ADVERTISEMENT

പകൽ സമയങ്ങളിൽ മിക്കവാറും ഉറക്കക്ഷീണമാണ്. തൂങ്ങിത്തൂങ്ങിയിരിക്കും. ഉന്മേഷമെന്നത് ഉണ്ടാകാറേയില്ല. വാഹനമോടിച്ചാൽ ഉറക്കക്ഷീണം കൊണ്ട് അപകടമുണ്ടാകുമോ എന്ന പേടി. ഇങ്ങനെ ഉറക്കക്ഷീണം കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് ആ മുതിർന്ന പൗരൻ ഡോക്ടറെ കണ്ടത്. ഉറക്കക്ഷീണത്തിന്റെ കാരണമന്വേഷിച്ച് ഡോക്ടർ ഒടുവിൽ ചെന്നെത്തിയത് ഒബ്സ്ട്രക്റ്റീവ് സ്‌ലീപ് അപ്നിയ (ഒഎസ്എ) എന്ന വില്ലനിൽ. ‘‘എന്റെ ഉറക്കക്ഷീണം കളഞ്ഞ് ഉന്മേഷം തിരിച്ചുതരണം, ഡോക്ടർ’– രോഗി അപേക്ഷിച്ചു. 

നല്ലതുപോലെ കൂർക്കംവലിക്കുന്നയാളാണ് ഈ മുതിർന്ന പൗരൻ. അൽപം അമിതവണ്ണവുമുണ്ട്. ശ്വസനസംബന്ധമായ അസുഖമുണ്ടോ എന്ന ഡോക്ടറുടെ അന്വേഷണമാണ് ഒഎസ്എ എന്ന കാരണത്തിൽ എത്തിച്ചത്. ഉറക്കത്തിൽ ശ്വാസം നിലച്ചുപോവുകയും അൽപസമയം കഴിഞ്ഞ് വീണ്ടും ശ്വസിക്കുകയും ചെയ്യുകയാണ് ഈ രോഗാവസ്ഥയിൽ ചെയ്യുന്നത്. ഇത് പലതവണ തുടരുന്നു. ഉറക്കത്തിനിടെ തൊണ്ടയിലെ പേശികൾ അയഞ്ഞ് ശ്വാസോച്ഛ്വാസത്തെ തടസ്സപ്പെടുത്തുകയാണിവിടെ. ഇങ്ങനെ ശ്വാസോച്ഛ്വാസം തടസ്സപ്പെടുമ്പോൾ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നത് പ്രശ്നമാകുന്നു. 

അമിതവണ്ണമുള്ളവർക്ക് ശ്വാസനാളത്തിൽ കൊഴുപ്പടിഞ്ഞും ഒഎസ്എ ഉണ്ടാകാം. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കാണണം. 

 

ലക്ഷണങ്ങൾ

∙ പകൽസമയങ്ങളിൽ കൂടുതലായി ഉറക്കക്ഷീണമുണ്ടാകുക. 

∙ ഉച്ചത്തിലുള്ള കൂർക്കംവലി. 

∙ ഉറക്കത്തിൽ ശ്വാസം നിലയ്ക്കുകയും സെക്കൻഡുകൾക്കു ശേഷം വീണ്ടും ശ്വസിക്കുകയും ചെയ്യുക. 

∙ ഉറക്കത്തിൽ ഞെട്ടിയുണരുകയും കിതപ്പ്, ശ്വാസംമുട്ടൽ എന്നിവയുണ്ടാകുകയും ചെയ്യുക. 

∙ ഉണർന്നെഴുന്നേൽക്കുമ്പോൾ വായ് വരണ്ടിരിക്കുക, തൊണ്ടവേദനയുണ്ടാകുക. 

∙ പുലർച്ചെ എഴുന്നേൽക്കുമ്പോഴുള്ള തലവേദന.

∙ പകൽസമയത്ത് ഒന്നിലും ശ്രദ്ധിക്കാൻ കഴിയാതിരിക്കുക. 

∙ ഉയർന്ന രക്തസമ്മർദം, വിഷാദം

 

തലച്ചോർ തിരിച്ചറിയും

ഒഎസ്എ മൂലം ശ്വാസം നിലയ്ക്കുമ്പോൾ തലച്ചോർ അതു തിരിച്ചറിയുകയും തുടർന്ന് തലച്ചോർ പ്രേരണ ചെലുത്തി ഉണർത്തുകയും ചെയ്യും. അപ്പോൾ രോഗി വീണ്ടും ശ്വാസമെടുക്കും. ഈ ഉണരൽ പലപ്പോഴും വളരെ കുറഞ്ഞ ദൈർഘ്യമുള്ളതായതിനാൽ ഇത് രോഗി അറിയണമെന്നില്ല. രാത്രി ഇത്തരത്തിൽ പലതവണ ഉണർന്നത് പിറ്റേന്നു രാവിലെ മിക്കവാറും ഓർമയുണ്ടാകില്ല. ആറു മുതൽ എട്ടു വരെ മണിക്കൂർ സുഖകരമായ ഉറക്കം ലഭിക്കാതാകുന്നതും ഓക്സിജൻ നിലയിലെ കുറവുമാണ് പിറ്റേന്ന് ക്ഷീണമുണ്ടാക്കുന്നത്. 

ഒഎസ്എ ഉള്ളവരിൽ കൂടുതൽ പേർക്കും അമിതവണ്ണമുണ്ടാകുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കൂർക്കംവലിക്കുന്നവർക്ക് ഒഎസ്എ ബാധിക്കാനുള്ള സാധ്യത ഏറെയാണ്. ജന്മനാ ശ്വാസനാളം ചെറുതായിട്ടുള്ളവർ, ഉയർന്ന രക്തസമ്മർദമുള്ളവർ, കുടുംബത്തിൽ പാരമ്പര്യമായി ഒഎസ്എ ഉള്ളവർ തുടങ്ങിയവർ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

 

എങ്ങനെ  പ്രതിരോധിക്കാം?

ഉറങ്ങുമ്പോൾ കണ്ടിന്യുവസ് പോസിറ്റീവ് എയർവേ പ്രഷർ (സിപിഎപി) ഉപകരണം ഉപയോഗിച്ച് ഒ എസ്എയെ പ്രതിരോധിക്കാം. ഡോക്ടറുടെ നിർദേശപ്രകാരം ഇത് ഉപയോഗിക്കാം. ചിലർക്ക് ശസ്ത്രക്രിയ ആവശ്യമായി വരും. ഒഎസ്എയെ ഓടിച്ച് ഒന്നുറങ്ങാൻ കഴിഞ്ഞാലോ– അതല്ലേ പരമസുഖം. 

Content Summary: Obstructive sleep apnea; a sleeping disorder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com