തീപിടിത്തം: പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ടതും ചെയ്യരുതാത്തവയും അറിയാം
Mail This Article
കുവൈത്തിലെ തീപിടിത്തത്തിൽ മലയാളികൾ അടക്കം 49 ജീവനുകളാണ് പൊലിഞ്ഞത്. തീപിടിച്ചും പൊള്ളലേറ്റുള്ള അപകടങ്ങൾ ക്രമാതീതമായി വർധിക്കുന്ന അവസരത്തിൽ ഈ പ്രധാന വിവരങ്ങൾ എല്ലാവരും അറിഞ്ഞിരിക്കണം.
തീ കൊണ്ടുള്ള പൊള്ളലുകളാണു സർവസാധാരണം. പൊള്ളലേറ്റ് ആശുപത്രിയിൽ എത്തുന്ന രോഗിയിൽ എത്ര ശതമാനം പൊള്ളലേറ്റു എന്നു നോക്കിയാണു ചികിത്സ. 40 ശതമാനത്തിലധികം പൊള്ളലേറ്റാൽ ഗുരുതരമായി കണക്കാക്കും. പൊള്ളലിന്റെ ആഴവും പൊള്ളലേറ്റ ഭാഗത്തിന്റെ വിസ്തീർണവും ആസ്പദമാക്കി പൊള്ളലുകളെ മൂന്നു ഡിഗ്രിയായി തരം തിരിക്കാറുണ്ട്. ത്വക്കിന്റെ ഏറ്റവും പുറമെയുള്ള പാളിയിൽ (എപ്പിഡെർമിസ്) മാത്രമുള്ള പൊള്ളലുകളാണ് കൂടുതൽ വേദനയുണ്ടാക്കുക. ത്വക്കിലെ എല്ലാ പാളികളും നശിക്കുന്ന മൂന്നാം തരത്തിൽ നാഡികൾ നശിച്ചുപോകുന്നതിനാൽ കഠിനമായ വേദന കാണില്ല.
പലതരം പൊള്ളൽ
തീനാളം, ചുട്ടുപഴുത്ത ലോഹം, തിളയ്‌ക്കുന്ന എണ്ണ, സൂര്യതാപം, ഉന്നതവോൾട്ടിലുള്ള വൈദ്യുതി, പലതരം ആസിഡുകൾ, അമോണിയ, ചുണ്ണാമ്പ്, നീരാവി, ചൂടുവെള്ളം തുടങ്ങി പല കാരണങ്ങളാൽ ശരീരത്തിൽ പൊള്ളലുണ്ടാകാം. ഇവകൊണ്ടുണ്ടാകുന്ന പൊള്ളലുകൾ വ്യത്യസ്തവുമായിരിക്കും. ത്വക്കിനും ത്വക്കിനടിയിലുള്ള കോശങ്ങളിലുണ്ടാകുന്ന നാശവുമാണ് പൊള്ളൽ മൂലമുണ്ടാകുന്നത്. പൊള്ളലിന്റെ ലക്ഷണം നോക്കി തിരിച്ചിരിക്കുന്നു.
1. തൊലിയിൽ ചുവപ്പുനിറം മാത്രമുണ്ടാകുന്ന പൊള്ളൽ. ഇതിനെ ഒന്നാം തോതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
2. പൊള്ളലേറ്റ ഭാഗത്ത് പോളയിടുന്നുണ്ടെങ്കിൽ അത് രണ്ടാം ഡിഗ്രി.
3. ചർമ്മത്തിലെ ആന്തര ഭാഗങ്ങളുൾപ്പെടെ ഒരു ഭാഗത്തെ തൊലി പൂർണമായി നശിക്കുന്നത് മൂന്നാം ഡിഗ്രിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
4. തൊലിയോടൊപ്പം ആന്തരശരീരഭാഗങ്ങൾക്കുകൂടി നാശം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് നാലാം ഡിഗ്രിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പൊള്ളലേറ്റാൽ
പൊള്ളലേറ്റ ഭാഗത്ത് കൈകൊണ്ട് സ്‌പർശിക്കരുത്. ആ ഭാഗം തണുത്തവെള്ളത്തിൽ കഴുകുക, പൊള്ളലേറ്റ ഭാഗത്ത് ആഭരണങ്ങൾ, വാച്ച്, ബെൽറ്റ്, ഷൂസ് മുതലായവ ഉണ്ടെങ്കിൽ സൂക്ഷിച്ച് ഊരി മാറ്റുക. പൊള്ളിയ ഭാഗത്ത് മരുന്നുകളോ തണുപ്പിനായി പേസ്‌റ്റുപോലുള്ള വസ്തുക്കൾ പുരട്ടുകയോ ചെയ്യരുത്. കുമിളകൾ കുത്തിപ്പൊട്ടിക്കരുത്. പൊള്ളലേറ്റ ഭാഗത്ത് ഒട്ടിപ്പിടിച്ച വസ്‌തുക്കൾ എടുക്കാൻ ശ്രമിക്കരുത്, വൃത്തിയുള്ള തുണികൊണ്ട് പൊള്ളലേറ്റ ഭാഗം മൂടാം. പൊള്ളലേറ്റ ആൾക്ക് ബോധമുണ്ടെങ്കിൽ വെള്ളത്തിൽ അല്‌പം ഉപ്പുചേർത്ത് ഇടയ്‌ക്കിടെ കുടിക്കുവാൻ കൊടുക്കുക. എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുക.
ഡോക്‌ടറെ കാണേണ്ട പൊള്ളൽ
∙ചർമ്മവ്യാപ്‌തിയുടെ 5 ശതമാനത്തിലധികമുള്ള സെക്കന്റ് ഡിഗ്രി പൊള്ളൽ.
∙കൈകൾ, മുഖം, കണ്ണ്, ചെവി, കാൽപ്പാദം, ജനനേന്ദ്രിയം എന്നീ ഭാഗങ്ങളിലെ പൊള്ളൽ.
∙വൈദ്യുതാഘാതം മൂലമുള്ള പൊള്ളൽ.
∙ആസിഡുകൾ, ക്ഷാരങ്ങൾ എന്നിവകൊണ്ടുള്ള പൊള്ളൽ.
∙പൊള്ളലേറ്റ ആൾക്ക് ശ്വാസതടസമോ ഷോക്കിന്റെ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ.പൊള്ളലേറ്റ ഭാഗത്ത് വേദന, അണുബാധ എന്നിവ ഉണ്ടെങ്കിൽ.
പുകയും പ്രശ്നക്കാരനാണ്
തീ മാത്രമല്ല, പുകയും പ്രശ്നമാണ്. തീ ശരിയായി കത്തിയില്ലെങ്കിൽ കാർബൺ മോണോക്സൈഡാണു പുറത്തുവരിക. ഇതു ശ്വസിക്കുമ്പോൾ കാർബൺ മോണോക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേരുകയും കോശങ്ങളിലേക്കുള്ള ഓക്സിജൻ പ്രവാഹം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇതു മരണത്തിലേക്കു നയിക്കും. പുകയിലുള്ള അമോണിയ, സൾഫർ ഡയോക്സൈഡ് എന്നിവയും ശരീരത്തിനു ഹാനികരമാണ്.
പുക ശ്വസിക്കുന്നതു കുറയ്ക്കാൻ നനഞ്ഞ തുണി ഉപയോഗിച്ചു മൂക്കും വായും മറയ്ക്കാം. മുറിക്കുള്ളിലാണു പുകയെങ്കിൽ എത്രയും വേഗം ജനലും വാതിലും തുറക്കണം. പുകയ്ക്കു വായുവിനെക്കാൾ ഭാരം കുറവായതിനാൽ പെട്ടെന്നുതന്നെ മുകളിലേക്ക് ഉയരും. അതിനാൽ എഴുന്നേറ്റു നിൽക്കാതെ തറയോടു ചേർന്ന് കുനിഞ്ഞിരിക്കുകയോ ഇഴഞ്ഞുനീങ്ങുകയോ ചെയ്താൽ നല്ല വായു ശ്വസിക്കാനാകും. കാഴ്ചയും വ്യക്തമാകും. കുട്ടികൾക്ക് ഇത്തരം രക്ഷാനടപടികൾ മുൻകൂറായി പലവട്ടം പറഞ്ഞു കൊടുക്കണം. ഏറെ നിലകളുള്ള കെട്ടിടങ്ങളിൽ താമസിക്കുന്നവർ/ജോലി ചെയ്യുന്നവർ മുൻകയ്യെടുത്ത് ഇടയ്ക്കിടെ ഫയർ ഡ്രിൽ നടത്തുകയും അഗ്നിരക്ഷാ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം. മിക്ക ദുരന്തങ്ങളും ഉണ്ടാകുന്നതു മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങളിലാണ്.