷം പോലുള്ള രോഗങ്ങളുടേതാണെന്ന് കരുതി അവഗണിക്കാറാണ് പതിവ്. അല്ലെങ്കിൽ ജലദോഷമോ, ചെവിയിൽ വെള്ളം കയറിയതാവാം എന്നൊക്കെ ചിന്തിച്ച് പലപ്പോഴും വൈദ്യസഹായം തേടാൻ താമസിപ്പിക്കാറുമുണ്ട്. ഇനി ആശുപത്രിയിൽ എത്തിയാൽ തന്നെ ഏതെങ്കിലുമൊരു ഡോക്ടറിനെ കാണണമെന്നേ പലരും ചിന്തിക്കാറുള്ളു. എന്നാൽ അതിലൊരു അപകടമുണ്ട്. ചിലപ്പോൾ ഇഎൻടി അല്ലാത്ത ഡോക്ടർമാർക്ക് ഈ അസുഖം പെട്ടെന്നു തിരിച്ചറിയാൻ കഴിയണമെന്നില്ല. ജലദോഷമാണ് എന്നു കരുതാനാകും സാധ്യത കൂടുതൽ.

ചികിത്സയുടെ ഭാഗമായി ഹൈ ഡോസിലുള്ള ഓറൽ സ്റ്റിറോയിഡ്സ് ആണ് കൊടുക്കാറുള്ളത്. അത് കൃത്യമായ ഡോസിൽ കൊടുത്തില്ലെങ്കിൽ ഫലമുണ്ടാകണമെന്നുമില്ല. അത് ഒരു ഇഎൻടി ഡോക്ടറിനു കൃത്യമായി അറിയാൻ കഴിയും. മൂന്ന് നാല് ആഴ്ചകൾക്കുള്ളിൽ ഭേദമാകാൻ തുടങ്ങിയിട്ടില്ലെങ്കിൽ പൂർണമായി മാറാനുള്ള സാധ്യത കുറയും. ഉടൻ ചികിത്സ തേടിയിട്ടുള്ളവരിൽ 70–80 ശതമാനം ആളുകൾക്കും റിക്കവർ ആകും. ഇതൊരു മെഡിക്കൽ എമർജൻസി ആയതുകൊണ്ട് തന്നെ കൃത്യമായ ചികിത്സ കഴിയുന്നത്ര വേഗത്തിൽ രോഗിക്ക് ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്.
തണുപ്പടിച്ചാൽ തുമ്മലോ? പ്രതിരോധം ഉറപ്പാക്കാം: വിഡിയോ