പാനി പൂരി കഴിക്കും മുൻപ് അറിയാൻ
Mail This Article
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും ബംഗാളിൽനിന്നും തൊഴിലാളികളെത്തിയതിനു പിന്നാലെ കേരളത്തിൽ വ്യാപകമായ വിഭവമാണ് പാനി പൂരി. മലയാളികളാകട്ടെ, ഇത് ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ ചേരുവകളെക്കുറിച്ചോ ഇവ എത്രത്തോളം ഭക്ഷ്യയോഗ്യമാണെന്നോ ശ്രദ്ധിക്കാതെയാണ് പലരും ഇതുവാങ്ങി കഴിക്കുന്നത്. നേരത്തേ ഉണ്ടാക്കിവച്ച കൂട്ടും പാനീയങ്ങളുമാണ് ഇതിന്റെ ചേരുവകൾ.
ഭക്ഷ്യവസ്തുക്കൾ പഴകുമ്പോൾ വളരുന്ന സാൽമൊണല്ല, സ്റ്റെഫല്ലോകോക്കസ് തുടങ്ങിയ ബാക്ടീരിയകളുടെ സാന്നിധ്യം പലപ്പോഴും ഇത്തരം ഭക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറയിൽ പാനിപൂരി കഴിച്ച ഒരു വീട്ടമ്മ ഛർദ്ദിച്ചതിനെത്തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ദുർഗന്ധം വമിക്കുന്ന, ഭക്ഷ്യയോഗ്യമല്ലാത്ത പാനി പൂരി പിടിച്ചെടുത്തിരുന്നു. ഹെൽത് ഇൻസ്പെക്ടർമാരും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഇത്തരം വണ്ടിക്കടകൾ കണ്ടെത്തി പൂട്ടിക്കാറുണ്ടെങ്കിലും കൂണുപോലെ ഇവ വീണ്ടും മുളച്ചുയരും.
സൂക്ഷ്മതയോടെയും ശുചിത്വത്തോടെയും തയാറാക്കുന്നില്ലെങ്കിൽ മാരക ഭക്ഷ്യവിഷബാധയ്ക്ക് പാനി പൂരി കാരണമാകും. അതിനാൽ ഇവ കഴിക്കും മുൻപ്, ചുറ്റുപാടുകളുടെയും ഉണ്ടാക്കുന്നവരുടെയും ശുചിത്വം ഉറപ്പാക്കുക.