വെള്ളം കുടിക്കുന്നതിലുമുണ്ട് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
Mail This Article
മിക്കവരും ദാഹം വരുമ്പോൾ കുറച്ചു വെള്ളം കുടിക്കും. അല്ലെങ്കിൽ ആഹാരത്തിനൊപ്പമോ ശേഷമോ ഓരോ ഗ്ലാസ് വെള്ളമോ ചായയോ കാപ്പിയോ കുടിക്കും. അതല്ലാതെ, ആരോഗ്യം നിലനിർത്താൻ ദിവസേന ആവശ്യമായ വെള്ളം എത്രയെന്നു മനസ്സിലാക്കി അതനുസരിച്ച് വെള്ളം കുടിക്കാറുണ്ടോ? തിരക്കിട്ട ജീവിതസാഹചര്യങ്ങൾ മൂലം പലരും ശരീരത്തിന് ആവശ്യമായ മിനിമം വെള്ളം പോലും കുടിക്കാറില്ല എന്നതാണ് വാസ്തവം. ഇത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാവാം.
ദിവസം എത്ര വെള്ളം?
മുതിർന്നവർ ദിവസം എട്ടു മുതൽ പത്ത് വരെ ഗ്ലാസ് വെള്ളം കുടിക്കണം – ഏകദേശം രണ്ടര ലീറ്റർ. സ്കൂളിൽ പോവുന്ന കുട്ടികളും ദിവസവും എട്ടു ഗ്ലാസ് വെള്ളം (1.6 ലീറ്റർ) വെള്ളം കുടിച്ചിരിക്കണം. ദാഹം ഇല്ലെങ്കിലും ദിവസവും ഇത്രയും വെള്ളം കുടിക്കണം.
കൂടുതൽ വെള്ളം കുടിക്കേണ്ട സന്ദർഭങ്ങൾ
∙ വേനൽക്കാലത്ത് കൂടുതൽ ജലാംശം വിയർപ്പായി നഷ്ടപ്പെടുന്നു.
∙ കൂടുതൽ സമയം എയർകണ്ടീഷൻ ഉപയോഗിക്കുന്നവർ. അവരിൽ ഡൈയുറസിസ് ഉണ്ടാവുന്നു.
∙ മൂത്രത്തിൽ പഴുപ്പ് ഉണ്ടായിട്ടുള്ളവർ. വെള്ളം കുടി കുറഞ്ഞാൽ വീണ്ടും പഴുപ്പ് ഉണ്ടാവാം.
∙ മൂത്രത്തിൽ കല്ല് ഉള്ളവർ വെള്ളം ധാരാളമായി കുടിച്ചാൽ കല്ല് മൂത്രത്തിൽ കൂടി പുറംതള്ളാം. കല്ല് പോയാലും ധാരാളം വെള്ളം കുടിച്ചില്ലെങ്കിൽ കല്ല് വീണ്ടും ഉണ്ടാവാം.
∙ പനിയുള്ളപ്പോൾ
∙ മലബന്ധമുള്ളവർ. ശരീരത്തിൽ ജലാംശം കുറഞ്ഞാൽ മലം കട്ടിയാവും, മലബന്ധം ഉണ്ടാവും.
∙ വയറിളക്കം, ഛർദ്ദി എന്നിവ ഉള്ളപ്പോൾ. ശരീരത്തിൽനിന്നു ജലം കൂടുതൽ നഷ്ടപ്പെടുന്നു.
വെള്ളം കുറച്ച് കുടിക്കേണ്ടവർ
∙ വൃക്കരോഗമുള്ളവർ – ഡോക്ടറുടെ നിർദേശം അനുസരിക്കുക.
∙ ഡയാലിസിസ് ചെയ്യുന്നവർ
വെള്ളം ആവശ്യത്തിന് കുടിച്ചിട്ടില്ലെങ്കിൽ
∙ ആരോഗ്യം നഷ്ടപ്പെടാം. ശരീരത്തിലെ വിഷാംശങ്ങളിൽ പലതും മൂത്രത്തിൽ കൂടിയാണ് പുറംതള്ളുന്നത്.
∙ മൂത്രത്തില്‍ പഴുപ്പ് – പെൺകുട്ടികളിലാണ് ഇത് കൂടുതലായി കാണുന്നത്. മുതിർന്നവരിലും ഉണ്ടാവാം.
∙ കിഡ്നി സ്റ്റോൺ – മൂത്രത്തിൽ കല്ല് ഉണ്ടാവുന്നതും അതോടുകൂടിയുള്ള അസഹ്യമായ വയറുവേദനയും ഒഴിവാക്കണമെങ്കിൽ ദിവസേന ആവശ്യത്തിന് വെള്ളം കുടിക്കണം.
∙ നിർജ്ജലീകരണം – ഇത് കുട്ടികളിൽ തലവേദനയ്ക്കു കാരണമാവാം. പല കുട്ടികളും സ്കൂൾ അസംബ്ലിയിൽ തലകറങ്ങി വീഴുന്നതിന്റെ ഒരു കാരണം ഇതാണ്. മുതിർന്നവരിൽ നിർജ്ജലീകരണം ലവണങ്ങളുടെ അസന്തുലിതാവസ്ഥയ്ക്കും ഹൃദയത്തിന്റെ താളം തെറ്റലിനുമൊക്കെ കാരണമാകാം. പെട്ടെന്നുള്ള മരണത്തിനു വരെ ഇത് ഇടയാക്കാം.
∙ പ്രായത്തിന്റെ പ്രശ്നങ്ങളെ ലഘൂകരിക്കാൻ. ആവശ്യത്തിനു ജലം ലഭിച്ചില്ലെങ്കിൽ ത്വക്ക് ഉണങ്ങുകയും ചുളിവുകൾ പ്രത്യക്ഷപ്പെടുകയും ചെയ്യും.
അമിതവണ്ണം കുറയ്ക്കുന്നു
വിശക്കുമ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിക്കുക. വിശപ്പ് അല്പം കുറയും. വിശപ്പ് കുറഞ്ഞാൽ കുറച്ച് ഭക്ഷണമേ കഴിക്കൂ. വണ്ണം കുറയും.
വെള്ളം എപ്പോൾ കുടിക്കണം
രാവിലെ എഴുന്നേറ്റാലുടൻ രണ്ടു ഗ്ലാസ് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. മലബന്ധം ഉണ്ടാവാതിരിക്കാനും നല്ലതാണ്. ആഹാരത്തിനോടൊപ്പം വെള്ളം കുടിക്കുന്നതാണ് നമ്മുടെ രീതി. ആഹാരത്തിന് അരമണിക്കൂർ മുമ്പോ കഴിഞ്ഞോ വെള്ളം കുടിക്കുന്നതാണ് നല്ലത്.
വെള്ളത്തിനു പകരം
വെള്ളത്തിനു പകരം കോള പോലുള്ള ശീതളപാനീയങ്ങൾ കുടിക്കുന്നത് ദാഹം ശമിപ്പിക്കുകയില്ലെന്നു മാത്രമല്ല പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവും. ഇവ കൂടുതൽ കാലറി ശരീരത്തിലെത്തിക്കുന്നു. മധുരത്തിനുവേണ്ടി ഇതിൽ ചേർക്കുന്ന ഫ്രക്ടോസ് അപകടം വരുത്തിവയ്ക്കും. ദാഹത്തിന് വെള്ളംതന്നെ കുടിക്കണം. കരിക്കിൻ വെള്ളം, നാരങ്ങാവെള്ളം, സംഭാരം എന്നിവയും കുടിക്കാം.
English summary: There are some things to know when drinking water