മഞ്ഞനിറത്തിലുള്ള ഭക്ഷണം കഴിക്കണം; കാരണമിതാണ്
Mail This Article
പച്ചനിറത്തിലുള്ള പച്ചക്കറികൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം എന്ന് എല്ലാവരും പറയാറുണ്ട്. എന്നാൽ നിറങ്ങളുള്ള, പ്രത്യേകിച്ച് മഞ്ഞ നിറത്തിലുള്ള പച്ചക്കറികൾ ആരോഗ്യത്തിന് എത്രമാത്രം ഗുണം ചെയ്യും എന്നറിയാമോ സൂര്യപ്രകാശത്തിന്റെയും സന്തോഷത്തിന്റെയും നിറമാണ് മഞ്ഞ. തിളക്കമുള്ള ചർമവും രോഗപ്രതിരോധ ശക്തിയും ഏകാൻ മഞ്ഞനിറ ഭക്ഷണങ്ങൾ സഹായിക്കും.
മഞ്ഞനിറ ഭക്ഷ്യവസ്തുക്കളിൽ കരോട്ടിനോയ്ഡുകളും ബയോഫ്ലവനോയ്ഡുകളും ധാരാളം ഉണ്ട്. ഇവ ആന്റി ഓക്സിഡന്റുകളായി പ്രവർത്തിച്ച് രോഗങ്ങളെ അകറ്റുന്നു. ഫ്രീറാഡിക്കലുകളുടെ നാശം തടയാനും ഇൻഫ്ലമേഷൻ കുറയ്ക്കാനും ഇവ സഹായിക്കുന്നു.
മഞ്ഞ നിറഭക്ഷണങ്ങളിലെ ബയോഫ്ലേവനോയ്ഡുകളെ ജീവകം പി എന്നു വിളിക്കുന്നു. ഇവ ജീവകം സി യെ വിഘടിപ്പിക്കാൻ സഹായിക്കുകയും ചർമത്തെ പുതുമയോടെ നിലനിർത്തുകയും ചെയ്യുന്നു. ഇത് കൊളാജന്റെ നിർമാണത്തിനു സഹായിക്കുന്നു. ചർമത്തെ ചെറുപ്പമുള്ളതാക്കുന്നു.
മഞ്ഞ നിറത്തിലുള്ള കാപ്സിക്കം, പൈനാപ്പിൾ ഇവയില്‍ ധാരാളം പൊട്ടാസ്യം ഉണ്ട്. നാരങ്ങ, മാങ്ങ ഇവയിലാകട്ടെ ജീവകം സി ധാരാളം ഉണ്ട്. ഇത് രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു. ചർമത്തെ തിളക്കമുള്ളതാക്കുന്നു. എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. കൊളസ്ട്രോളും രക്തസമ്മർദവും കുറയ്ക്കുന്നു. തലമുടിയുടെ ആരോഗ്യത്തിനും ദന്താരോഗ്യത്തിനും ജീവകം സി മികച്ചതാണ്.
മഞ്ഞ നിറത്തിലുള്ള ഭക്ഷ്യവസ്തുക്കൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. വാഴപ്പഴം, പൈനാപ്പിൾ, മഞ്ഞ കാപ്സിക്കം, നാരങ്ങ, മാങ്ങ ഇവയെല്ലാം മഞ്ഞ നിറത്തിലുള്ള ഭക്ഷണങ്ങളാണ്.
വാഴപ്പഴത്തിന് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങളുണ്ട്. പൈനാപ്പിൾ ദഹനത്തിനു സഹായിക്കുന്നു. ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. മഞ്ഞ നിറ കാപ്സിക്കത്തിൽ നാരുകൾ, ഫോളേറ്റ്, അയൺ, ആന്റി ഓക്സിഡന്റുകൾ ഇവ ധാരാളം ഉണ്ട്. ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും കിഡ്നി സ്റ്റോൺ വരാതെ തടയാനും നാരങ്ങ സഹായിക്കും. കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ മാമ്പഴം സഹായിക്കും. തിമിരം, മക്യുലാർ ഡീജനറേഷൻ ഇവ തടയാൻ സഹായിക്കും. സീസാന്തിൻ ധാരാളം അടങ്ങിയ മാമ്പഴം ഏറ്റവും ആരോഗ്യകരമായ ഒരു ഫലവർഗമാണ്.
English Summary: Yellow colour fruits health benefits