ഈ ഭക്ഷണവിഭവങ്ങള്‍ വയറിലെ അര്‍ബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കും
Mail This Article
ലോകത്തിലെ അര്‍ബുദം ബാധിച്ചുള്ള മരണങ്ങളില്‍ മൂന്നാം സ്ഥാനമാണ് വയറുമായി ബന്ധപ്പെട്ട ഗാസ്ട്രിക് കാന്‍സറിനുള്ളത്. വയറിലെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ വളരാന്‍ തുടങ്ങുന്ന ഈ അര്‍ബുദം പലപ്പോഴും വൈകിയ വേളയിലാണ് തിരിച്ചറിയപ്പെടുക. ഇന്ത്യയിലെ ഗാസ്ട്രിക് കാന്‍സര്‍ രോഗികളില്‍ 20 ശതമാനത്തില്‍ താഴെയുള്ളവര്‍ മാത്രമാണ് പ്രാഥമിക ഘട്ടത്തില്‍ രോഗം തിരിച്ചറിഞ്ഞിട്ടുള്ളത്. 50 ശതമാനം പേരും രോഗം മൂര്‍ച്ഛിച്ച ശേഷമാണ് ഇതിനെ കുറിച്ച് അറിയുന്നത്.
ഗാസ്ട്രിക് കാന്‍സറിനുള്ള സാധ്യതകള്‍ കുറയ്ക്കാന്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ജനങ്ങള്‍ പിന്തുടരണമെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി ശുപാര്‍ശ ചെയ്യുന്നു. വിവിധ തരത്തിലും നിറത്തിലും പെട്ട പച്ചക്കറികള്‍, പഴങ്ങള്‍, ഇലക്കറികല്‍, ഹോള്‍ ഗ്രെയ്‌നുകൾ എന്നിവയെല്ലാം ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമാണ്.
ഇതോടൊപ്പം ഗാസ്ട്രിക് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്ന താഴെപ്പറയുന്ന ഭക്ഷണവിഭവങ്ങളും ശീലങ്ങളും പരിമിതപ്പെടുത്തേണ്ടതാണെന്ന് മുംബൈ ഗ്ലോബല്‍ ഹോസ്പിറ്റല്‍സിലെ ചീഫ് ഡയറ്റീഷന്‍ സമുറുഡ് എം. പട്ടേല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
1. റെഡ് മീറ്റ്
ബീഫ്, മട്ടന്‍, പോര്‍ക്ക് തുടങ്ങിയ റെഡ് മീറ്റ് വിഭവങ്ങളെല്ലാം ഗ്രൂപ്പ്2എ കാര്‍സിനോജനായി ക്ലാസിഫൈ ചെയ്തിട്ടുണ്ട്. ഇവ അര്‍ബുദത്തിന് കാരണമാകാം എന്നാണ് ഇതിനര്‍ഥം. ഇവയുടെ ഉയര്‍ന്ന തോതിലുള്ള ഉപയോഗം ഗാസ്ട്രിക് കാന്‍സര്‍ സാധ്യത 45 ശതമാനം വര്‍ധിപ്പിക്കും.
2. സാച്ചുറേറ്റഡ് കൊഴുപ്പ്
സാച്ചുറേറ്റഡ് കൊഴുപ്പ് ഉയര്‍ന്ന തോതിലുള്ള കേക്ക്, ബിസ്‌കറ്റ്, പുഡ്ഡിങ്, പേസ്ട്രി, സംസ്‌കരിച്ച മാംസം പോലുള്ള ഭക്ഷണവിഭവങ്ങളും അര്‍ബുദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും.
3. മദ്യം
കോശങ്ങള്‍ക്കുള്ളിലേക്ക് കാര്‍സിനോജന്‍ കടക്കുന്നതിനെ മദ്യം വര്‍ധിപ്പിക്കും. സ്വയം ഇല്ലാതാകാനുള്ള കോശങ്ങളുടെ ശേഷിയെ ബാധിക്കുന്ന മദ്യം അപോപ്‌റ്റോസിസ് എന്ന പ്രക്രിയയെ തടസ്സപ്പെടുത്തും. ഇത് കോശങ്ങള്‍ അര്‍ബുദകോശങ്ങളായി മാറാനുള്ള സാധ്യതയുണ്ടാക്കും.
4. പുകവലി
പുകവലി ശ്വാസകോശാര്‍ബുദം മാത്രമല്ല ഗാസ്ട്രിക് അര്‍ബുദത്തിനും കാരണമാകാം. വയറിന്റെ മുകള്‍ ഭാഗത്ത് ഈസോഫാഗസിന് സമീപമുള്ള ഇടത്തിലാണ് പുകവലി മൂലമുള്ള അര്‍ബുദ കോശങ്ങള്‍ ഉണ്ടാകുക.
അര്‍ബുദത്തെ നേരിടാന്‍ നാരുകളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കണമെന്നും ഡോ. പട്ടേണ്‍ ശുപാര്‍ശ ചെയ്യുന്നു. പഴങ്ങളും പച്ചക്കറികളും നട്‌സുമെല്ലാം ദിവസവും കഴിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Summary : Eating these foods can raise your risk of stomach cancer