കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പിന്തുടരാം മെഡിറ്ററേനിയന്‍ ഡയറ്റ്
Mail This Article
ഹൃദ്രോഗപ്രശ്നങ്ങള്‍, പക്ഷാഘാതം എന്നിങ്ങനെ ജീവന്‍ തന്നെ കവര്‍ന്നെടുക്കുന്ന പല സങ്കീർണതകളിലേക്കും നയിക്കുന്ന രോഗാവസ്ഥയാണ് ശരീരത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ തോത്. നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമവുമാണ് ഇവിടുത്തെ വില്ലന്‍. കാര്‍ബോഹൈഡ്രേറ്റ് തോത് ഉയര്‍ന്ന ഭക്ഷണക്രമത്തിന് പകരം മെഡിറ്ററേനിയന്‍ ഡയറ്റ് പോലുള്ള ഭക്ഷണശീലങ്ങള്‍ പിന്തുടരുന്നത് കൊളസ്ട്രോള്‍ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സഹായകമാണെന്ന് ഡയറ്റീഷ്യന്മാര്‍ പറയുന്നു.
മെഡിറ്ററേനിയന്‍ കടലിന് സമീപമുള്ള ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്പെയിന്‍, ഇറ്റലി, ഗ്രീസ്, മാള്‍ട്ട, സൈപ്രസ് എന്നീ രാജ്യങ്ങളില്‍ പൊതുവേ കാണപ്പെടുന്ന പരമ്പരാഗത ഭക്ഷണക്രമമാണ് മെഡിറ്ററേനിയന്‍ ഡയറ്റ്. വിവിധ തരത്തിലുള്ള പച്ചക്കറികള്‍, പഴങ്ങള്‍, ഹോള്‍ ഗ്രെയ്നുകള്‍, ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ നട്സ്, വിത്തുകള്‍, ഒലീവ് എണ്ണ എന്നിവയെല്ലാം ഈ ഭക്ഷണക്രമത്തിന്‍റെ ഭാഗമാണ്. ഇതില്‍ പാലുത്പന്നങ്ങളും മീനും മിതമായ തോതിലും വൈറ്റ്, റെഡ് മാംസങ്ങൾ വളരെ കുറഞ്ഞ തോതിലും ഉപയോഗിക്കുന്നു. മുട്ടയും റെഡ് വൈനും മെഡിറ്ററേനിയന്‍ ഡയറ്റിന്‍റെ ഭാഗമാണ്. എന്നാല്‍ യോഗര്‍ട്ട് പോലുള്ള പാലുത്പന്നങ്ങൾ ഇതില്‍ അനുവദനീയമാണ്.
പ്രതിദിനം 30 മില്ലിഗ്രാം റെഡ് വൈന്‍ കഴിക്കുന്നത് ഹൃദ്രോഗപ്രശ്നങ്ങള്‍ക്കുള്ള സാധ്യത 24.7 ശതമാനം കുറയ്ക്കുമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വൈന്‍ പരിമിതമായ തോതില്‍ കഴിക്കാതെ അമിതമായി ഉപയോഗിക്കുന്നത് ട്രൈഗ്ലിസറൈഡ് തോത് ഉയര്‍ത്താന്‍ കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. മെഡിറ്ററേനിയന്‍ ഡയറ്റിലെ പ്രധാന ഘടകമായ ഒലീവ് എണ്ണ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയതാണ്. ഇത് എല്‍ഡിഎല്‍ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കും. മെഡിറ്ററേനിയന്‍ ഡയറ്റിനൊപ്പം പ്രതിദിന വ്യായാമം ഉള്‍പ്പെടെയുള്ള സജീവ ജീവിതശൈലിയും പിന്തുടരണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
Content Summary : Cholesterol reducing diet