ADVERTISEMENT

അഭിനേത്രിയായും അവതാരകയായുമെല്ലാം മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് പാർവതി ആർ. കൃഷ്ണൻ. എന്നാൽ കാമറയ്ക്കു മുന്നിലുള്ള പ്രകടനത്തേക്കാൾ ഗംഭീരമാണ് ജീവിതത്തിലെ ഉഗ്രൻ മേക്കോവർ. ചുരുങ്ങിയ കാലയളവിൽ 30 കിലോയോളം കുറയ്ക്കുക എന്നത് ചെറിയ കാര്യമല്ലല്ലോ. ശരീരഭാരം കുറച്ചതിനെപ്പറ്റി മനോരമ ഓൺലൈനിനോട് പാർവതി മനസ്സ് തുറക്കുന്നു. 

ഗർഭകാലത്ത് കൂടിയത് 24 കിലോ
പൊതുവേ ഗർഭകാലത്ത് ശരീരഭാരം കൂടുമെന്നും, ശരീരത്തിൽ പാടുകൾ വരാമെന്നും, പ്രമേഹമോ മറ്റ് അസുഖങ്ങളോ വരാൻ സാധ്യതയുണ്ടെന്നുമൊക്കെ ഞാൻ മുൻപ് വായിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാൻ ഗർഭിണി ആയപ്പോൾ ഈ കാര്യങ്ങളൊക്കെ എനിക്കും സംഭവിക്കുമെന്ന് മനസ്സിൽ ഓർത്താണ് ഇരുന്നത്. എന്നാൽ ദൈവാനുഗ്രഹം കൊണ്ട് എനിക്ക് അസുഖങ്ങളുണ്ടായിരുന്നില്ല. പക്ഷേ എല്ലാ മാസവും രണ്ട് കിലോ വീതം ശരീരഭാരം കൂടുന്നുണ്ടായിരുന്നു. പ്രസവത്തോട് അടുക്കുന്ന സമയമായപ്പോഴേക്കും ഭാരം നന്നായി കൂടി. ഗർഭകാലത്ത് 24 കിലോയോളമാണ് എനിക്ക് കൂടിയത്. അപ്പോൾ ഭാരം 86 കിലോ ഉണ്ടായിരുന്നു. പക്ഷേ എന്നെ സംബന്ധിച്ച് അതൊരു പ്രശ്നമായിരുന്നില്ല. ഗർഭകാലത്തല്ലേ ഇങ്ങനെ കഴിക്കാനൊക്കെ പറ്റുള്ളു, കണ്ണാടിയിൽ നോക്കുമ്പോൾ ‍ഞാൻ തടിച്ചെന്ന് എനിക്കറിയാം. ഞാൻ എന്നെ ആ രീതിയിൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. ഞാൻ അതൊക്കെ ആസ്വദിക്കുകയായിരുന്നു– പാർവതി പറയുന്നു.

parvathy-1
പാർവതി ആർ കൃഷ്ണ. Image Credit: instagram.com/parvathy_r_krishna/

ഈ മാറ്റങ്ങളാണ് ഭാരം കുറച്ചത്
ശരീരഭാരം കുറയക്കണമെങ്കിൽ സ്വാഭാവികമായും ഡയറ്റും വർക്ഔട്ടുമൊക്കെ നോക്കണം. പക്ഷേ അമ്മയായ എനിക്ക് ഇതൊക്കെ ചെയ്യണമെങ്കിൽ കുഞ്ഞിന് കുറഞ്ഞത് 6 മാസമെങ്കിലും പ്രായമാകണം. മോന്റെ ഒന്നാം പിറന്നാളിനു മുൻപ് വെയിറ്റ് കുറച്ച്, ചെറുതായൊന്ന് ട്രിം ആകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് കുഞ്ഞിന് കട്ടിയുള്ള ഭക്ഷണം കൊടുത്ത് തുടങ്ങിയിട്ടേ ഞാൻ വെയിറ്റ് കുറയ്ക്കുന്നതിനുള്ള കാര്യങ്ങൾ തുടങ്ങിയുള്ളു. ഫിറ്റ് ട്രീറ്റ് കപ്പിളുമായി ജോയിൻ ചെയ്താണ് കാര്യങ്ങൾ മനസ്സിലാക്കിയതും, ഡയറ്റും വർക്ഔട്ടും തുടങ്ങിയതും. 

parvathy-fam
പാർവതി ആർ കൃഷ്ണ. Image Credit: instagram.com/parvathy_r_krishna/

ആദ്യം ദിവസം 2000 സ്റ്റെപ്സ് നടക്കുമായിരുന്നു. ഡയറ്റും ശ്രദ്ധിക്കുമായിരുന്നു. കുഞ്ഞിന്റെ ആദ്യ പിറന്നാളിന് ഇനി ആറ് മാസമേ ഉള്ളു എന്ന് അറിയാവുന്നത് കൊണ്ടും, നിശ്ചയദാർഡ്യം ഉണ്ടായിരുന്നതുകൊണ്ടും പെട്ടന്നു തന്നെ കാര്യങ്ങളെല്ലാ ചെയ്യുന്നുണ്ടായിരുന്നു. മധുരം, എണ്ണയുള്ള ഭക്ഷണം, ജങ്ക് ഫുഡ് എന്നിവ മുഴുവനായും ഒഴിവാക്കി. രാത്രി ഭക്ഷണം 8 മണിക്ക് മുൻപാക്കി. ഈ കാര്യങ്ങൾ കൃത്യമായി ചെയ്തതോടെ ആദ്യത്തെ 20 ദിവസത്തിൽ തന്നെ കാര്യമായ ഭാരം കുറഞ്ഞു. ഒരു മാസം കൊണ്ട് 6 കിലോയോളം വെയിറ്റ് കുറച്ചു. കുഞ്ഞിനു പാല് കൊടുക്കുന്നത്, അങ്ങോട്ടുമിങ്ങോട്ടുമുള്ള ഓട്ടപ്പാച്ചിൽ, ഭക്ഷണ നിയന്ത്രണം എന്നിവ തന്നെയാണ് അത്ര പെട്ടെന്ന് ഭാരം കുറയാൻ കാരണമായത്. ആദ്യത്തെ നാല് മാസം കൊണ്ട് 20 കിലോ ഭാരമാണ് എനിക്ക് കുറയ്ക്കാൻ കഴിഞ്ഞത്. പിന്നെ പതിയെ പതിയെ 2 കിലോ ഭാരം വീതം കുറച്ച് വരുകയായിരുന്നു. ഒടുവിൽ ആകെമൊത്തം 30 കിലോ കുറച്ചു. അങ്ങനെയാണ് 86 കിലോയിൽ നിന്ന് 56 കിലോയിലേക്ക് എത്തിയത്.

parvathy-5
പാർവതി ആർ കൃഷ്ണ. Image Credit: instagram.com/parvathy_r_krishna/

പാർവതി ഇപ്പോൾ ശരീരഭാരം ഇഷ്ടത്തിനനുസരിച്ച് ഇടയ്ക്ക് കൂട്ടാറും കുറയ്ക്കാറുമുണ്ട്. ചിലപ്പോൾ തനിയെ കൂടാറുമുണ്ട്. അത് ഇഷ്ടത്തിനനുസരിച്ച് കുറയ്ക്കുകയും ചെയ്യും. വല്ലപ്പോഴും ആഴ്ചയിലൊരിക്കൽ മറ്റൊന്നും നോക്കാതെ ജങ്ക് ഫുഡ് കഴിച്ച് ഡയറ്റ് ബ്രേക്ക് ചെയ്യുകയാണെങ്കിൽ 2,3 കിലോ പെട്ടെന്നു കൂടും. എന്നാൽ 3, 4 ദിവസം കാര്യമായി ഡയറ്റ് നോക്കിയാൽ ആ ഭാരം കുറയുകയും ചെയ്യും. ആ തരത്തിൽ ശരീരം ഫ്ലെക്സിബിൾ ആയെന്നു വേണം പറയാനെന്ന് പാർവതി പറയുന്നു.

parvathy-2
പാർവതി ആർ കൃഷ്ണ. Image Credit: instagram.com/parvathy_r_krishna/

ശരീരത്തെ അറിഞ്ഞ് ഡയറ്റ് ചെയ്യണം
ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർ ഒരുപാടുണ്ട്. എന്നാൽ മറ്റൊരാൾ പറഞ്ഞിട്ട് ഒരിക്കലും ഡയറ്റ് ചെയ്യരുതെന്നാണ് പാർവതിയുടെ അഭിപ്രായം. 'നമ്മുടെ മാനസികാരോഗ്യവുമായി ഭക്ഷണരീതി ബന്ധപ്പെട്ടിട്ടുണ്ട് എന്നതാണ് പ്രധാന കാരണം. പിന്നെ ഡയറ്റ് ചെയ്യണമെന്ന് സ്വന്തമായി ആഗ്രഹിച്ചില്ലെങ്കിൽ ആത്മാർഥത ഉണ്ടാവുകയുമില്ല. എപ്പോഴാണോ നമുക്ക് വേണമെന്ന് തോന്നുന്നത്, അപ്പോൾ മാത്രമേ ഡയറ്റ് തുടങ്ങാവൂ. അത് ഈ കാര്യത്തിലെന്നല്ല, എല്ലാ കാര്യത്തിലും അങ്ങനെ വേണം. എന്നാലേ വിജയമുണ്ടാവുകയുള്ളു.'

ഡയറ്റ് തുടങ്ങുന്നതിനു മുൻപ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. സ്വന്തം ശരീരത്തിന്റെ അവസ്ഥ എന്താണെന്ന് കൃത്യമായ ധാരണ വേണം. മറ്റൊരാളിന്റെ ഡയറ്റ് പ്ലാൻ നോക്കിയല്ല നമ്മൾ ഭക്ഷണം കഴിക്കേണ്ടത്. കാരണം എല്ലാവരുടെയും ശരീരപ്രകൃതി, ആരോഗ്യപ്രശ്നങ്ങൾ എന്നിവ ഒന്നല്ല. അസുഖങ്ങളെന്തെങ്കിലുമുണ്ടോ എന്നതെല്ലാം ഒരു പ്രധാന ഘടകമാണ്. അതിന് ഒരു ‍ഡയറ്റീഷ്യന്റെ സഹായം തേടാവുന്നതാണ്. ശരീരത്തിന്റെ അവസ്ഥയും ആവശ്യങ്ങളും അറിഞ്ഞ് ഡയറ്റ് തയാറാക്കാം. പ്രമേഹം, പിസിഒഡി, പിസിഒഎസ് എന്നിവ ഉള്ളൊരു വ്യക്തിക്ക് ഡയറ്റ് ചെയ്താലും പെട്ടെന്ന് വെയിറ്റ് കുറയണമെന്നില്ല. 

parvathy-4
പാർവതി ആർ കൃഷ്ണ. Image Credit: instagram.com/parvathy_r_krishna/

ജിമ്മിൽ പോയില്ലെങ്കിലും വർക്ഔട്ട് ചെയ്യാം
വർക്ഔട്ട് ചെയ്യുമ്പോഴും എന്തൊക്കെയാണ് വേണ്ടതെന്ന് കൃത്യമായി മനസ്സിലാക്കണം. എല്ലാവർക്കും ഒരേ ആവശ്യമല്ല ഉണ്ടായിരിക്കുന്നത്. ചിലർക്ക് ഭാരം കുറയ്ക്കണം, ചിലർക്ക് കൂട്ടണം. എന്റെ നാല് വർഷത്തെ വെയിറ്റ് ലോസ് ജേർണിയിൽ നിന്ന് ഞാൻ മനസ്സിലാക്കിയ ഒരു പ്രധാന കാര്യമുണ്ട്. 80 ശതമാനവും ഡയറ്റിലാണ് കാര്യം, ബാക്കി 20 ശതമാനം മാത്രമേ വർക്ഔട്ട് ശരീരഭാരം കുറയ്ക്കുന്നതിൽ സഹായകമാവുള്ളു. ഇനി വർക്ഒട്ട് ചെയ്യാൻ കാശ് മുടക്കി ജിമ്മിൽ പോകണമെന്ന് ഒരു നിർബന്ധവുമില്ല, വീട്ടിലിരുന്ന് ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും. എന്നാൽ ചില പോസ്ചറുകൾ ശരിയാകാതെ വരുന്നുണ്ടെങ്കിൽ ജിമ്മിൽ പോകുന്നത് നന്നായിരിക്കും. കാരണം ഭാവിയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകരുതല്ലോ. 

എന്റെ കാൽമുട്ടിന് പ്രശ്നമുണ്ടായിരുന്നത് കൊണ്ട് സ്ട്രെങ്ത് ട്രെയിനിങ് ചെയ്യണമായിരുന്നു. ആദ്യം മുട്ടിന് അധികം ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല. അത് പിന്നീട് പല പ്രശ്നങ്ങളുമുണ്ടാക്കി. ശരീരത്തിന് ഭാരം കൂടിയപ്പോഴെല്ലാം അത് മുട്ടിനെ ബാധിച്ചിരുന്നു. അത് കൊണ്ട് തുടക്കത്തിൽ ജിമ്മിൽ പോയിരുന്നു. ഇപ്പോൾ സ്വന്തമായാണ് വ്യായാമം ചെയ്യുന്നത്. തുടക്കത്തിൽ 2000 സ്റ്റെപ്സ് മാത്രം നടന്നിരുന്ന ഞാൻ പിന്നീടത് 5000 മുതൽ 10,000 സ്റ്റെപ്സ് വരെ നടക്കും.

parvathy-6
പാർവതി ആർ കൃഷ്ണ. Image Credit: instagram.com/parvathy_r_krishna/

ഇതാണ് എന്റെ ഡയറ്റ്
രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഒരു ഡ്രിങ്ക് കുടിക്കും. ഇഞ്ചി, ജീരകം, നാരങ്ങ, ഒരു വെളുത്തുള്ളി അല്ലി എന്നിവ തിളപ്പിച്ച് തേൻ ചേർത്താണ് കുടിക്കുന്നത്. പിന്നീട് ഒരു മണിക്കൂർ കഴിഞ്ഞ് ബ്രേക്ക്ഫാസ്റ്റ് കഴിക്കും. അത് സാധാരണ വീട്ടിലുണ്ടാക്കുന്ന പുട്ട്, ദോശ, അപ്പം എന്നിവ ഏതെങ്കിലും ആയിരിക്കും. മൂന്ന് എണ്ണമായിരിക്കും ഞാൻ കഴിക്കുക, എന്റെ ശരീരത്തിന് അതായിരുന്നു വേണ്ടിയിരുന്നത്. മറ്റുള്ളവർക്ക് ഇത് ചിലപ്പോൾ കൂടുതലോ കുറവോ ആയിരിക്കും. പെട്ടെന്ന് എണ്ണം കുറയ്ക്കാൻ ബുദ്ധിമുട്ട് ഉള്ളവർ പതിയെ കുറച്ചു കൊണ്ടുവന്നാൽ മതിയാകും.

രാവിലെ പോഹ കഴിക്കുന്നത് എനിക്ക് നല്ലതായിരുന്നു. ഓട്സ്, മുസലി എന്നിവയും കഴിക്കാം. ഇതിന്റെ കൂടെ യോഗർട് ഉപയോഗിക്കാവുന്നതാണ് .

പിന്നെ ഒരു 11 മണിക്ക് പഴങ്ങളോ ഓട്സോ എന്തെങ്കിലും കഴിക്കും. ഉച്ചയ്ക്ക് സാലഡ്. ബ്രൗൺ റൈസ് അങ്ങനെ എന്തെങ്കിലും കഴിക്കും. ഡയറ്റ് ചെയ്യുന്ന സമയത്ത് ധാരാളം പച്ചക്കറികൾ കഴിക്കും. ചിക്കനോ മീനോ കഴിക്കുകയാണെങ്കില്‍ കറിയായിട്ട് മാത്രമേ ഉപയോഗിക്കാറുള്ളു. വറുത്ത് കഴിക്കാറില്ല. വൈകിട്ട് നാല് മണി സമയത്ത് തണ്ണിമത്തൻ പോലുള്ള കട്ട്ഫ്രൂട്സ് എന്തെങ്കിലും കഴിക്കും. ചർമത്തിന്റെ തിളക്കം കൂട്ടാൻ ഈ പഴങ്ങൾ കഴിക്കുന്നത് ഒരുപാട് സഹായിക്കും. 

രാത്രി ഭക്ഷണം 8 മണിക്കുള്ളിൽ കഴിക്കും. വൈകിയാൽ മാക്സിമം 8.30. അതിലും താമസിച്ച് ഡിന്നർ കഴിക്കാറില്ല. പൊതുവേ രാത്രി ഗോതമ്പ് ഭക്ഷണമാണ് കഴിക്കുന്നത്, അല്ലെങ്കിൽ സാലഡ്. വയറില്‍ കൊഴുപ്പ് അടിയുന്നതിന്റെ പ്രധാന കാരണം വൈകിയുള്ള ഭക്ഷണശീലമാണ്. അമ്മയായ ശേഷം പലർക്കുമുണ്ടാകുന്ന ബെല്ലിഫാറ്റ് പോലും എനിക്ക് ഉണ്ടായിരുന്നില്ല. നേരത്തെ അത്താഴം കഴിക്കുന്നതാണ് കാരണം. എപ്പോഴും ശ്രദ്ധിക്കേണ്ടത് ഒരുപാട് വെള്ളം കുടിക്കണമെന്നുള്ളതാണ്. 

നിശ്ചയദാർഢ്യം കൈയ്യിലുണ്ടെങ്കിൽ പാർവതിയെപ്പോലെ ആർക്കും ശരീരഭാരം കുറയ്ക്കാം. കാമറയ്ക്കു മുന്നിൽ മാത്രമല്ല സ്വന്തം ജീവിതത്തിലും പലർക്കും റോൾമോഡൽ തന്നെയാണ് പാർവതി.

പട്ടിണി കിടന്നാൽ അമിതവണ്ണം കുറയുമോ? വിഡിയോ

English Summary:

Parvathy R Krishnan Weightloss Journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com