സഭാകമ്പം ഒഴിവാക്കാൻ ചില എളുപ്പവഴികൾ
Mail This Article
നമുക്കിടയിൽ പലരും അനുഭവിക്കുന്ന പ്രശ്നമാണ് സഭാകമ്പം അഥവാ മറ്റ് ആളുകളെ അഭിസംബോധന ചെയ്യുമ്പോഴുള്ള ആത്മവിശ്വാസക്കുറവ്. ഒരുകൂട്ടം പേരെ അഭിമുഖീകരിക്കുമ്പോഴാണ് മിക്കവർക്കും ഈ പ്രശ്നം ഉണ്ടാകുക. ഒന്നോ രണ്ടോ പേർ മാത്രമാണ് മുന്നിലെങ്കിൽ ഈ ആത്മവിശ്വാസക്കുറവ് തോന്നാറുമില്ല. ഇത്തരക്കാർക്ക് വേദിയിൽ സദസ്സിന്റെ മുന്നിൽ നിൽക്കാൻ ബുദ്ധിമുട്ടാണ്. ക്ലാസ് മുറിയിൽ എല്ലാവരുടെയും മുന്നിൽ എഴുന്നേറ്റുനിന്ന് ഉത്തരം പറഞ്ഞാൽ തെറ്റിപ്പോകും. എങ്ങനെ ഈ പ്രശ്നം മറികടക്കാം എന്നതിന് ആൻസൈറ്റി ആൻഡ് ഡിപ്രഷൻ അസോസിയേഷൻ ഓഫ് അമേരിക്കയിലെ മനഃശാസ്ത്ര വിദഗ്ധർ നൽകുന്ന ചില പ്രായോഗിക വഴികൾ ഉണ്ട്. ഇവ ശീലിച്ചാൽ മതി.
∙ ലോകത്തെ 40 മില്യൺ പേർക്ക് സഭാകമ്പം മൂലമുള്ള പെരുമാറ്റപ്രശ്നങ്ങൾ ഉണ്ട്. ഇതിൽ 15 മില്യൺ പേർക്കും ഒരു സംഘം ആളുകളെ അഭിമുഖീകരിക്കുമ്പോഴാണ് ആത്മവിശ്വാസം ഇല്ലാതെയാകുന്നത്. മറ്റു സമയങ്ങളിൽ ഇവർ വളരെ മിടുക്കരും നല്ല പെരുമാറ്റക്കാരുമാണ്.
∙ സദസ്സിനെ അഭിമുഖീകരിക്കാൻ മടിയുള്ളവർ പൊതുവേ ഇത്തരം സന്ദർഭങ്ങളിൽനിന്ന് അകന്നുമാറുകയാണ് പതിവ്. ഇത് പാടില്ല. ആളുകളുമായി ഇടപഴകി മാത്രമേ സഭാകമ്പം നീക്കാനാകൂ.
∙ആദ്യമാദ്യം ഏറ്റവും അടുപ്പമുള്ള ആളുകൾക്കിടയില്‍ ഇടപഴകി ഈ പ്രശ്നം മറികടക്കാൻ ശ്രമിക്കുക. കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന ചടങ്ങുകൾ, കൂട്ടുകാരുടെ ഒത്തുചേരലുകൾ തുടങ്ങിയ സന്ദർഭങ്ങളിൽ വളരെ ഫ്രീയായി പെരുമാറി നോക്കുക
∙ ഏറ്റവുമടുത്ത സുഹൃത്തിന്റെ സഹായം തേടുന്നത് നല്ലതാണ്. സുഹൃത്തിന്റെ കൈപിടിച്ച് ആൾക്കൂട്ടത്തിലേക്ക് ഇറങ്ങിച്ചെല്ലൂ. നിങ്ങൾക്ക് കൂടുതൽ ധൈര്യം തോന്നും.
∙ ആൾക്കൂട്ടത്തിനിടയിൽ നിൽക്കേണ്ടിവരുമ്പോൾ അമിതമായി വിയർക്കുക, തലചുറ്റുക, ടോയ്‍ലറ്റിൽ പോകാൻ തോന്നുക തുടങ്ങി പലവിധ ലക്ഷണങ്ങളും ശരീരം പ്രകടിപ്പിച്ചേക്കാം. ഇതൊക്കെ ശരീരത്തിന്റെ എസ്കേപ്പ് മെക്കാനിസമാണ്. അതിന് വഴങ്ങിക്കൊടുക്കാതെ ധൈര്യമായി മുന്നോട്ടു പോകുക
∙ചിലർ ആളുകളെ ഒഴിവാക്കാൻ ചെയ്യുന്നത് മൊബൈൽ ഫോണിൽ തലകുമ്പിട്ടിരിക്കുക എന്നതാണ്. ഇത് ഒഴിവാക്കുക. പകരം പരിചയക്കാരുടെ അടുത്തേക്ക് ചെന്ന് സംസാരിക്കുക. മറ്റുള്ളവരുടെ നല്ല ശ്രോതാവാകുക.