നിരന്തരമായ ഏമ്പക്കം കോളന്‍ അര്‍ബുദത്തിന്റെ ലക്ഷണം
Mail This Article
പ്രതിശ്രുത വരനുമായി ഒരു വിനോദയാത്രയ്‌ക്ക് പോയതാണ് യുകെയിലെ 24കാരിയായ നഴ്‌സ്. അപ്പോഴാണ് നിരന്തരമായ ഏമ്പക്കം ഇവരെ ആദ്യമായി ശല്യപ്പെടുത്താന്‍ തുടങ്ങിയത്. ആദ്യം ഇതിനെ ഒരു തമാശയായി ചിരിച്ചു തള്ളി. എന്നാല്‍ ഏമ്പക്കം തുടര്‍ന്നതോടെ അടുത്ത തവണ ഡോക്ടറെ കണ്ടപ്പോള്‍ പ്രശ്‌നം അവതരിപ്പിച്ചു. ഉത്‌കണ്‌ഠ കൊണ്ടാകാമെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം.
എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം ഏമ്പക്കത്തിനു പുറമേ ഛര്‍ദ്ദിയും ഓക്കാനവും കൂടി വന്നതോടെ കാര്യങ്ങള്‍ പന്തിയല്ലെന്ന് നഴ്‌സിനു തോന്നി.രണ്ട് ദിവസമായി വയറ്റില്‍ നിന്ന് പോകുന്നില്ലെന്നും നിരീക്ഷിച്ചു. വയര്‍വേദന, ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥ എന്നിവയും കൂടിയായതോടെ കുടലിന് എന്തോ പ്രശ്‌നമാണെന്ന ചിന്തയില്‍ രോഗിയെത്തി. സ്വയം ചികിത്സിക്കാന്‍ ചില മരുന്നുകളാണ് ആദ്യം കഴിച്ചത്. എന്നാല്‍ വേദന വര്‍ധിച്ചതോടെ ഒടുവില്‍ ആശുപത്രിയിലെത്തി.
ഇവിടെ നടത്തിയ സിടി സ്‌കാന്‍ പരിശോധനയെയും ബയോപ്‌സിയെയും തുടര്‍ന്നാണ് കോളന്‍ അര്‍ബുദം നിര്‍ണയിക്കപ്പെട്ടത്. മൂന്നാം ഘട്ട കോളന്‍ അര്‍ബുദത്തിലായിരുന്നു രോഗി. തുടര്‍ന്ന് ശസ്‌ത്രക്രിയയിലൂടെ അര്‍ബുദകോശങ്ങളും ചുറ്റുമുള്ള ലിംഫ് നോഡുകളും നീക്കം ചെയ്‌തു. ഇതുവരെ 12 ആഴ്‌ചകളില്‍ കീമോതെറാപ്പിക്കും ഇവര്‍ വിധേയയായി.
യുവാക്കളില്‍ കാണപ്പെടുന്ന കോളന്‍ അര്‍ബുദത്തിന്റെ ലക്ഷണമാണ് ഏമ്പക്കമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വയറ്റില്‍ നിന്ന് പോകുന്നതിലെ വ്യത്യാസം, മലത്തില്‍ രക്തം, മലദ്വാരത്തില്‍ നിന്ന് രക്തമൊഴുക്ക്, വയര്‍ വേദന, ഗ്യാസ്, ഇടയ്‌ക്കിടെ വയര്‍ ഒഴിയണമെന്ന തോന്നല്‍, ക്ഷീണം, അകാരണമായ ഭാരനഷ്ടം എന്നിവയും കോളന്‍ അര്‍ബുദത്തിന്റെ മറ്റ് ലക്ഷണങ്ങളാണ്.
Content Summary: Frequent Burping and Colon Cancer