ADVERTISEMENT

ആരോഗ്യഗുണങ്ങൾ കൊണ്ട് ലോകത്ത് പ്രചാരം നേടിയ ഒന്നാണ് ജാപ്പനീസ് ഡയറ്റ്. നിരവധി രോഗങ്ങൾ തടയാൻ കഴിയുന്ന ഒരു ഭക്ഷണരീതിയാണിത്. അതിൽ ഏറ്റവും പ്രധാനമാണ് ഫാറ്റി ലിവർ ഡിസീസ് എന്ന കരള്‍ രോഗത്തെ തടയാനും ഫലപ്രദമായി നിയന്ത്രിക്കാനും ഈ ഭക്ഷണരീതിക്കുള്ള കഴിവ്. കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ ജാപ്പനീസ് ഭക്ഷണരീതി പിന്തുടരാം. ഫ്രഷ് ആയ ഭക്ഷണവും മുഴു ധാന്യങ്ങളും മിതമായി നിയന്ത്രിത അളവിൽ കഴിക്കുന്നതാണ് ജപ്പാൻകാരുടെ രീതി.

 

കഴിക്കാം നിയന്ത്രിത അളവില്‍

മൈൻഡ് ഫുൾ ഈറ്റിങ്ങ് പിന്തുടരുന്നതോടൊപ്പം ഭക്ഷണം നിയന്ത്രിത അളവില്‍ മാത്രം കഴിക്കുന്നു. ഓരോ വായും രുചി ആസ്വദിച്ച് കഴിക്കുന്നതോടൊപ്പം 80 ശതമാനം നിറഞ്ഞു എന്നു തോന്നുമ്പോൾ ഭക്ഷണം കഴിക്കുന്നത് നിർത്തുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നതോടൊപ്പം ഫാറ്റിലിവർ ഡിസീസ് വരാനുള്ള സാധ്യതയും കുറയ്ക്കുന്നു. 

 

മത്സ്യം കഴിക്കാം ധാരാളം

അയല, മത്തി, ചെമ്പല്ലി തുടങ്ങിയ മത്സ്യങ്ങൾ ജാപ്പനീസ് ഭക്ഷണരീതിയുെട ഭാഗമാണ്. ഇവയിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം ഉണ്ട്. കൂടാതെ ഇൻഫ്ലമേഷൻ കുറയ്ക്കാനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാനും ഒമേഗ 3 സഹായിക്കുന്നു. സാധാരണ ഫാറ്റി ലിവർ ഡിസീസ് ഉള്ളവരിൽ ഇതിന്റെ അളവ് കൂടുതലായിരിക്കും. 

 

നിറയെ പച്ചക്കറികൾ 

പച്ചക്കറികളിൽ കാലറി കുറവാണെന്നു മാത്രമല്ല, ഇവയിൽ നാരുകൾ, വൈറ്റമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയും ധാരാളം ഉണ്ട്. ഈ പോഷകങ്ങള്‍ കരളിന് ആരോഗ്യമേകുന്നതോടൊപ്പം കരളിൽ നിന്ന് കൊഴുപ്പിനെ വിഘടിപ്പിക്കാനും നീക്കം ചെയ്യാനും സഹായിക്കുകയും ചെയ്യുന്നു. ജാപ്പനീസ് ഭക്ഷണരീതി ധാരാളം പച്ചക്കറികൾ കഴിക്കുന്നതിന് പ്രാധാന്യം നൽകുന്നു. 

 

മുഴുധാന്യങ്ങൾ

മുഴുധാന്യങ്ങളായ അരി, ബാർലി, ഓട്സ് ഇവയെല്ലാം ജാപ്പനീസ് ഭക്ഷണരീതിയുടെ പ്രധാന ഘടകങ്ങളാണ്. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെ തടയാൻ ഇത് സഹായിക്കുന്നു. 

 

പുളിപ്പിച്ച ഭക്ഷണം

പുളിപ്പിച്ച ഭക്ഷണങ്ങളായ മിസോ, നാട്ടോ, കൂടാതെ പച്ചക്കറികളുടെ അച്ചാർ ഇവയെല്ലാം ജപ്പാൻകാർ സാധാരണയായി ഉപയോഗിക്കുന്ന ഭക്ഷണമാണ്. പ്രോബയോട്ടിക്സ് ധാരാളം അടങ്ങിയ ഇവ ഉദരത്തിന് ആരോഗ്യമേകുന്നു. ഒപ്പം ദഹനം മെച്ചപ്പെടുത്തുന്നു. 

 

ഗ്രീൻ ടീ

ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഗ്രീൻ ടീ ജപ്പാനിലെ വളരെ പ്രചാരം നേടിയ ഒരു പാനീയമാണ്. ഗ്രീൻ ടീയുടെ പതിവായ ഉപയോഗം, ഫാറ്റി ലിവർ ഡിസീസ് ഉൾപ്പെടെയുള്ള കരൾ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. 

 

മധുരം കുറച്ചു മാത്രം

സംസ്കരിച്ച (Processed) ഭക്ഷണങ്ങളുടെയും മധുരമുള്ള ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ ഇവയുടെയും ഉപയോഗം ജാപ്പനീസ് ഭക്ഷണരീതിയിൽ വളരെ കുറവാണ്. 

 

പച്ചക്കറികൾ, മുഴുധാന്യങ്ങൾ, പുളിപ്പിച്ച (fermented) ഭക്ഷണം, മത്സ്യം ഇവയ്ക്ക് പ്രാധാന്യം നൽകുകയും ഒപ്പം സംസ്കരിച്ചതും മധുരം കൂടിയതുമായ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുകയും ഭക്ഷണം മിതമായ അളവിൽ കഴിക്കുകയും ചെയ്യുന്ന ജാപ്പനീസ് ഭക്ഷണരീതി പിന്തുടരുന്നത് കരൾ രോഗങ്ങൾ തടയുന്നതോടൊപ്പം ആരോഗ്യം നിലനിർത്തുകയും സൗഖ്യമേകുകയും ചെയ്യും. ഏതു ഡയറ്റ് പിന്തുടരുന്നതിനു മുൻപും ഡോക്ടറെ കണ്ട് നിങ്ങളുടെ ആരോഗ്യസ്ഥിതിക്ക് യോജിച്ചതാണോ എന്നു മനസ്സിലാക്കിയശേഷം വേണം തിരഞ്ഞെടുക്കാൻ.

Content Summary: Japanese Diet can help in preventing Liver diseases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com