പഴവർഗങ്ങൾ എങ്ങനെ സുരക്ഷിതമാക്കാം? അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ
Mail This Article
കീടനാശിനി കലരാത്ത പഴങ്ങൾ ഇപ്പോൾ വിപണിയിൽ ലഭിക്കുക വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരിക്കുന്നു. കീടനാശിനിയുടെ അംശം ഉണ്ടെങ്കിലും അതു കുറച്ച് പഴങ്ങൾ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള പൊടിക്കൈകൾ അറിയാം.
∙പഴവർഗങ്ങൾ ഉപയോഗിക്കും മുൻപ് രണ്ടോ മൂന്നോ തവണ നന്നായി കഴുകണം.
∙വിനാഗിരി ഉപയോഗിച്ചു കഴുകാം. രണ്ട് േടബിൾ സ്പൂൺ വിനാഗിരി ഒരു ലീറ്റർ വെള്ളത്തിൽ കലക്കി പഴങ്ങൾ നാലഞ്ച് മിനിറ്റ് മുക്കി വയ്ക്കാം. എന്നാൽ ഈ രീതിയിലൂടെ കഴുകിയെടുത്താലും മുന്തിരിയിലെ വിഷാംശം നീക്കാൻ വളരെ പ്രയാസമാണ്.
∙സോഡാപൊടി (സോഡിയം ബൈകാർബണേറ്റ്) കീടനാശിനികളുടെ അളവു കുറയ്ക്കാൻ സഹായിക്കും. പഴങ്ങളും പച്ചക്കറികളും മൂന്നോ നാലോ മിനിറ്റ് സോഡാപൊടി കലക്കിയ വെള്ളത്തിൽ മുക്കി വയ്ക്കാം. ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകാം.
∙ആവശ്യമെങ്കിൽ ആദ്യം വിനാഗിരി ഉപയോഗിച്ച് കഴുകിയ ശേഷം രണ്ടാമതു സോഡാപൊടി ഉപയോഗിച്ചും കഴുകാം. രണ്ടും ഒന്നിച്ചു ചേർത്ത് ഉപയോഗിക്കരുത്. കഴുകിയ ശേഷം നല്ല കോട്ടൻ തുണികൊണ്ട് തുടച്ചെടുത്തു സൂക്ഷിക്കാം.
∙വാളൻ പുളി ഒരു നെല്ലിക്ക വലുപ്പത്തിൽ എടുത്തു വെള്ളത്തിൽ പിഴിഞ്ഞ്, ആ വെള്ളത്തിലും പഴങ്ങൾ മുക്കിവയ്ക്കാം.
∙കുളിക്കാൻ ഉപയോഗിക്കുന്ന സോപ്പു വെള്ളത്തിൽ കഴുകുന്നത് ഫലപ്രദമാണ് എന്നത് വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. എന്നാൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നതിനാൽ ഈ രംഗത്തെ വിദഗ്ധർ ഈ രീതി ശുപാർശ ചെയ്യുന്നില്ല.
∙പുകയ്ക്കുക, പഴുത്ത പഴം പച്ചയായ പഴങ്ങളുടെ ഇടയിൽ വയ്ക്കുക. വയ്ക്കോലിൽ ഇട്ടു വയ്ക്കുക. അരിപ്പൊടിയിൽ ഇട്ട് അടച്ചു വയ്ക്കുക തുടങ്ങിയവയാണ് സ്വാഭാവികമായി പഴുക്കാനുള്ള മാർഗങ്ങൾ.
∙എപ്പോഴും സീസണലായി ലഭിക്കുന്ന പഴങ്ങൾ വാങ്ങിക്കുക.
Content Summary: Tips for cleaning fruits