ലോക്ഡൗൺ ഇളവിൽ മുടി വെട്ടിയ അനുഭവം പങ്കുവച്ച് എഴുത്തുകാരൻ എൻ.എസ്. മാധവൻ
Mail This Article
തലമുടിയും കത്രികയുമായി കണ്ടുമുട്ടുന്ന മുഹൂർത്തത്തെപ്പറ്റി സ്വപ്നങ്ങൾ വരെ കാണാൻ തുടങ്ങിയ നാളുകളിലാണു ലോക്ഡൗണിന്റെ മൂന്നാംപാദത്തിൽ ബാർബർ ഷോപ്പുകൾ തുറക്കാം എന്ന പ്രഖ്യാപനമുണ്ടാകുന്നത്. കാത്തിരിപ്പിന്റെ ഒടുവിൽ ഞാൻ സലൂണിന്റെ അകത്തു പ്രവേശിച്ചപ്പോൾ പെട്ടെന്നു ഭ്രമം ബാധിച്ചപോലെ തോന്നി. എന്റെ ഒരു ചെറുകഥ, ‘നാലാംലോകം’ സംഭവിക്കുന്നതു ബഹിരാകാശ പേടകത്തിലാണ്. സ്ഥലം മാറിവന്ന് അതിൽ പ്രവേശിച്ച പോലെ എനിക്കു തോന്നി.
അവിടത്തെ ജോലിക്കാർ മുഴുവനും അടിമുടി ശരീരം മറയ്ക്കുന്ന രീതിയിൽ പിപിഇയ്ക്ക് സമാനമായ വസ്ത്രങ്ങൾ ധരിച്ചിരുന്നു. എസി പ്രവർത്തിപ്പിച്ചിരുന്നില്ല. ആ വസ്ത്രങ്ങൾക്കുള്ളിൽ ജോലിക്കാർ അനുഭവിക്കുന്ന പുഴുക്കലിനെ പറ്റി ഞാൻ ബോധവാനായി. സാനിറ്റൈസർ കൊണ്ടുള്ള കൈകഴുകലിനു ശേഷം അവർ എനിക്കു കാലിൽ ധരിക്കാൻ സോക്സുകൾ തന്നു.
എന്നെ പതിവായി വെട്ടുന്ന ഉണ്ണിയാണെന്ന് ഞാൻ ഊഹിച്ച വ്യക്തി മുടിവെട്ടു തുടങ്ങി. ചിട്ടകൾ അറിയാവുന്നതുകൊണ്ടു സംഭാഷണങ്ങൾ ഉണ്ടായില്ല. ഇടയ്ക്ക് ഉണ്ണി ഒരു ശബ്ദം ഉണ്ടാക്കും. അപ്പോൾ ഞാൻ മാസ്കിന്റെ ഒരു വശം ചെവിയിൽ നിന്നു മാറ്റും. അവിടത്തെ മുടിവെട്ടി കഴിഞ്ഞാൽ വീണ്ടും മാസ്ക് പൂർവസ്ഥിതിയിലാക്കും.
മുടിവെട്ടിനു ശേഷമാണു ഞാൻ കണ്ണാടിയിലേക്കു നോക്കുന്നത്. ഉണ്ണി ശരിക്കും ഒരു അന്യഗ്രഹജീവി തന്നെ. കണ്ണാടിയിലെ പ്രതിഛായ ഞാൻ ഫോണിലേക്കു പകർത്തി. ആ പടം ഞാൻ മകളുമായി പങ്കുവച്ചു.
അവൾ എന്റെ സമ്മതത്തോടെ അത് ട്വിറ്ററിലിട്ടു മണിക്കൂറുകൾക്കകം വൈറലായി. അതിൽ വന്ന കമന്റുകൾ എന്നെ വീണ്ടും കോവിഡ് സൃഷ്ടിച്ച ഭീകരാവസ്ഥയിലേയ്ക്കു തിരിച്ചുകൊണ്ടുവന്നു.
യുഎസിൽ നിന്നൊരാൾ എഴുതി: “കൊച്ചിയിലെ ബാർബറിനുള്ള സുരക്ഷ മൻഹാറ്റനിലെ നഴ്സുമാർക്കു പോലും കിട്ടുന്നില്ല.” ചിലയിടങ്ങളിൽ നഴ്സുമാർക്കു പകരം ഡോക്ടർമാരെ പറ്റിയായിരുന്നു പരാമർശം. ഈ സംഭവം നടക്കുന്നത് ഒരു ഹൈ എൻഡ് സലൂണിലാണെങ്കിലും കേരളത്തിലെ മിക്ക ബാർബർ ഷോപ്പുകളിലും ജാഗ്രതയ്ക്ക് ഒരു കുറവുമില്ലെന്നാണ് അറിയുന്നത്. പ്രതിസന്ധികളെ നേരിടുന്നതിൽ പ്രകടിപ്പിക്കുന്ന ഉന്നതമായ സമൂഹബോധമാണു കേരളത്തെ മറ്റിടങ്ങളിൽ നിന്നു മാറ്റി നിർത്തുന്നത്.