ADVERTISEMENT

ചോദ്യം: എന്റെ മകൻ കഴിഞ്ഞ കുറച്ചു നാളുകളായി കുളിക്കുന്നതിനു കൂടുതൽ സമയം ചെലവഴിക്കുന്നു. അപ്പോൾ ധാരാളം െവള്ളവും നഷ്ടപ്പെടുത്തുന്നുണ്ട്. അവൻ പലതവണയായി കൈകഴുകിക്കൊണ്ടുമിരിക്കും. അവനു മുൻപു തന്നെ ‘ഭയങ്കര വൃത്തി’ ആയിരുന്നു. ഇത് എന്തെങ്കിലും അസുഖമായിരിക്കുമോ?

ഉത്തരം: ഒബ്സസീവ് കംപൽസീവ് ഡിസോർഡർ (Obsessive Compulsive Disorder - OCD) എന്നൊരു അസുഖം ഉണ്ട്. നമുക്കിഷ്ടപ്പെടാത്ത ചിന്തകൾ, നമുക്കു നിയന്ത്രിക്കാൻ പറ്റാത്ത രീതിയിൽ മനസ്സിലേക്കു വരുന്നു. അങ്ങനെ വരുന്ന ചിന്തകളോടുള്ള പ്രതികരണം എന്ന രീതിയിൽ എന്തെങ്കിലും ചെയ്യുന്നു. ഉദാഹരണത്തിന് കയ്യില്‍ മണ്ണായി അല്ലെങ്കിൽ വൃത്തിയില്ല എന്ന ചിന്ത വരുന്നു. അപ്പോൾ കൈ കഴുകുന്നു. ഒട്ടേറെ തവണ കഴുകിയാൽ മാത്രമേ തൃപ്തി വരുന്നുള്ളൂ. എന്നാൽ ചിലപ്പോൾ തൃപ്തി വരാതെയുമിരിക്കും. അതല്ലെങ്കില്‍ നമ്മൾ എന്തെങ്കിലും തെറ്റു െചയ്തു എന്ന തോന്നൽ ഉണ്ടാകുന്നു. 

ചെറിയ തെറ്റിനെക്കുറിച്ച് വലിയ തോതിൽ ചിന്തിക്കുകയും ഉത്കണ്ഠപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ അനാവശ്യമായി വരുന്ന ചിന്തകളെ ഒബ്സഷൻസ് (Obsessions) എന്നു പറയുന്നു. ചിന്തകൾക്ക് പ്രതികരണമെന്നോണം െചയ്യുന്ന കാര്യങ്ങളെ കംപൽഷൻസ് എന്നു പറയുന്നു. ഒബ്സഷനുകളും കംപൽഷനുകളും ആണ് OCD എന്ന അസുഖത്തിന്റെ ലക്ഷണങ്ങൾ. ഒബ്സഷനുകൾ പല തരത്തിലാകാം. സംശയങ്ങൾ (ഉദാഹരണത്തിനു പുസ്തകം എടുക്കാൻ മറന്നോ എന്ന സംശയം അല്ലെങ്കിൽ വീടുപൂട്ടാൻ മറന്നോ, ഗ്യാസ് അടയ്ക്കാൻ മറന്നോ), ലൈംഗിക ചിന്തകൾ, എന്തെങ്കിലും അക്രമം ചെയ്യുന്നതിനെക്കുറിച്ചു ചിന്തകൾ എന്നിവയൊക്കെ ഒബ്സഷനുകൾ ആയി ഉണ്ടാകാം. അതനുസരിച്ച് കംപൽഷനുകളിലും മാറ്റം ഉണ്ടാകാം. 

ഉദാഹരണത്തിന്, വീട് പൂട്ടിയിട്ടുണ്ടോ എന്ന് ഒരുപാടു തവണ പരിശോധിക്കുന്നു. മിക്കപ്പോഴും നമ്മുടെ സ്വഭാവത്തിനും വ്യക്തിത്വത്തിനും ചേരാത്ത തരത്തിലുള്ള മോശം ചിന്തകൾ ഒബ്സഷൻ ആയി ഉണ്ടാകാം. അത് വലിയ അളവിൽ ഉത്കണ്ഠയ്ക്കും കുറ്റബോധത്തിനും ഇടയാക്കുന്നു. ഒരു പരിധി കടക്കുമ്പോൾ നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ ഇതു ബാധിക്കുന്നു. അമിതമായ വൃത്തിചിന്തയും വൃത്തിയാക്കലും ആണ് വളരെ സാധാരണയായി കാണുന്ന ഒബ്സഷനും കംപൽഷനും ഒരാളിൽത്തന്നെ പല തരത്തിലുള്ള ഒബ്സഷനുകളും കംപൽഷനുകളും ഉണ്ടാകാറുണ്ട്. OCD എന്നത് വളരെ സാധാരണമായ ഒരു മാനസിക പ്രശ്നം ആണ്. ഇപ്പോൾ കുട്ടികളിലും ഈ പ്രശ്നം ധാരാളമായി കാണുന്നുണ്ട്. കോവിഡിനു ശേഷം OCD പ്രശ്നങ്ങളുമായി വരുന്ന കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്. ഇതിനു ഫലപ്രദമായ ചികിത്സയുണ്ട്. ചെറിയ തോതിലുള്ള പ്രശ്നങ്ങൾ കൗൺസിലിങ് കൊണ്ട് മാറുന്നതാണ്. കൂടുതൽ പ്രശ്നങ്ങൾ  ഉള്ളവരിൽ മരുന്നുകൾ ആവശ്യമായി വരും.

Content Summary : Obsessive Compulsive Disorder (OCD) : Symptoms & Treatment - Dr. P. Krishnakumar Column 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com