ADVERTISEMENT

പ്രായമാകുക എന്നതൊരു ജീവൽ പ്രക്രിയയാണ്. ഒരാൾ ജനിക്കുമ്പോൾ മുതൽ ഈ പ്രക്രിയ ആരംഭിക്കുന്നു. ഇതിനെ തടഞ്ഞ് നിർത്താൻ ആർക്കും സാധിക്കില്ല. എന്നാൽ ഈ പ്രക്രിയയുടെ വേഗം കുറയ്ക്കാൻ സാധിച്ചാൽ ജീവിതത്തിന്റെ നിലവാരം വർധിപ്പിക്കാൻ സാധിക്കും. ഇതിനുള്ള ചില മാർഗങ്ങൾ പങ്കുവയ്ക്കുകയാണ് പ്രശസ്ത ലൈഫ് സ്റ്റൈൽ കോച്ചായ ലൂക്ക് കുട്ടീഞ്ഞ്യോ. ദീർഘായുസ്സ് എന്നത് ജീവിതത്തിലേക്ക് കുറച്ച് വർഷങ്ങൾ കൂട്ടിച്ചേർക്കുന്നത് മാത്രമല്ലെന്ന് ലൂക്ക് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു. പ്രായമാകുമ്പോഴേക്കും യുവത്വത്തോടെയും ആരോഗ്യത്തോടെയും ഇരിക്കുക എന്നതാണ് പ്രധാനം. ഇതിന്റെ രഹസ്യം നമ്മുടെ ദൈനംദിന ശീലങ്ങളിലും ജീവിതശൈലിയിലുമാണെന്ന് ലൂക്ക് കൂട്ടിച്ചേർക്കുന്നു. 

 

ജനിതകവും ജനിതകപരമല്ലാത്തതുമായ കാരണങ്ങൾ പ്രായത്തെ ബാധിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ജനിതക കാരണങ്ങളുടെ കാര്യത്തിൽ മനുഷ്യർക്ക് ഒന്നും ചെയ്യാനാകില്ല. എന്നാൽ ജനിതകപരമല്ലാത്ത കാരണങ്ങൾ നമ്മുടെ ജീവിത ശൈലിയും ചുറ്റുമുള്ള പരിതസ്ഥിതികളും അനുസരിച്ച് മാറിക്കൊണ്ടിരിക്കും. തന്റെ ഇൻസ്റ്റാ പോസ്റ്റിൽ ലൂക്ക് ടെലോമിയറുകളെ പറ്റിയും വിശദീകരിക്കുന്നു. 

 

ക്രോമസോമുകളുടെ അവസാനത്തിൽ കാണപ്പെടുന്ന പ്രോട്ടീൻ ഘടനകളാണ് ടെലോമിയറുകൾ. ഇവ ജീനുകളെ സംരക്ഷിക്കുന്നു. ഇതിന്റെ നീളവും ജീവിതദൈർഘ്യവും ഡിഎൻഎ നാശവും, പ്രായബന്ധിത രോഗങ്ങളും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷണങ്ങൾ പറയുന്നു. ടെലോമിയർ നീളം ജീവിതശൈലിയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. അർബുദം, ടൈപ്പ് 2 പ്രമേഹം, അൽസ്ഹൈമേഴ്സ് രോഗം, നീർക്കെട്ട് എന്നിവയുമായെല്ലാം ഇതിന് ബന്ധമുണ്ട്. നല്ല ഉറക്കം, കാലറി പരിമിതപ്പെടുത്തൽ എന്നിവയെല്ലാം ടെലോമിയറുകളുടെ നീളത്തെ സംരക്ഷിക്കും. 30 ശതമാനം കാലറി വെട്ടിക്കുറയ്ക്കുന്നത് പോലും ജീവിതദൈർഘ്യം വർധിപ്പിക്കുമെന്ന് ഗവേഷണപഠനങ്ങൾ പറയുന്നു. ഇടയ്ക്ക് ഉപവാസമിരിക്കുന്നത് പോലുള്ള നടപടികൾ ഈ ലക്ഷ്യം നേടാൻ സഹായിക്കും. 

 

ഹ്യൂമൺ ഗ്രോത്ത് ഹോർമോണിനെ ഉത്തേജിപ്പിക്കുകയാണ് പ്രായത്തിന്റെ വേഗം കുറയ്ക്കാനുള്ള മറ്റൊരു മാർഗം. നല്ല ഉറക്കം, ഭാരമുയർത്തിയുള്ള വ്യായാമങ്ങൾ, നട്സ്, വിത്തുകൾ, ഹോൾ ഗ്രെയ്നുകൾ, ചിക്കൻ, മീൻ പോലെ എൽ– അർജിനൈൻ ഉയർന്ന തോതിലുള്ള ആഹാരങ്ങൾ, പഞ്ചസാരയുടെ അളവ് കുറയ്ക്കൽ, ഇൻസുലിൻ തോത് സന്തുലിതമാക്കി നിർത്തൽ, ശരീരത്തിൽ ആവശ്യത്തിന് മെലാടോണിൻ ഉൽപാദനം എന്നിവ ഇതിന് സഹായിക്കുമെന്ന് ലൂക്ക് വിവരിക്കുന്നു. 

 

എസ്ഐആർടി 1, റെസ്ക്യൂ പ്രോട്ടീൻ, സ്കിന്നി ജീൻ, ഫോക്സോ 3 ജീൻ എന്നിവയെക്കുറിച്ചും പോസ്റ്റ് പറയുന്നു. ഇവ പ്രതിരോധശേഷി, ഓക്സിഡേറ്റീവ് സ്ട്രെസ്, അർബുദ നിയന്ത്രണം തുടങ്ങിയവയിൽ നിർണായക സ്വാധീനം ചെലുത്തുന്നു. ഗ്രീൻ ടീ, പച്ചിലകൾ, മഞ്ഞൾ, പച്ച ഉള്ളി, ആപ്പിൾ, സിട്രസ് പഴങ്ങൾ, ബെറി പഴങ്ങൾ, തേൻ എന്നിവ ഈ ജീനുകളെ ഉദ്ദീപിപ്പിക്കാൻ കഴിക്കാവുന്നതാണെന്നും ലൂക്ക് കൂട്ടിച്ചേർത്തു.

Content Summary: How You Can Slow Down The Effects Of Ageing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com