നിങ്ങള്‍ക്കും ഉണ്ടോ ഇഡിയറ്റ് സിന്‍ഡ്രോം? അറിയാം ഈ പ്രത്യാഘാതങ്ങള്‍
Mail This Article
ഈ ഡിജിറ്റല്‍ കാലഘട്ടത്തില്‍ ലോകത്ത് എന്തിനെ പറ്റിയുമുള്ള വിവരങ്ങള്‍ നമ്മുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാണ്. ജീവിതത്തിലെ ഏത് സമസ്യയ്‌ക്കുമുള്ള ഉത്തരവും ഗൂഗിളിനോടോ ചാറ്റ് ജിപിറ്റിയോടൊ ചോദിക്കുന്ന തലമുറയാണ് ഇത്. സ്വാഭാവികമായും ആരോഗ്യവും രോഗങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാനും പലരും ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്താറുണ്ട്. എന്നാല്‍ ഓണ്‍ലൈനിലൂടെ ലഭിക്കുന്ന ഇത്തരം മെഡിക്കല്‍ വിവരങ്ങളെ അമിതമായി ആശ്രയിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇതുമായി ബന്ധപ്പെട്ട ഒരു പുതിയ സിന്‍ഡ്രോമും ഇപ്പോള്‍ വ്യപാകമാകുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. 'ദ ഇന്റര്‍നെറ്റ് ഡെറൈവ്‌ഡ് ഇന്‍ഫര്‍മേഷന്‍ ഒബ്‌സ്‌ട്രക്ടിങ് ട്രീറ്റ്‌മെന്റ് സിന്‍ഡ്രോം' അഥവാ ഇഡിയറ്റ് സിന്‍ഡ്രോം എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. അതായത് ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഒരു രോഗിയുടെ ചികിത്സയെ തന്നെ തടസ്സപ്പെടുത്തുന്ന സാഹചര്യമാണ് ഇഡിയറ്റ് സിന്‍ഡ്രോം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ആരോഗ്യവുമായി ബന്ധപ്പെട്ട് തെറ്റായ തീരുമാനങ്ങള്‍ എടുക്കാനും സ്വയം ചികിത്സ നടത്താനും ചികിത്സ വൈകിപ്പിക്കാനുമൊക്കെ ഇഡിയറ്റ് സിന്‍ഡ്രോം കാരണമാകാം. എല്ലാ ആരോഗ്യപരമായ സംശയങ്ങള്‍ക്കും ഇന്റര്‍നെറ്റിനെ മാത്രം കണ്ണടച്ച് വിശ്വസിക്കുന്നത് ഉത്‌കണ്‌ഠയുടെ തോത് വര്‍ദ്ധിപ്പിക്കുമെന്നും ചികിത്സയെ സംബന്ധിച്ച തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഇഡിയറ്റ് സിന്‍ഡ്രോം നിങ്ങളുടെ ജീവിതത്തില്‍ ഇനി പറയുന്ന പ്രതികൂല ഫലങ്ങള്‍ ഉളവാക്കാമെന്ന് ഹൈദരാബാദ് കെയര്‍ ഹോസ്‌പിറ്റല്‍സിലെ ഇന്റേണല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ. അഥര്‍ പാഷാ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
1. തെറ്റിദ്ധാരണ
ഇന്റര്‍നെറ്റിലെ കടല്‍ പോലുള്ള വിവരങ്ങളുടെ ശേഖരത്തില്‍ നിന്ന് നെല്ലും പതിരും തിരിക്കാന്‍ പലര്‍ക്കും കഴിയാറില്ല. ലഭ്യമായ വിവരങ്ങളില്‍ പലതും തെറ്റായതോ വിശ്വസിക്കാന്‍ കൊള്ളാത്തതോ ആയെന്ന് വരാം. ഈ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചികിത്സയോ മരുന്നുകളോ പെട്ടെന്ന് നിര്‍ത്തുന്നത് രോഗം വഷളായി സങ്കീര്‍ണ്ണമായ ആരോഗ്യ പ്രശ്‌നങ്ങള്‍ രോഗികള്‍ക്ക് ഉണ്ടാക്കാം.
2. പ്രഫഷണല്‍ സേവനം നിരാകരിക്കും
നിരവധി വര്‍ഷങ്ങള്‍ പഠിച്ചും പരിശീലിച്ചുമൊക്കെയാണ് ഡോക്ടര്‍മാര്‍ രോഗനിര്‍ണ്ണയവും ചികിത്സയുമൊക്കെ നടത്തുന്നത്. പരിശീലനം നേടിയ ഈ വിദഗ്‌ധരുടെ സേവനം ഉപയോഗപ്പെടുത്താതെ ഇന്റര്‍നെറ്റില്‍ വായിച്ച് കൂട്ടിയ എന്തൊക്കെയോ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചികിത്സ നിര്‍ണ്ണയിക്കുന്നത് രോഗിയുടെ ആരോഗ്യനില അപകടത്തിലാക്കും.
3. ഭാഗികമായ മനസ്സിലാക്കല്‍
പലപ്പോഴും രോഗങ്ങളും അവയുടെ ചികിത്സകളുമൊക്കെ സാധാരണക്കാരന് മനസ്സിലാക്കാന്‍ സാധിക്കാത്ത വിധം സങ്കീര്‍ണ്ണമാണ്. ഇന്റര്‍നെറ്റിലൂടെ വായിച്ചത് കൊണ്ട് മാത്രം ഒരു രോഗത്തെ പറ്റിയുള്ള സമഗ്രവിവരങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാകണമെന്നില്ല. ഭാഗികമായ അറിവിനോളം അപകടകരമായി വേറൊന്നും ഇല്ലെന്ന് തന്നെ പറയാം.
4. ചികിത്സ മുടക്കല്‍
പല രോഗങ്ങള്‍ക്കും ചികിത്സ ആരംഭിക്കുന്നവര്‍ക്ക് ഒരു ഘട്ടം കഴിയുമ്പോള്‍ രോഗലക്ഷണങ്ങളില്‍ കുറവുണ്ടായെന്ന് വരാം. എന്നാല്‍ ഇത് ചികിത്സ നിര്‍ത്താനുള്ള സൂചനയല്ല. പല രോഗങ്ങള്‍ക്കും വര്‍ഷങ്ങള്‍ നീണ്ട തുടര്‍ ചികിത്സയും പരിശോധനകളും ആവശ്യമാണ്. എന്നാല്‍ ഇഡിയറ്റ് സിന്‍ഡ്രോം ബാധിച്ചവര്‍ ഇന്റര്‍നെറ്റില്‍ പരതി ഇനി ചികിത്സയും മരുന്നുമൊന്നും ആവശ്യമില്ലെന്ന തീരുമാനം എടുക്കാറുണ്ട്. ഇത് രോഗം തിരികെ വരാനും മുന്‍പത്തേക്കാള്‍ വഷളാകാനും ഇടയാക്കാം.
5. ചികിത്സ തേടാന്‍ വൈകല്‍
രോഗചികിത്സയെ സംബന്ധിച്ചിടത്തോളം എത്ര നേരത്തെ ആരംഭിക്കുന്നുവോ അത്രയും നല്ലതാണ് . എന്നാല്‍ ഇന്റര്‍നെറ്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചികിത്സ വൈകിപ്പിക്കുന്നവര്‍ രോഗിയെ അതിഗുരുതര സാഹചര്യങ്ങളിലേക്കാണ് തള്ളിയിടുന്നത്.
6. മാനസികമായ ബുദ്ധിമുട്ടുകള്‍
ചെറിയൊരു തലവേദനയുടെ ലക്ഷണങ്ങള്‍ ഇന്റര്‍നെറ്റില്‍ പരതി നോക്കുമ്പോള്‍ അത് അര്‍ബുദം വരെയാകാമെന്ന് ചിലപ്പോള്‍ ഇന്റര്‍നെറ്റ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചിലര്‍ നിഗമനത്തിലെത്തിയെന്ന് വരാം. ഇത് മനസ്സിനുണ്ടാക്കുന്ന സമ്മര്‍ദ്ധവും ഉത്‌കണ്‌ഠയുമൊന്നും ചില്ലറയല്ല. ഇതിനാല്‍ രോഗലക്ഷണങ്ങള്‍ ഇന്റര്‍നെറ്റില്‍ പരതാതെ പ്രഫഷണലായ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
തണുപ്പടിച്ചാൽ തുമ്മൽ ഉണ്ടാകുന്നുണ്ടോ? വിഡിയോ