യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ ഈ 10 ഭക്ഷണ പാനീയങ്ങൾ
Mail This Article
ശരീരം പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കളെ വിഘടിപ്പിക്കുമ്പോൾ രൂപപ്പെടുന്ന മാലിന്യ വസ്തുവാണ് യൂറിക് ആസിഡ്. സാധാരണ ഗതിയില്‍ ഇവ രക്തത്തില്‍ അലിഞ്ഞ് ചേരുകയും വൃക്കകള്‍ ഇവയെ അരിച്ച് മൂത്രത്തിലൂടെ പുറത്ത് വിടുകയും ചെയ്യുന്നു. എന്നാല്‍ പ്യൂറൈനുകള്‍ അധികമുള്ള ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നതിലൂടെ ചിലപ്പോള്‍ യൂറിക് ആസിഡ് തോത് ശരീരത്തില്‍ ഉയര്‍ന്നെന്ന് വരാം. ഇവ സന്ധികളില്‍ കെട്ടികിടന്ന് ഗൗട്ട് എന്ന് പറയുന്ന സന്ധിവേദനയുണ്ടാക്കാം. വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെടുന്നതിനും യൂറിക് ആസിഡ് കാരണമാകാം.
ശരീരത്തിലെ യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണവിഭവങ്ങള്‍ ഇനി പറയുന്നവയാണ്.
1. ഗ്രീന്‍ ടീ
ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന കറ്റേച്ചിന്‍ എന്ന ആന്‍റി ഓക്സിഡന്‍റുകള്‍ യൂറിക് ആസിഡ് നിര്‍മാണവുമായി ബന്ധപ്പെട്ട ചില എന്‍സൈമുകളെ മന്ദീഭവിപ്പിക്കുന്നു.
2. ആപ്പിള്‍ സിഡര്‍ വിനഗര്‍
ആപ്പിള്‍ സിഡര്‍ വിനഗറില്‍ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് യൂറിക് ആസിഡിനെ വിഘടിപ്പിച്ച് ഇവയെ ശരീരത്തില്‍ നിന്ന് പുറന്തള്ളാന്‍ സഹായിക്കുന്നു.
3. സിട്രസ് പഴങ്ങള്‍
ഓറഞ്ച്, നാരങ്ങ എന്നിങ്ങനെയുള്ള സിട്രസ് പഴങ്ങള്‍ ശരീരത്തിലെ യൂറിക് ആസിഡിനെ നിയന്ത്രിക്കാന്‍ സഹായകമാണ്.
4. ഫൈബര്‍ നിറഞ്ഞ ഭക്ഷണങ്ങള്‍
യൂറിക് ആസിഡ് രക്തത്തിലേക്ക് ആഗീരണം ചെയ്യപ്പെടാനും ഇത് വഴി ശരീരത്തില്‍ നിന്ന് അവ പുറന്തള്ളാനും നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കുന്നു.
5. ചെറി പഴങ്ങള്‍
ചെറി പഴങ്ങളില്‍ ആന്തോസയാനിനുകള്‍ എന്ന ആന്‍റി ഇന്‍ഫ്ളമേറ്ററി വസ്തുക്കള്‍ അടങ്ങിയിരിക്കുന്നു.ഇത് ശരീരത്തിലെ യൂറിക് ആസിഡ് നിയന്ത്രണത്തില്‍ സഹായകമാണ്.
6. പച്ചക്കറി ജ്യൂസ്
വീട്ടില്‍ തന്നെ തയാറാക്കാവുന്ന കാരറ്റ്, ബീറ്റ്റൂട്ട്, വെള്ളരി ജ്യൂസുകളും യൂറിക് ആസിഡ് തോത് നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സഹായിക്കുന്നു.
7. കൊഴുപ്പ് കുറഞ്ഞ പാലുൽപന്നങ്ങള്‍
കൊഴുപ്പ് കുറഞ്ഞ പാലും പാലുൽപന്നങ്ങളും യൂറിക് ആസിഡ് തോതിനെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സഹായകമാണ്.
8. ഒലീവ് എണ്ണ
ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ളതാണ് ഒലീവ് എണ്ണ. ഇത് ഉയര്‍ന്ന തോതിലുള്ള യൂറിക് ആസിഡിനെ കുറയ്ക്കുന്നു.
9. ഒമേഗ -3 ഫാറ്റി ആസിഡ്
കടല്‍ മീനുകളിലും മറ്റും സുലഭമായി കാണുന്ന ഒന്നാണ് ഒമേഗ-3 ഫാറ്റി ആസിഡ്. യൂറിക് ആസിഡ് സന്ധികളില്‍ ഉണ്ടാക്കുന്ന നീര്‍ക്കെട്ടും വേദനയുമെല്ലാം നിയന്ത്രിക്കാന്‍ ഒമേഗ-3 ഫാറ്റി ആസിഡ് സഹായിക്കുന്നു.
10. വെള്ളം
അമിതമായ യൂറിക് ആസിഡ് ഉള്‍പ്പെടെ പല മാലിന്യ വസ്തുക്കളും ശരീരത്തില്‍ നിന്ന് പോകുന്നത് മൂത്രം വഴിയാണ്. ആവശ്യമായ തോതില്‍ വെള്ളം കുടിക്കേണ്ടതും ഇതിനാല്‍ സുപ്രധാനമാണ്.
Content Summary: Foods to lower Uric Acid Level