ADVERTISEMENT

ബോളിവുഡിലെ അറിയപ്പെടുന്ന താരങ്ങളുടെ മകളായാണ് സാറയെ ജനങ്ങൾ ആദ്യമായി അറിഞ്ഞത്. എന്നാൽ കുറച്ചു കാലങ്ങൾക്കിപ്പുറം സിനിമാലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ് സാറ അലി ഖാൻ എന്ന ഇരുപത്തിയെട്ടുകാരി. അഭിനേതാക്കളായ സെയ്ഫ് അലി ഖാൻ അമൃത സിംഗ് ദമ്പതികളുടെ മകളായതു കൊണ്ട് ലൈംലൈറ്റിലാണ് സാറയുടെ കുട്ടിക്കാലം മുതലുള്ള ജീവിതം. എന്നാൽ അമിതവണ്ണമുള്ള സാധാരണ ഒരു പെൺകുട്ടിയായിരുന്നു അവൾ. കളിയാക്കലുകൾക്കുമുന്നിൽ കണ്ണീരൊഴുക്കിയ ഒരു ബാല്യം സാറയ്ക്കുണ്ട്. എന്നാൽ കാലം മുന്നോട്ടു പോകവേ, 96 കിലോ ഭാരമുണ്ടായിരുന്ന സാറ ചുരുങ്ങിയ കാലയളവിൽ കുറച്ചത് 45 കിലോയാണ്. വിശ്വസിക്കാൻ പ്രയാസം. 

ന്യൂയോർക്കിലെ പഠനകാലത്താണ് സാറ തന്റെ ജീവിതം മാറ്റി മറിക്കാന്‍ തീരുമാനിച്ചത്. കരൺ ജോഹർ സിനിമയിലേക്ക് ക്ഷണിച്ചതാണ് വഴിത്തിരിവായത്. അതുവരെയും പിസ്സയും പോപ്കോണും ഏറ്റവും പ്രിയപ്പെട്ട ട്രിപ്പിൾ ചോക്ലേറ്റ് ബ്രൗണിയുമാണ് സാറയുടെ ഭക്ഷണത്തിൽ പ്രധാനികളായിരുന്നവർ. മൂന്ന് നേരവും പിസ്സ കഴിക്കാൻ തനിക്ക് കഴിയുമായിരുന്നുവെന്ന് പലപ്പോഴായി സാറ പറഞ്ഞിട്ടുണ്ട്. ''അക്കാലത്ത്, എനിക്ക് നല്ലൊരു നാളെ ഉണ്ടാകുമെന്ന് തോന്നിയിരുന്നില്ല. അങ്ങനെയെങ്കിൽ ഭക്ഷണമെങ്കിലും ആസ്വദിക്കാമല്ലോ എന്നാണ് ഞാൻ കരുതിയത്. 85 കിലോ ഭാരമുണ്ടായിരുന്ന സമയത്തും, ഇപ്പോൾ ഇത്രയും ഭാരമുണ്ടല്ലോ ഇനി 96 കിലോ ആയാലും വലിയ വ്യത്യാസം വരാൻ ഇല്ലല്ലോ എന്നായിരുന്നു തോന്നൽ. അമിതവണ്ണത്തെ ഒരിക്കലും അങ്ങനെ ആയിരുന്നില്ല നേരിടേണ്ടിയിരുന്നതെന്ന് പിന്നീടെനിക്ക് മനസ്സിലായി'.- സാറ അഭിമുഖകളിൽ പറഞ്ഞു. 

sara-ali-khan1
സാറാ അലി ഖാൻ. Image Credit: instagram/saraalikhan95

ഹെൽത്തി ആയൊരു ‍ഡയറ്റ് തുടങ്ങിയതിനു ശേഷം സാറയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് വന്നത്. ഇഷ്ടപ്പെട്ട പിസ്സയും ബ്രൗണിയുമെല്ലാം ഒഴിവാക്കേണ്ടിവന്നു. പഴങ്ങളും പച്ചക്കറിയും, പ്രോട്ടീൻ, മുഴുധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി. കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറയ്ക്കുന്നതിലും സാറ ശ്രദ്ധിച്ചിരുന്നു. ഭക്ഷണത്തിൽ കൂടുതലും ചിക്കനും മുട്ടയും പച്ചക്കറികളും ഉൾപ്പെടുത്താൻ തുടങ്ങി. കാർബോഹൈഡ്രേറ്റ് കുറച്ചും, പ്രോട്ടീൻ കൂടുതലുമുള്ള ഭക്ഷണങ്ങളാണ് ഭാരം കുറയ്ക്കാൻ സഹായിച്ചത്. രാവിലെ ടോസ്റ്റ് ചെയ്ത ബ്രഡും മുട്ടയുടെ വെള്ളയും കഴിക്കും. അതല്ലെങ്കിൽ ദോശയോ ഇഡ്ഢലിയോ കഴിക്കും. ഉച്ചയ്ക്ക് ദാൽ, പച്ചക്കറി കൊണ്ടുള്ള ഏതെങ്കിലും കറി, ചപ്പാത്തി, സാലഡ് എന്നിവയാണ് ഭക്ഷണം. പഞ്ചസാര, പാൽ, കാർബുകൾ എന്നിവ താൻ കഴിക്കാറില്ലെന്ന് സാറ പറഞ്ഞിട്ടുണ്ട്. 

sara-ali-khan-fitness
സാറാ അലി ഖാൻ. Image Credit: instagram/saraalikhan95

ഭക്ഷണം മാത്രമല്ല സാറയുടെ ശരീരഭാരം കുറയ്ക്കാൻ കാരണമായത്. വ്യായാമം നിർബന്ധം. ജിമ്മിലെ ആദ്യത്തെ ദിവസങ്ങൾ സാറയ്ക്ക് ദുരിതമായിരുന്നു. തനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന വിഷമം ആകെ അസ്വസ്ഥയാക്കി. എന്നാൽ പിറ്റേന്നും മടി കൂടാതെ ജിമ്മിലെത്തി കഴിഞ്ഞ ദിവസം ചെയ്തതിനെക്കാൾ ഒരു തവണയെങ്കിലും കൂടുതൽ ചെയ്യാൻ ശ്രമിച്ചു. കാർഡിയോ ചെയ്തുകൊണ്ടാണ് സാറ തന്റെ ഭാരംകുറയ്ക്കാൻ തുടങ്ങിയത്. സ്ട്രെങ്ത് ട്രെയിനിങ്, പിലാറ്റെസ്, യോഗ എന്നീ വ്യായാമങ്ങളും ശീലിച്ചിരുന്നു.

പലർക്കും വർക്ഔട്ടിനു ശേഷം എന്തു കഴിക്കണമെന്ന സംശയമുണ്ടാകാറുണ്ട്. ഗ്രീക്ക് യോഗർട്ടിൽ അൽപം പ്രോട്ടീൻ പൗഡറും കോഫിയും ചേർത്ത് കഴിക്കുന്നതാണ് സാറയ്ക്ക് ഇഷ്ടം. കീറ്റോ ഡയറ്റ് ശ്രമിച്ച് പാളിപ്പോയൊരു വ്യക്തിയാണ് താനെന്നും ആഴ്ചയിലൊരിക്കൽ ചീറ്റ് മീൽ എടുക്കുന്നതിൽ തെറ്റില്ലെന്നുമാണ് സാറയുടെ അനുഭവം. ഇടയ്ക്ക് എന്തെങ്കിലും കൊറിക്കാൻ തോന്നിയാൽ വെള്ളരിക്കയാണ് കഴിക്കാറ്.

sara-ali-khan3
സാറാ അലി ഖാൻ. Image Credit: instagram/saraalikhan95

സാറയെ സംബന്ധിച്ച് ഭാരം കുറഞ്ഞുവെന്നു കരുതി അശ്രദ്ധ കാണിക്കാൻ പറ്റില്ല. ഇപ്പോഴും വളരെ ശ്രദ്ധിച്ചാണ് ആഹാരം കഴിക്കുന്നത്. അങ്ങനെ ചെയ്തില്ലെങ്കിൽ ഭാരം പെട്ടെന്നു കൂടും. എപ്പോഴും ഇതേ ട്രാക്കിൽ ആയിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ആദ്യം മുതൽക്കേ ശരീരഭാരം കൂടുന്നതനുസരിച്ച് ഒരുപാട് മാറ്റങ്ങൾ വന്നിരുന്നു. ശരീരഭാരം കുറയ്ക്കുമ്പോള്‍ കാണാനുള്ള ഭംഗി മാത്രമല്ല, ആരോഗ്യം സംരക്ഷിക്കണമെന്ന തോന്നലിലായിരിക്കണം ശരീരഭാരം കുറയ്ക്കേണ്ടതെന്നാണ് സാറയുടെ അഭിപ്രായം. പിസിഒഡി പ്രശ്നങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് ശരീരഭാരം കുറച്ചത് ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനു കാരണമായി. പിസിഒഡി മാറ്റാൻ ഒരു ശാശ്വത പരിഹാരമില്ല, സ്ഥിരമായി ജീവിതശൈലി നല്ല രീതിയിൽ കൊണ്ടുപോവുക എന്നതാണ് വഴി. ശരീരഭാരം കുറയ്ക്കാനാവില്ലെന്നു കരുതി വിഷമിച്ചിരിക്കുന്നവർക്ക് സാറയുടെ ജീവിതം ഒരു പാഠമാണ്. 

പട്ടിണി കിടന്നാൽ ശരീരഭാരം കുറയുമോ? വിഡിയോ

English Summary:

Sara Ali Khan Weightloss Journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com