ADVERTISEMENT

സ്ത്രീകളിലെ ഒരു ജൈവിക പ്രക്രിയയാണ് ആർത്തവം. ഗര്‍ഭപാത്രത്തിന്റെ ആന്തരപാളിയിൽ നിന്ന് രക്തവും മ്യൂക്കോസൽ കലകളും പുറത്തു പോകുന്ന പ്രക്രിയയാണിത്. ഇത് തികച്ചും സ്വാഭാവികമായ ഒരു ശാരീരികപ്രക്രിയയാണ്. പ്രത്യുൽപാദനത്തിന്റെ ഭാഗമായി നടക്കുന്ന ഒരു പ്രക്രിയയായ ആർത്തവത്തെ സംബന്ധിച്ച് പല തരത്തിലുള്ള അന്ധവിശ്വാസങ്ങളും മറ്റും ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നതാണ് വാസ്തവം. ആർത്തവത്തെ സംബന്ധിക്കുന്ന സാമൂഹികമായ തെറ്റിദ്ധാരണകളും തെറ്റായ വിശ്വാസങ്ങളും എന്തൊക്കെയാണെന്ന് നോക്കാം. 

 

∙ ആർത്തവസമയത്ത്  അശുദ്ധ രക്തം പുറത്തു വിടുന്നു

വസ്തുത: ആർത്തവരക്തം മലിനവും അശുദ്ധവും ആണ് എന്നതാണ് ഏറ്റവും സാധാരണമായി പ്രചരിക്കുന്ന തെറ്റിദ്ധാരണ. ഒരു സ്ത്രീയുടെ പ്രത്യുൽപാദനസംവിധാനത്തിലെ വളരെ പ്രധാനമായ ഒരു പ്രക്രിയയാണിതെന്നും ഗർഭം ധരിക്കാൻ സ്ത്രീയെ തയാറെടുപ്പിക്കുന്ന ഒന്നാണ് ആർത്തവം എന്നും പലരും മനസ്സിലാക്കുന്നില്ല. 

 

∙ ആർത്തവം വന്നില്ലെങ്കിൽ ഗർഭിണിയാണ് എന്നുറപ്പിക്കാം

വസ്തുത: ആർത്തവം വൈകി വരുകയോ വരാതിരിക്കുകയോ ചെയ്യുന്നതിന് നിരവധി കാരണങ്ങളുണ്ടാകാം. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം പോലുള്ള ഹോർമോൺ അസന്തുലനം മൂലമോ, അമിതഭാരം, അനാരോഗ്യഭക്ഷണക്രമം, രോഗങ്ങൾ എന്തിനേറെ സമ്മർദം മൂലവും ആർത്തവം വൈകാം, വരാതിരിക്കാം. ആശയക്കുഴപ്പം ഒഴിവാക്കാൻ ഗർഭ പരിശോധന നടത്താവുന്നതാണ്. 

 

∙ ആർത്തവസമയത്ത് വ്യായാമം ഒഴിവാക്കണം

വസ്തുത: ആർത്തവ സമയത്ത് വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും എന്നതിന് ശാസ്ത്രീയമായ തെളിവുകൾ ഒന്നും ഇല്ല. ആർത്തവവേദന അകറ്റാൻ വ്യായാമം സഹായിക്കും എന്നതാണ് വസ്തുത. സെറോടോണിന്റെ പ്രവർത്തനം മൂലം ആരോഗ്യം നിലനിർത്താൻ സാധിക്കുകയും ചെയ്യും. 

 

∙ ആർത്തവസമയത്ത് ഗർഭധാരണം നടക്കില്ല

വസ്തുത: ആർത്തവസമയത്ത് ഗർഭം ധരിക്കുന്നത് സ്വാഭാവികമല്ല. എന്നാൽ സാധ്യതയെ തള്ളിക്കളയാനുമാകില്ല. ശരാശരി ആർത്തവചക്രം 28–30 ദിവസമാണ്. എന്നാൽ ദൈർഘ്യം കുറഞ്ഞ ആർത്തവചക്രം ഉള്ള സ്ത്രീകൾ, ആറു ദിവസം നീളുന്ന ആർത്തവസമയത്ത് സെക‌്ഷ്വലി ആക്റ്റീവ് ആയിരിക്കും. ഇതേ തുടർന്ന് അണ്ഡവിസർജനം നടക്കുകയും അതുകൊണ്ടു തന്നെ ബീജം നിലനിൽക്കാൻ സാധ്യത കൂടുതലും ആണ്. 

 

∙ ആർത്തവസമയത്ത് തല കുളിക്കേണ്ട

വസ്തുത: ആർത്തവസമയത്ത് തലമുടി കഴുകരുത്, തല കുളിക്കരുത് എന്ന് എവിടെയും പറഞ്ഞിട്ടില്ല. ആർത്തവസമയത്ത് വ്യക്തി ശുചിത്വം അങ്ങേയറ്റം പാലിക്കേണ്ട സമയമാണ്. 

 

∙ പ്രീമെൻസ്ട്രുവൽ സിൻഡ്രോം എന്നത് മനസ്സിന്റെ ഒരു തോന്നലാണ്

വസ്തുത: ആർത്തവപൂർവ അസ്വസ്ഥതക (PMS) ളുടെ ലക്ഷണം ആർത്തവത്തിന് ഒരാഴ്ചയോ രണ്ടാഴ്ചയോ മുൻപോ പ്രകടമാകും. സ്ത്രീകളിലെ ഹോർമോൺ വ്യതിയാനം ആണ് ഇതിനു കാരണം. ഓരോ സ്ത്രീകളിലും പി.എം. എസിന്റെ ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. എന്നാലും വയറുകമ്പിക്കൽ, തലവേദന, അസ്വസ്ഥത, മൂഡ് മാറ്റം ഇവയെല്ലാം സാധാരണയായി കാണുന്ന ലക്ഷണങ്ങളാണ്. 

 

∙ ആർത്തവം കൃത്യം ഒരാഴ്ച നീണ്ടു നിൽക്കും

വസ്തുത: ആർത്തവചക്രം ഓരോ സ്ത്രീയിലും വ്യത്യസ്തമായിരിക്കും. ഹോർമോണുകൾക്കുണ്ടാകുന്ന മാറ്റമനുസരിച്ച് ആർത്തവം ചിലപ്പോൾ ക്രമരഹിതമാകാം. 

 

ആർത്തവചക്രത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ വിശ്വസിച്ച് പ്രവർത്തിക്കുന്നത് ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് ആർത്തവവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തെറ്റായ വിശ്വാസങ്ങള്‍ ഓരോ സ്ത്രീയും തിരുത്തേണ്ടതാണ്.

Content Summary: Period Myths

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com