കുടിവെള്ളം ശുദ്ധമല്ലെങ്കിൽ പണി പാളും; തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം ചേർത്താലും അപകടം
Mail This Article
കാക്കനാട്ടെ ഫ്ലാറ്റ് സമുച്ചയത്തിൽ 338 പേർക്ക് ഛർദ്ദിയും വയറിളക്കവും റിപ്പോർട്ട് ചെയ്യപ്പെട്ടു. കുടിവെള്ളത്തിൽ നിന്നാണ് രോഗബാധയെന്നാണ് സംശയം. മഴക്കാലം രോഗങ്ങളുടെ കൂടി കാലമാണല്ലോ. കുടിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കിൽ പലവിധ രോഗങ്ങളും തേടിയെത്താമെന്നുള്ളതാണ് സത്യം. ശുദ്ധീകരിച്ചെത്തുന്ന വെള്ളമാണെങ്കിലും തിളപ്പിച്ചാൽ മാത്രമേ സുരക്ഷിതമാകൂ.
വെള്ളം എത്ര തിളപ്പിക്കണം ?
വെള്ളം വെറുതെ തിളപ്പിച്ചാൽ പോരെന്നു ആരോഗ്യ വകുപ്പ് പറയുന്നു. തിളച്ച് 2 മിനിറ്റ് എങ്കിലും കഴിഞ്ഞാലേ തീ അണയ്ക്കാവൂ. തിളപ്പിച്ച വെള്ളത്തിൽ തണുത്ത വെള്ളം ചേർക്കുന്നതു കൂടുതൽ അപകടകരമാണ്. തിളയ്ക്കുമ്പോൾ ചത്തുപോകുന്ന കീടാണുക്കൾ വീണ്ടും വെള്ളത്തിലെത്തും.
പിഎച്ച് മൂല്യവും ആരോഗ്യവും
ശുദ്ധജലത്തിന്റെ പിഎച്ച് മൂല്യം 7 ആണ്. ഇതു കുറഞ്ഞാൽ അമ്ലത കൂടും. ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന വിഷലോഹങ്ങൾ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. വെള്ളത്തിനു പുളിപ്പ് രുചിയുണ്ടാകും. വസ്ത്രങ്ങളിലും അടുക്കള സിങ്കിലും നീല കലർന്ന പച്ച കറയുണ്ടാകും. പിഎച്ച് കൂടിയാൽ വെള്ളത്തിനു കടുപ്പം കൂടും. പിഎച്ച് മൂല്യം ശരിയായ രീതിയിലാക്കാൻ സോഡിയം കാർബണേറ്റ് പോലെ ന്യൂട്രലൈസർ ലായനികൾ വിപണിയിൽ ലഭിക്കും.
എങ്ങനെ ക്ലോറിനേറ്റ് ചെയ്യാം
മാസത്തിലൊരിക്കലെങ്കിലും കിണർ ക്ലോറിനേറ്റ് ചെയ്യണം. 1,000 ലീറ്ററിന് 2.5 ഗ്രാം (ഒരു തീപ്പെട്ടി കൂടിനുള്ളിൽ കൊള്ളുന്ന അത്രയും) ബ്ലീച്ചിങ് പൊടിയാണ് ആവശ്യം. ഇതു ബക്കറ്റിലെ വെള്ളത്തിൽ കലക്കുക. പൊടി അടിഞ്ഞ് വെള്ളം തെളിയും. ഈ തെളിവെള്ളം മാത്രം മറ്റൊരു ബക്കറ്റിലേക്കു മാറ്റുക. ഇതു കയറിൽ കിണറ്റിലിറക്കി നന്നായി ഉലയ്ക്കുക. വെള്ളത്തിൽ കലരാനാണിത്. ഇതിനുശേഷം ഒരു മണിക്കൂറിനുശേഷം കിണറിലെ വെള്ളം ഉപയോഗിക്കാം.
വീട്ടിലുണ്ടാക്കാം ഫിൽറ്റർ
വലിയ മൺകലമെടുത്ത് അതിന്റെ ഏറ്റവും അടിയിൽ കരിക്കഷണങ്ങൾ ഇടുക. അതിനു മുകളിൽ മണൽ വിരിക്കുക. അതിനു മുകളിൽ വൃത്തിയുള്ള ഉരുളൻ കല്ലുകളിടാം. ഇതിൽ വെള്ളമൊഴിച്ചുവയ്ക്കുക. 1 മണിക്കൂറിനുശേഷം ഉപയോഗിക്കാം. ബാക്ടീരിയ ഉൾപ്പെടെ 80 ശതമാനം മാലിന്യവും നീങ്ങുമെന്നു വിദഗ്ധർ പറയുന്നു.
ശേഖരിച്ചുവച്ച വെള്ളം ശുദ്ധമാക്കുന്നവിധം
ആദ്യമായി അഞ്ചു ശതമാനം വീര്യമുള്ള ക്ലോറിൻ ലായനി തയാറാക്കണം. 15 ഗ്രാം പുതിയ ബ്ലീച്ചിങ് പൗഡർ അര ഗ്ലാസ് (100 മില്ലിലീറ്റർ) വെള്ളത്തിൽ കലർത്തി 15 മുതൽ 20 മിനിറ്റ് നേരം അനക്കാതെ വയ്ക്കണം. ഇതിൽനിന്നു തെളിഞ്ഞുവരുന്ന വെള്ളം ക്ലോറിൻ ലായനിയായി ഉപയോഗിക്കുക.
കുടിവെള്ളം അണുവിമുക്തമാക്കാൻ ഒരു ലീറ്റർ വെള്ളത്തിന് എട്ടു തുള്ളി (0.5 മില്ലിലീറ്റർ) ക്ലോറിൻ ലായനി ഉപയോഗിക്കണം. 20 ലീറ്റർ വെള്ളത്തിനു രണ്ട് ടീസ്പൂൺ (10 മില്ലിലീറ്റർ) ക്ലോറിൻ ലായനി ഉപയോഗിക്കാം.
ക്ലോറിൻ ഗുളിക ലഭ്യമാണെങ്കിൽ 20 ലീറ്റർ (ഏകദേശം ഒരു കുടം) വെള്ളത്തിന് ഒരു ക്ലോറിൻ ഗുളികയും (500 മില്ലിഗ്രാം) ഉപയോഗിക്കാം. ക്ലോറിൻ ലായനി ഉപയോഗിച്ചതിന് ഒരു മണിക്കുറിനുശേഷം മാത്രമേ ഈ വെള്ളം കുടിക്കാവൂ.
പാത്രങ്ങളും പ്രതലങ്ങളും അണുവിമുക്തമാക്കാൻ
അഞ്ചു ശതമാനം വീര്യമുള്ള ക്ലോറിൻ ലായനി നാലിരട്ടി വെള്ളം ചേർത്താൽ ഒരു ശതമാനം വീര്യമുള്ള ക്ലോറിൻ ലായനി ലഭിക്കും. ഇതു പാത്രങ്ങളും പ്രതലങ്ങളും അണുവിമുക്തമാക്കാൻ ഉപയോഗിക്കാം. ഇത്തരത്തിൽ തയാറാക്കുന്ന ക്ലോറിൻ ലായനിയുടെ വീര്യം സമയം കഴിയുന്നതനുസരിച്ചു കുറഞ്ഞുവരും. അതുകൊണ്ടുതന്നെ ഓരോദിവസവും പുതുതായി ലായനി തയാറാക്കണം.
കലക്കവെള്ളം തെളിച്ചെടുക്കാം
ഒരു പ്ലാസ്റ്റിക്/കുപ്പി/ക്യാൻ എന്നിവയുടെ ചുവടു മുറിച്ചുമാറ്റി വായ്‌വട്ടം ഇഴയകലമുള്ള തുണികൊണ്ടു മൂടിക്കെട്ടുക. ഈ കുപ്പിയിലേക്കു മൂന്നിലൊരുഭാഗം കരിക്കട്ട (ചിരട്ട കരിച്ച് ഉപയോഗിക്കാമെങ്കിൽ നല്ലത്), മൂന്നിലൊരുഭാഗം വൃത്തിയുള്ള മണൽ, മൂന്നിലൊരു ഭാഗം വലിയ കല്ലുകൾ (ചരൽ) എന്നിവ നിറയ്ക്കുക. ഈ അരിപ്പയിലേക്ക് ഒഴിക്കുന്ന കലക്കവെള്ളം താരതമ്യേന തെളിഞ്ഞ വെള്ളമായി മാറും.
മണൽ, കരിക്കട്ട തുടങ്ങിയവ ലഭ്യമല്ലെങ്കിൽ ഉണങ്ങിയ ചകിരി, പുല്ല്, പല വലുപ്പത്തിലുള്ള കല്ലുകൾ തുടങ്ങിയവ ഉപയോഗിക്കാം. ഇത്തരത്തിൽ ശേഖരിക്കുന്ന വെള്ളവും തിളപ്പിച്ചശേഷമോ ക്ലോറിനേറ്റ് ചെയ്തശേഷമോ മാത്രമേ ഉപയോഗിക്കാവൂ.
മഴവെള്ളം ലഭ്യമാണെങ്കിൽ
മഴവെള്ളം ശേഖരിച്ച് അരിച്ചതിനുശേഷം തിളപ്പിച്ചോ ക്ലോറിനേറ്റ് ചെയ്‌തോ ഉപയോഗിക്കാം. ഇതിനായി ഒരു വലിയ തുണിയുടെ (മുണ്ട് അല്ലെങ്കിൽ സാരി) നാലു വശങ്ങളും നാലു മരങ്ങളിലോ കമ്പുകളിലോ കെട്ടിയശേഷം കഴുകി വൃത്തിയാക്കിയ ഒരു കല്ല് ഉപയോഗിച്ച് നടുഭാഗം താഴ്ത്തി മഴവെള്ള സംഭരണിയായി ഉപയോഗിക്കാം.
വെള്ളം കുടിയും കിഡ്നി രോഗങ്ങളും: വിഡിയോ