ഭക്ഷ്യവിഷബാധ ജീവൻ കവരുമ്പോൾ; ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും പ്രതിരോധവും
Mail This Article
അൽഫാമും കുഴിമന്തിയും കഴിച്ചതിനു പിന്നാലെ ഛർദിയും വയറിളക്കവും ബാധിച്ച് ഭക്ഷ്യവിഷബാധയേറ്റ് കോട്ടയത്ത് 33 കാരി മരിച്ച സംഭവം ആരെയും ഭയപ്പെടുത്തുന്നതാണ്. പുറത്തുനിന്നുള്ള ആഹാരത്തെ ആശ്രയിക്കുന്ന നല്ലൊരു ശതമാനം ആൾക്കാരുണ്ട്. എവിടെനിന്ന്, എങ്ങനെ, എന്തു വിശ്വസിച്ച് ആഹാരം കഴിക്കുമെന്ന ചിന്തയിലേക്കാണ് ഇത്തരം സഭവങ്ങൾ എത്തിക്കുന്നത്.
ഭക്ഷ്യവിഷബാധ എങ്ങനെ?
പഴകിയ ആഹാരം കഴിക്കുന്നതാണ് മിക്കപ്പോഴും ഭക്ഷ്യവിഷബാധയിലേക്കു വഴിതെളിക്കുന്നത്. ഹോട്ടലിലെ പഴയ ആഹാരം ചൂടാക്കിയത്, ബേക്കറിയിലെ പഴയ സ്നാക്കുകൾ, ബിരിയാണി പോലുള്ള ആഹാരം വൈകി കഴിക്കുന്നത് ഇവയെല്ലാം കാരണമാകും. പഴകുന്തോറും ആഹാരത്തിൽ അണുക്കൾ വർധിക്കുകയാണ്. സാലഡ്, ചട്നി, തൈരുസാദം എന്നിവ തയാറാക്കിയ ഉടൻ കഴിക്കണം. ഇല്ലെങ്കിൽ വിഷബാധയുണ്ടാകും.
ക്ലോസ്ട്രിഡിയം വിഭാഗത്തിലുള്ള ബാക്ടീരിയകളാണ് പ്രധാനമായും ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നത്. ക്ലോസ്ട്രിഡിയം ബോട്ടുലിനം, സാൽമണൊല്ല, സ്റ്റെഫൈലോകോക്കസ് എന്നിവയും ഇതിനു കാരണമാകുന്നു. ഈ ബാക്ടീരിയകൾ പുറത്തുവിടുന്ന അപകടകാരികളായ ടോക്സിനുകൾ ജീവനുപോലും ഭീഷണിയാണ്. ഇത്തരം ബാക്ടീരിയകളുടെ സാന്നിധ്യമുള്ള ആഹാരം കഴിച്ച് ഏകദേശം പന്ത്രണ്ടുമണിക്കൂറിനുള്ളിൽ ലക്ഷണങ്ങൾ തുടങ്ങും. പ്രഥമശുശ്രൂഷ എന്ന നിലയിൽ വിഷാംശം കുറയ്ക്കുന്നതിന് ധാരാളം വെള്ളം കുടിക്കണം. ആശുപത്രിയിലെത്തിയാൽ വിഷബാധയെ നിർവീര്യമാക്കുന്ന ഫലപ്രദമായ ആന്റിബയോട്ടിക്കുകൾ നൽകും.
എങ്ങനെ തടയാം?
∙ പഴകിയ ആഹാരം ഉപയോഗിക്കരുത്, രുചി, മണം, നിറം എന്നിവയിൽ വ്യത്യാസമനുഭവപ്പെട്ടാൽ എത്ര വിലകൂടിയ ആഹാരമായാലും കഴിക്കരുത്.
∙ പാകം ചെയ്ത ആഹാരം ഏറെനേരം തുറന്നു വയ്ക്കാതെ ഫ്രിജിൽ സൂക്ഷിക്കാം. പാകം ചെയ്ത, മാംസം, മുട്ട, മത്സ്യം ഇവയും അധികനേരം പുറത്തു വയ്ക്കരുത്.
∙ തണുത്ത ആഹാരം നന്നായി ചൂടാക്കി, അല്ലെങ്കിൽ തിളപ്പിച്ചു മാത്രം കഴിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
∙ ബേക്കറി പലഹാരങ്ങൾ അന്നന്നു പാകപ്പെടുത്തിയവ തന്നെ കഴിക്കുക. പഴകിയ എണ്ണപ്പലഹാരങ്ങളും ഉപയോഗിക്കരുത്.
∙ പായ്ക്കറ്റ് ഫുഡ് വാങ്ങുമ്പോൾ നല്ല ബാൻഡ് തിരഞ്ഞെടുക്കണം. എക്സ്പെയറി ഡേറ്റും പരിശോധിക്കണം.
ഇൻസ്റ്റന്റ് കറിക്കൂട്ടുകൾ
മഞ്ഞൾപ്പൊടി, മുളകുപൊടി തുടങ്ങി എല്ലാത്തരം പൊടികളും മസാലകളും ഇന്നു വിപണിയിലുണ്ട്. വാങ്ങി നേരിട്ടുപയോഗിച്ചാൽ മാത്രം മതി. എന്നാൽ ഇവയിൽ ചിലതെങ്കിലും മായം കലർത്തപ്പെടുന്നു എന്ന് ആരോപണമുണ്ട്. അത്തരം ആഹാരം കഴിക്കുന്നതിലൂടെ ദഹനപ്രശ്നങ്ങളുണ്ടാകുമെന്നതിൽ സംശയം വേണ്ട. അവ തിരഞ്ഞെടുക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം.
∙ നല്ല ബ്രാൻഡ് ഉത്പന്നങ്ങൾ മാത്രം വാങ്ങുക. കാലഹരണതീയതി കൃത്യമായി പരിശോധിക്കണം.
∙ ഉപയോഗിക്കാൻ ആവശ്യമുള്ളത്ര ചെറിയ അളവിൽ വാങ്ങിയാൽ മതി. കൂടുതൽ കാലത്തേക്ക് മുൻകൂട്ടി വാങ്ങി വയ്ക്കുന്നത് ഗുണമേന്മയെ ബാധിക്കും. ഇരുന്നു പഴകാം.
∙ ഉപയോഗം കഴിഞ്ഞാൽ വായു കടക്കാത്ത ബോട്ടിലിൽ ഇവ ഭദ്രമായി അടച്ചു സൂക്ഷിക്കണം. നനഞ്ഞ സ്പൂൺ ഇട്ട് കോരിയെടുക്കരുത്. ഫംഗസ് ബാധയുണ്ടാകും.
English Summary : Food poisoning: causes, treatment and prevention