ആത്മവിശ്വാസത്തോടെ നോ പറയാൻ സാധിക്കാറുണ്ടോ; എന്താകും കാരണം?
Mail This Article
നോ പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല പലർക്കും. പ്രിയപ്പെട്ടവരോട് പ്രത്യേകിച്ചും. "വേണ്ട," "പറ്റില്ല," "സാധ്യമല്ല" എന്നൊക്കെ മറ്റൊരാളോട് പറയുക എന്നതിനെപ്പറ്റി ആലോചിക്കാൻ കൂടി ചിലർക്ക് ബുദ്ധിമുട്ടാണ്. നമ്മുടെ തന്നെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കിയാൽ നമുക്ക് കാണാം വേണ്ട എന്ന് പറയേണ്ട ഇടങ്ങളിൽ "തീർച്ചയായും" എന്ന് പറഞ്ഞിട്ടുള്ള ഒരുപാട് അനുഭവങ്ങൾ. ഇതു നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ചെറുതല്ല.
നോ പറയാനുള്ള നമ്മുടെ ശ്രമങ്ങൾ പരാജയപ്പെടുന്നതിന് ഒരു പ്രധാനപ്പെട്ട കാരണം എന്തുകൊണ്ട് നമ്മൾ യെസ് പറയുന്നു എന്നതു കൃത്യമായി മനസ്സിലാക്കാതെ പോകുന്നതാണ്. അപ്പോൾ നോ പറയാൻ പഠിക്കുന്നതിന് മുൻപു നമ്മൾ എന്തുകൊണ്ട് യെസ് പറയുന്നു എന്ന് മനസ്സിലാക്കിയാൽ നല്ലതല്ലേ?
1. "നോ" പറയുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത ഒഴിവാക്കാൻ
ചെറുപ്പം മുതൽ നമ്മുടെ കുട്ടികളെ ആരോഗ്യകരമായി എങ്ങനെ നോ പറയാം എന്ന് പഠിപ്പിച്ചിട്ടില്ല. മാത്രമല്ല, കുട്ടികൾക്ക് സ്വന്തമായി തിരഞ്ഞെടുപ്പ് നടത്താൻ അവസരം പലപ്പോഴും കൊടുക്കാറില്ല. എല്ലാത്തിനും യെസ് മാത്രം പറഞ്ഞ് ശീലിച്ച കുട്ടികൾ തലവെട്ടിക്കൊടുക്കാൻ പറഞ്ഞാലും യെസ് എന്നല്ലേ പറയൂ?
2. ഒരു പ്രശ്നക്കാരനായി മറ്റുള്ളവർ തന്നെ കാണുമോ എന്ന ഉത്കണ്ഠ
മറ്റുളളവർക്ക് അകൽച്ച ഉണ്ടാക്കും എന്നു തോന്നുന്ന കാര്യങ്ങൾ നമ്മൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കും. മറ്റുള്ളവർ നമ്മോട് അകലാൻ സാധ്യതയുള്ള കാര്യങ്ങൾ ചെയ്യുന്നത് അത്യധികം അസ്വസ്ഥതയും ഉത്കണ്ഠയും ഉണ്ടാക്കുന്ന ഒന്നായി കരുതുന്നു.
3. മറ്റുള്ളവരുടെ വികാരങ്ങൾക്കു മുറിവേൽക്കുമോ എന്ന ചിന്ത
പ്രിയപ്പെട്ട ഒരാൾ ഒരു കാര്യം ആവശ്യപ്പെടുമ്പോൾ വേണ്ട എന്ന് പറഞ്ഞാൽ അവർക്ക് അതു വിഷമം ഉണ്ടാക്കില്ലേ എന്ന ചിന്തയും നോ പറയാൻ ബുദ്ധിമുട്ട് ഉണ്ടാക്കും.
4. മറ്റുള്ളവരെ സഹായിക്കണമെന്ന ആഗ്രഹം
ചിലപ്പോഴെങ്കിലും എല്ലാത്തിനും യെസ് പറയുന്ന ആളുകൾ അപ്രകാരം ചെയ്യുന്നതു മറ്റുള്ളവരെ സഹായിക്കാനുള്ള ആഗ്രഹം കൊണ്ടാകാം. ഒരുപാട് കാര്യങ്ങൾ സ്വയം ഏറ്റെടുത്ത് ശ്വാസം മുട്ടി മാനസിക സമ്മർദത്തിൽ ആയിരിക്കും ഇവർ.
നോ പറയേണ്ടിടത്ത് നോ പറയാം
1. വ്യക്തിബന്ധങ്ങളിൽ കൃത്യമായ പരിധി ഉണ്ടാകുന്നു: സാമൂഹിക ജീവിയാണ് നമ്മൾ എങ്കിലും വ്യക്തികൾക്കിടയിൽ അതിർ വരമ്പുണ്ടാകുക എന്നത് അത്യാവശ്യമാണ്. ഇത്തരത്തിൽ വ്യക്തിബന്ധങ്ങളിൽ പരിധികൾ കാത്തുസൂക്ഷിക്കാൻ കഴിയാത്ത അവസ്ഥയാണെങ്കിൽ വലിയ മാനസിക-വൈകാരിക പ്രശ്നങ്ങളുടെ സൂചനയോ അതിനുള്ള തുടക്കമോ ആകാം.
2. സമ്മർദം കുറയ്ക്കും: നമുക്ക് കഴിയുന്നതിലും കൂടുതൽ കാര്യങ്ങൾ ഏറ്റെടുത്താൽ പിന്നെ ഉണ്ടാകുന്നത് മാനസിക സമ്മർദ്ദമാണ് (stress).
3. ആളുകൾക്കിടയിൽ അനിഷ്ടം ഒഴിവാക്കുന്നു: തൽക്കാലത്തേക്ക് അനിഷ്ടം ഒഴിവാക്കാമെങ്കിലും ദീർഘകാലത്തിൽ ഇതു വ്യക്തികൾക്കിടയിൽ വലിയ നീരസത്തിനും അനിഷ്ടത്തിനും വഴിവച്ചേക്കാം. അപ്പോൾ പറ്റാത്ത കാര്യമാണെങ്കിൽ ആദ്യം തന്നെ നോ പറയുന്നതല്ലേ നല്ലത്.
4. കുറ്റബോധം ഒഴിവാക്കാം: മറ്റുള്ളവർക്കു വേണ്ടി ഒരു പരിധിയിലധികം കാര്യങ്ങൾ ചെയ്യാൻ തുടങ്ങുമ്പോൾ നമ്മുടെ തന്നെ കാര്യങ്ങൾ ചെയ്യാൻ പറ്റാതെ വരികയും പിന്നീട് അതു കുറ്റബോധത്തിനു വഴിവയ്ക്കുകയും ചെയ്യും.
നോ പറയുന്നത് എങ്ങനെ എളുപ്പമാക്കാം?
∙ നിങ്ങളുടെ തീരുമാനം കൃത്യമായി പറയുക: നിങ്ങൾക്കു പറ്റാത്ത കാര്യം ലളിതമായും കൃത്യമായും സഹായം ചോദിച്ച ആളോട് പറയാൻ ശ്രമിക്കുക. പലപ്പോഴും നമ്മൾ പറഞ്ഞു കാടുകയറി സ്വയം കുരുക്കിൽ അകപ്പെടാം
∙ നന്ദി പറയൂ: എന്നോട് ചോദിച്ചതിന് നന്ദി, ദൗർഭാഗ്യവശാൽ എന്നെക്കൊണ്ട് ഇപ്പോൾ ഇത് പറ്റില്ല എന്ന മട്ടിൽ നിരസിക്കുന്നത് നമ്മുടെ നോ യെ കുറച്ച് മയപ്പെടുത്തും.
∙ സമയമെടുത്ത് തീരുമാനിക്കാം: പലപ്പോഴും നമ്മൾ ധൃതി പിടിച്ച് മറുപടി കൊടുത്തു കുഴപ്പത്തിൽ ആകും. സമയമെടുത്ത് നിങ്ങൾക്ക് ഉറപ്പുണ്ടായ ശേഷം മറുപടി കൊടുക്കൂ.
∙ വിദഗ്ധ സഹായം തേടാം: പലപ്പോഴും നോ പറയുന്നതിനുള്ള അമിതമായ ബുദ്ധിമുട്ട് പലതരത്തിലുള്ള മാനസിക പ്രശ്നങ്ങൾ കൊണ്ടുമാകാം. അത്തരം പ്രശ്നങ്ങൾ ഉണ്ടോ എന്നറിയുന്നതും സഹായകരമാകും.
∙ പരിശീലനം: നോ പറയുന്നതും ഒരു കഴിവാണ്. എത്ര പ്രാക്ടീസ് ചെയ്യുന്നോ അത്രയും നല്ലത്.
ഡോ.നൗഫൽ ഹമീദ്
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
ഇഖ്റഇന്റർനാഷനൽ ഹോസ്പിറ്റൽ, കോഴിക്കോട്
Content Summry: Can you confidently say no; What could be the reason?