ADVERTISEMENT

പച്ചക്കറികൾ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന് നമുക്കറിയാം. പച്ചക്കറികളുടെ കൂട്ടത്തിൽ പലരും ഒഴിവാക്കുന്ന ഒന്നാണ് പീച്ചിങ്ങ. നരമ്പൻ, പൊട്ടിക്ക എന്നീ പേരുകളിലും അറിയപ്പെടുന്ന പീച്ചിങ്ങ ഒരു തനി നാടൻ പച്ചക്കറിയാണ്. 

വൈറ്റമിനുകളും ധാതുക്കളും ധാരളമായടങ്ങിയ പീച്ചിങ്ങ, ഒരു പോഷകക്കലവറ തന്നെയാണ്. വൈറ്റമിൻ എ ധാരാളം ഇതിലുണ്ട് ഇത് കണ്ണുകൾക്കും ചർമത്തിനും ആരോഗ്യമേകുന്നു. രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്താൻ സഹായിക്കുന്ന വൈറ്റമിന്‍ സി, ബി വൈറ്റമിനുകളായ ഫോളേറ്റ് എന്നിവയും പീച്ചിങ്ങയിലുണ്ട്. ഗർഭിണികളിൽ ഗർഭസ്ഥശിശുവിന്റെ ന്യൂറല്‍ ട്യൂബ് ഡിഫക്ടുകൾ ഒഴിവാക്കാൻ ഫോളേറ്റ് സഹായിക്കും. 

കാലറി കുറവ്, നാരുകൾ കൂടുതൽ

കാലറിയെക്കുറിച്ച് ബോധവാനാണ് നിങ്ങൾ എങ്കിൽ പീച്ചിങ്ങ ഒരു ബെസ്റ്റ് ഓപ്ഷൻ ആണ്. പീച്ചിങ്ങയിൽ ഫൈബർ ധാരാളമുണ്ട്. കാലറി വളരെ കുറവുമാണ്. ദഹനം സുഗമമാക്കാനും മലബന്ധം അകറ്റാനും സഹായിക്കുന്നു. ഏറെ നേരം വയർ നിറഞ്ഞതായി തോന്നിക്കുമെന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പീച്ചിങ്ങ കഴിക്കുന്നത് ഗുണം ചെയ്യും. 

ഹൃദയാരോഗ്യം
പീച്ചിങ്ങയിലടങ്ങിയ നാരുകൾ ഹൃദയത്തെയും ആരോഗ്യമുള്ളതാക്കുന്നു. ഫൈബർ ധാരാളമടങ്ങിയ ഭക്ഷണം ഹൃദ്രോഗസാധ്യത കുറയ്ക്കും. പീച്ചിങ്ങയിൽ പൊട്ടാസ്യം ഉണ്ട്. ഇത് രക്തസമ്മർദം നോർമൽ ആക്കുന്നു. ഹൃദയാരോഗ്യം നിലനിർത്തുന്നു. 

ആന്റി ഓക്സിഡന്റ് ഗുണങ്ങൾ
ഫ്ലവനോയ്ഡുകൾ, ബീറ്റാകരോട്ടിൻ എന്നീ ആന്റി ഓക്സിഡന്റുകൾ പീച്ചിങ്ങയിലുണ്ട്. ഫ്രീറാഡിക്കലുകളെ തുരത്താൻ ഇവ സഹായിക്കും. കാൻസർ പോലുള്ള രോഗങ്ങൾ വരാതെ തടയാൻ ആന്റിഓക്സിഡന്റുകൾ സഹായിക്കും. 

പ്രമേഹരോഗികൾക്ക്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പീച്ചിങ്ങ സഹായിക്കും. ഇത് ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറഞ്ഞ ഭക്ഷണമാണ്. അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ  സഹായിക്കും. പ്രമേഹരോഗികൾ തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒരു പച്ചക്കറിയാണ് പീച്ചിങ്ങ.

ജലാംശം നിലനിർത്തുന്നു
പീച്ചിങ്ങയിൽ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. ദഹനം, രക്തചംക്രമണം, താപനില നിയന്ത്രണം തുടങ്ങിയ പ്രക്രിയകൾക്കെല്ലാം ശരീരത്തിൽ ജലാംശം അടങ്ങിയിരിക്കേണ്ടത് ആവശ്യമാണ്. പീച്ചിങ്ങ പോലുള്ള പച്ചക്കറികൾ കഴിക്കുന്നത് ശരീരത്തെ ഹൈഡ്രേറ്റഡ് ആയി നിലനിർത്താൻ സഹായിക്കും. 

എല്ലുകളുടെ ആരോഗ്യം 
കാൽസ്യം, ഫോസ്ഫറസ് എന്നീ രണ്ട് ധാതുക്കൾ പീച്ചിങ്ങയിലുണ്ട്. എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ പീച്ചിങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. പ്രായമാകുന്തോറും എല്ലുകളുടെ സാന്ദ്രത പ്രശ്നമായി വരുന്നതിനാൽ പ്രത്യേകിച്ചും.

Content Summary: Health benefits of Ridge Gourd

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com