ADVERTISEMENT

പേടിപ്പെടുത്തുന്ന ഭയാനക സ്വപ്‌നങ്ങള്‍ നിങ്ങള്‍ പതിവായി കാണാറുണ്ടോ? പകലിലും സ്വപ്‌നം പോലുള്ള മായാദൃശ്യങ്ങള്‍ നിങ്ങളെ അലട്ടാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക, ഇവ ലൂപസ് പോലുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളുടെ ലക്ഷണമാകാമെന്ന് കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനം വെളിപ്പെടുത്തുന്നു.

നമ്മെ രോഗങ്ങളില്‍ നിന്ന് രക്ഷിക്കുന്ന പ്രതിരോധ കോശങ്ങള്‍ ശരീരത്തിനുള്ളിലെ തന്നെ ആരോഗ്യമുള്ള കോശങ്ങള്‍ക്കെതിരെ തിരിയുന്നത് മൂലം സംഭവിക്കുന്ന രോഗങ്ങളെയാണ് ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്ന് വിളിക്കുന്നത്. മള്‍ട്ടിപ്പിള്‍ സ്‌ക്‌ളീറോസിസ്, ആമവാതം, ലൂപസ് എന്നിവയെല്ലാം ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളുടെ പട്ടികയില്‍പ്പെടുന്നു. ഇവയുടെ ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടും മുന്‍പ് തന്നെ മനസ്സിനെ ബാധിച്ച് തുടങ്ങാമെന്ന് ഇക്ലിനിക്കല്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു.

Representative image. Photo Credit: Ground Picture/Shutterstock.com
Representative image. Photo Credit: Ground Picture/Shutterstock.com

മനശാസ്ത്രപരവും നാഡീവ്യൂഹപരവുമായ ലക്ഷണങ്ങള്‍ ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളുമായി ബന്ധപ്പെട്ട് ആദ്യ സൂചനകളായി പുറത്ത് വരാമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ കേംബ്രിജ് പൊതുജനാരോഗ്യ, പ്രാഥമിക പരിചരണ വിഭാഗം ഡോക്ടര്‍ മെലനി സ്ലൊവാന്‍ പറയുന്നു. ഭയാനക സ്വപ്‌നങ്ങള്‍ക്ക് പുറമേ വിഷാദരോഗം, ദേഷ്യം, മോശം ഉറക്കം, മതിഭ്രമം പോലുള്ള ലക്ഷണങ്ങള്‍ ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളുടെ ഫലമായി ഉണ്ടാകാം.

ലൂപസ് രോഗബാധിതരായ 676 പേരിലും 400 ആരോഗ്യപരിചരണ ദാതാക്കളിലുമാണ് ഗവേഷണം നടത്തിയത്. നാഡീവ്യൂഹപരവും മനശാസ്ത്രപരവുമായ ലക്ഷണങ്ങള്‍ പ്രത്യക്ഷമായ സമയത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ലൂപസ് നിര്‍ണ്ണയിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് തന്നെ ക്ഷീണം, മോശം മൂഡ്, തടസ്സപ്പെട്ട ഉറക്കം പോലുള്ള ലക്ഷണങ്ങള്‍ മൂന്നിലൊന്ന് പേരിലും ഉണ്ടായതായി ഗവേഷകര്‍ നിരീക്ഷിച്ചു.

shoulder-pain-arthritis-Photoroyalty-Shutterstock
Representative image. Photo Credit: photoroyalty/Shutterstock.com

ലൂപസ് വന്നവരില്‍ അഞ്ചില്‍ മൂന്ന് പേരും ആമവാതം വന്നവരില്‍ മൂന്നിലൊന്ന് പേരും കൊലപാതകം, ആളുകളുടെ തൊലിയുരിക്കല്‍ പോലുള്ള ഭയാനകമായ സ്വപ്‌നങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ട് പറയുന്നു. പലര്‍ക്കും സ്വപ്‌നത്തിനകത്ത് തങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായും ആരോ നെഞ്ചത്ത് കയറി ഇരിക്കുന്നത് പോലെയും അനുഭവപ്പെട്ടതായും ഗവേഷകര്‍ രേഖപ്പെടുത്തുന്നു.

എന്നാല്‍ എന്തു കൊണ്ടാണ് ഓട്ടോ ഇമ്മ്യൂണ്‍ രോഗമുള്ളവരില്‍ ഭയാനകമായ സ്വപ്‌നങ്ങള്‍ ഉണ്ടാകുന്നതെന്ന് ഗവേഷണ റിപ്പോര്‍ട്ട് കൃത്യമായി പറയുന്നില്ല. ലൂപസ് രോഗികള്‍ക്ക് ഉറക്കം ശരിയാകാത്തത് പല മതിഭ്രമങ്ങള്‍ക്കും കാരണമാകാമെന്ന് ഗവേഷകര്‍ സൂചിപ്പിക്കുന്നു.

രാവിലെ തന്നെ തുമ്മലോ? വിഡിയോ

English Summary:

New Study Links Nightmares to Autoimmune Diseases Like Lupus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com