12 മിനിറ്റ് കൊണ്ട് സ്ട്രെസ്സും ടെന്‍ഷനും കുറയ്ക്കാം ഈ വിദ്യയിലൂടെ
Mail This Article
ഇടയ്ക്കിടെ ഉണ്ടാകുന്ന സ്ട്രെസ്സും ടെന്‍ഷനും പലപ്പോഴും നമ്മുടെ ജീവിതചര്യകളെ ബാധിക്കാറുണ്ട്. എന്നാല്‍ വെറും പന്ത്രണ്ടു മിനിറ്റു നേരം കൊണ്ട് അവയൊക്കെ അതിജീവിക്കാന്‍ സാധിച്ചാലോ? എങ്ങനെ ആണെന്നോ? നമുക്ക് ചുറ്റുമുള്ളവരെ ഒന്ന് ശ്രദ്ധിച്ചാല്‍ മാത്രം മതി.
ദിവസവും 12 മിനിറ്റു നേരം പുറത്തിറങ്ങി ആളുകളെ അഭിമുഖീകരിക്കുകയും അവരും നമ്മളെപ്പോലെ എന്തെങ്കിലും അവസ്ഥകളിലാണ് എന്ന് ചിന്തിക്കുകയും ചെയ്തു നോക്കൂ. ഒപ്പം അവര്‍ക്ക് ഒരു ചെറുപുഞ്ചിരി കൂടി നല്‍കുകയും ചെയ്‌താല്‍ ടെന്‍ഷനും സ്ട്രെസ്സും കുറയുമെന്ന് മനഃശാസ്ത്രവിദഗ്ധര്‍ പറയുന്നു. ആളുകളോട് കൂടുതല്‍ ഇടപഴകുകയും അല്‍പ്പം പരിഗണന നല്‍കുകയും ചെയ്യുമ്പോള്‍ അവര്‍ക്കൊപ്പംതന്നെ നമ്മുടെ മാനസികാരോഗ്യവും ഉയരുകയാണെന്ന് ജേണല്‍ ഓഫ് ഹാപ്പിനെസ്സ് സ്റ്റഡീസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.
നമ്മള്‍ പലപ്പോഴും നമ്മുടെ പ്രശ്നങ്ങള്‍ മാത്രം കാണുന്നതു കൊണ്ടാണ് നമ്മളിലേക്ക് മാത്രം ഒതുങ്ങിപോകുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ടുതന്നെ സമൂഹത്തിലേക്ക് കൂടുതല്‍ ഇറങ്ങിവരുന്നത് സ്ട്രെസ് കുറയ്ക്കാന്‍ ഏറെ സഹായകമാണ്. നമുക്കെല്ലാം ആവശ്യം സന്തോഷമാണ്. എന്നാല്‍ അത് മറ്റുള്ളവര്‍ക്ക് നമ്മള്‍ നല്‍കാറുണ്ടോ എന്ന് സ്വയം ഒന്ന് ചോദിച്ചു നോക്കൂ. ഇല്ലെന്നാണ് ഉത്തരമെങ്കില്‍ അതിനു ശ്രമിക്കുക വഴി സ്വയം സന്തോഷം കണ്ടെത്താന്‍ സാധിക്കുമെന്ന് മനഃശസ്ത്രവിദഗ്ധര്‍ പറയുന്നു.
ലവിങ് -കൈന്‍ഡ്നെസ് എന്നാണ് ഈ ടെക്നിക്കിനെ വിളിക്കുക. മാനസികമായി സമ്മര്‍ദം അനുഭവിക്കുന്ന സമയങ്ങളില്‍ കുറച്ചു നേരം ഇങ്ങനെ ചെയ്‌താല്‍തന്നെ വലിയ വ്യത്യാസം അനുഭവപ്പെടാമെന്ന് നിരവധിപേരില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞതാണ്.
ഉദാഹരണത്തിന് നമ്മള്‍ ഒരു വലിയ ട്രാഫിക് ബ്ലോക്കില്‍ ആണെന്ന് കരുതുക. മറ്റു ഡ്രൈവർമാർ നമുക്ക് ടെന്‍ഷന്‍ തരികയും ചെയ്യുന്നു. എന്നാല്‍ മറിച്ചു അവരെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കൂ. നമ്മളെപ്പോലെ തന്നെ അവരും ആകെ ടെന്‍ഷനില്‍ ആണെന്ന് ഓര്‍ത്താല്‍ തന്നെ പകുതി പ്രശ്നങ്ങള്‍ തീരുമെന്ന് മനഃശാസ്ത്രവിദഗ്ധര്‍ പറയുന്നു. ഇതുതന്നെയാണ് ലവിങ് കൈന്‍ഡ്നെസ് ടെക്നിക്കിലും പറയുന്നത്.