ലൈംഗിക താൽപര്യക്കുറവ് തോന്നുണ്ടോ? അറിയാം 5 കാര്യങ്ങൾ
Mail This Article
അഞ്ച് പുരുഷന്മാരില്‍ ഒരാള്‍ക്കെന്ന തോതില്‍ ലൈംഗിക താൽപര്യക്കുറവ് കാണപ്പെടാറുണ്ടെന്നാണ് കണക്കുകള്‍. സംതൃപ്തമായ ലൈംഗിക ജീവിതത്തെയും കുടുംബജീവിതത്തെയുമെല്ലാം ഇത് പലപ്പോഴും ബാധിക്കാറുണ്ട്. അതിന്റെ പ്രധാന കാരണങ്ങളിൽ ചിലതാണ് താഴെ പറയുന്നത്.
1. ഹോര്‍മോൺ അസന്തുലനം
പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റെറോണിന്‍റെ തോതില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ലൈംഗിക താൽപര്യക്കുറവിലേക്ക് നയിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വൃഷണങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത ഹൈപോഗൊണാഡിസം എന്ന രോഗം ടെസ്റ്റോസ്റ്റെറോണ്‍ ഉത്പാദനം കുറയ്ക്കും.
2. സമ്മര്‍ദം
മാനസികവും ശാരീരികവുമായ സമ്മര്‍ദവും ടെസ്റ്റോസ്റ്റെറോണിന്റെ തോത് കുറയ്ക്കാറുണ്ട്. ഇതും ലൈംഗിക ചോദന നഷ്ടപ്പെടാന്‍ ഇടയാക്കും.
3. മരുന്നുകള്‍
വിഷാദത്തിനും രക്തസമ്മര്‍ദത്തിനുമൊക്കെ കഴിക്കുന്ന ചില മരുന്നുകള്‍ ലൈംഗിക താൽപര്യം കുറയ്ക്കാറുണ്ട്. റേഡിയേഷന്‍ ചികിത്സയും കീമോതെറാപ്പിയുമൊക്കെ ചെയ്യേണ്ടി വരുന്ന പുരുഷന്മാര്‍ക്കും കായിക താരങ്ങളെ പോലെ അനാബോളിക് സ്റ്റിറോയ്ഡ് എടുക്കുന്നവര്‍ക്കും ലൈംഗിക ചോദന കുറവായിരിക്കും.
4. മോശം ജീവിതശൈലി
മോശം ഭക്ഷണക്രമം, വ്യായാമമില്ലാത്ത അലസ ജീവിതശൈലി, പുകവലി, അമിതമദ്യപാനം, ലഹരി മരുന്ന് ഉപയോഗം എന്നിവയെല്ലാം ലൈംഗിക ചോദന ഇല്ലാതാക്കും. ശരിയായ ഉറക്കവും വിശ്രമവും ഇല്ലാത്ത അവസ്ഥയും ലൈംഗിക താൽപര്യം കുറയ്ക്കാം.
5. പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍
പങ്കാളിയുമായുള്ള വഴക്കും പിണക്കവും ആശയവിനിമയത്തിലെ പ്രശ്നങ്ങളുമെല്ലാം രണ്ടു പേര്‍ക്കും ഇടയിലെ മാനസിക അടുപ്പം കുറയ്ക്കും. ഇതും ലൈംഗിക താൽപര്യം കുറയ്ക്കാം.
സമ്മര്‍ദം കുറയ്ക്കുന്നതും വ്യായാമവും നല്ല ഭക്ഷണക്രമവും ഉള്‍പ്പെടെയുള്ള സജീവ ജീവിതശൈലിയും ലൈംഗിക ചോദന ഉണര്‍ത്താന്‍ സഹായിക്കും.