കോവിഡ് പുരുഷന്മാരുടെ ഉദ്ധാരണശേഷിയെയും ബീജഗുണത്തെയും ബാധിക്കും
Mail This Article
മനുഷ്യശരീരത്തിലെ ഏതാണ്ട് എല്ലാ അവയവങ്ങളെയും ബാധിക്കാവുന്ന മാരക വൈറസാണ് സാര്‍സ് കോവ്-2. ശ്വാസകോശത്തെയും ഹൃദയത്തെയും തലച്ചോറിനെയുമൊക്കെ ബാധിക്കുന്ന കോവിഡ് ലൈംഗികാവയങ്ങളെയും വെറുതേ വിടില്ലെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. സെക്‌ഷ്വല്‍ മെഡിസിന്‍ ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പഠനം ലൈംഗികാരോഗ്യത്തിന് മേല്‍ കോവിഡ് ചെലുത്തുന്ന ദീര്‍ഘകാല, ഹ്രസ്വകാല പ്രത്യാഘാതങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.
2,30,000 പുരുഷന്മാരെ പങ്കെടുപ്പിച്ച് നടത്തിയ പഠനത്തില്‍ കോവിഡ് മൂലം ലൈംഗിക ഉദ്ധാരണശേഷിക്കുറവ് പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് കണ്ടെത്തുകയായിരുന്നു. ജൈവശാസ്ത്രപരമായ കാരണങ്ങള്‍ കൂടാതെ സാമൂഹിക കാരണങ്ങളും ലൈംഗികാരോഗ്യത്തെ ബാധിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. കോവിഡ് അനുബന്ധ നിയന്ത്രണങ്ങള്‍ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുകയും ലൈംഗിക തകരാറുകളുടെ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മഹാമാരിക്കാലത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് കായിക പ്രവര്‍ത്തനങ്ങളില്‍ വന്ന കുറവും മാനസിക സമ്മര്‍ദവും സാമ്പത്തിക പ്രശ്നങ്ങളും വിനോദപ്രവര്‍ത്തനങ്ങളുടെ കുറവും ലൈംഗികാരോഗ്യത്തെ സാരമായി ബാധിച്ചതായി 2454 സ്ത്രീകളിലും 3765 പുരുഷന്മാരിലും നടന്ന മറ്റൊരു പഠനവും കൂട്ടിച്ചേര്‍ക്കുന്നു.
ഇവയെല്ലാം കോവിഡിന്‍റെ ദീര്‍ഘകാല ഫലമാണെങ്കില്‍ ഹ്രസ്വകാലത്തേക്ക് ബീജത്തിന്‍റെ ചലനശേഷിയെ ബാധിക്കാനും കൊറോണ വൈറസിന് സാധിക്കുന്നതായി ഗവേഷകര്‍ പറയുന്നു. ഫെര്‍ട്ടിലിറ്റി ആന്‍ഡ് സ്റ്റെര്‍ലിറ്റി ജേണലില്‍ 2022 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് ബീജത്തിന്‍റെ അളവിനെയും ചലനശേഷിയെയും കോവിഡ് അണുബാധ കുറയ്ക്കുന്നതായി പറയുന്നു. കോവിഡില്‍ നിന്ന് രോഗമുക്തി നേടിയ ഉടനെ പരിശോധന നടത്തിയ പുരുഷന്മാരില്‍ ഇത് വലിയ തോതില്‍ കണ്ടെത്തി. എന്നാല്‍ രണ്ട് മാസത്തിനപ്പുറം ഇതിന്‍റെ പ്രഭാവം ദൃശ്യമായിരുന്നില്ല.
കോവിഡ് ലൈംഗിക ബന്ധം വഴി പകരുമെന്നതിന് തെളിവില്ലെങ്കിലും ലൈംഗിക ബന്ധ സമയത്തെ അടുത്തുള്ള ഇടപെടല്‍ രോഗപടര്‍ച്ചയ്ക്ക് കാരണമാകാമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി . കോവിഡ് രോഗമുക്തിക്ക് ശേഷം ഉടനെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും ആരോഗ്യവിദഗ്ധര്‍ വിലക്കുന്നു. രോഗലക്ഷണങ്ങള്‍ ആദ്യം ആരംഭിച്ച് 10 ദിവസങ്ങള്‍ക്ക് ശേഷം മരുന്നുകളുടെ ഉപയോഗം ഇല്ലാതെ തുടര്‍ച്ചയായി മൂന്ന് ദിവസത്തേക്ക് പനിയോ മറ്റ് ലക്ഷണങ്ങളോ ഇല്ലാതിരുന്നാല്‍ ലൈംഗിക ബന്ധമാകാമെന്ന് യുഎസ് നാഷണല്‍ കോയലിഷന്‍ ഓഫ് എസ് റ്റി ഡി ഡയറക്ടേഴ്സിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
Content Summary : COVID and its impact on sexual health