ADVERTISEMENT

മഴ തുടരുന്ന സമയമാണ്. ഇൗ സമയത്ത് വ്യക്തിശുചിത്വം വളരെ പ്രധാനമാണ്. അടിവസ്ത്രങ്ങളും മറ്റും ഉണങ്ങാതെ ഉപയോഗിക്കുന്നത് പൂപ്പൽ – ഫംഗസ് ബാധയ്ക്കു വഴിവയ്ക്കാം. കുട്ടികളിൽ പേനും കൃമിശല്യവും ഇൗ കാലാവസ്ഥയിൽ കുടൂതലായി കണ്ടുവരുന്നു. വയറിനു തണുപ്പേൽക്കുന്നതുകൊണ്ടും പഴകിയ ആഹാര സാധനങ്ങൾ കഴിക്കുന്നതും മൂലം വയറിളക്കം, ഛർദി തുടങ്ങിയവയ്ക്ക് സാധ്യത ഏറെയാണ്. മഴക്കാലത്ത് കുട്ടികളെ ചൂടുവെള്ളത്തിൽ തന്നെ കുളിപ്പിക്കുക. വാതരോഗങ്ങൾ ഇളകുന്ന അവസരം കൂടിയാണിത്. കഴുത്ത്, തോൾ, ഇടുപ്പ്, നടുവ് തുടങ്ങിയ ശരീരഭാഗങ്ങളിൽ വേദന തോന്നുന്നതിനാൽ നടക്കാൻ പോലും ബുദ്ധിമുട്ടുണ്ടാകാം. വീടിനു സമീപത്തെ കുളങ്ങളിലും പാടശേഖരങ്ങളിലും പെയ്ത്തുവെളളം നിറയുന്നതിനാൽ കൊച്ചുകുട്ടികളെ കളിക്കാൻ വിടുമ്പോൾ കരുതൽ വേണം. തോട്ടുവക്കിലും പുഴയരികിലും മുതിർന്നവരോടൊപ്പമല്ലാതെ കുട്ടികളെ നടക്കാൻ അനുവദിക്കരുത്. സ്ഥിരമായി തട്ടുകടകളിലെയും മറ്റും ഭക്ഷണം കഴിക്കുന്നവർ അത് നിയന്ത്രിക്കുന്നതാവും നല്ലത്. തുടർച്ചയായ പനിയും ചുമയും ശാരീരികക്ഷീണവും അനുഭവപ്പെട്ടാൽ ഡോക്ടറെ കാണാനും ചികിൽസ തേടാനും മറക്കരുത്. കർക്കടക മാസാംരംഭം ഇൗ സമയത്താണ്. അതുമായി ബന്ധപ്പെട്ട ആയുർവേദ ചികിത്സികളിൽ താൽപര്യമുളളവർ അതിനൊരുങ്ങുക. കർക്കടക ചികിൽസ ശരീരത്തിനും മനസ്സിനും പുത്തനുൺർവ് നൽകും.

1974970004
Representative Image. Photo Crdit: Soumen82hazra / Shutterstock.com

മഴ തുടർന്നും പെയ്തിറങ്ങ‍ട്ടെ, ബിപിയെക്കുറിച്ച് ചില കാര്യങ്ങൾ അറിഞ്ഞാലോ?

ബിപി എന്ന വില്ലൻ

രക്തസമ്മർദം അഥവാ ബി പി നിയന്ത്രിച്ചു നിർത്തേണ്ടത് അത്യാവശ്യമാണ്. രക്താതിമർദമെന്ന ഹൈപ്പർ ടെൻഷൻ നിയന്ത്രണാതീതമായാൽ അപകടമാണ്. ഹൃദയം, തലച്ചോർ രക്തസ്രാവം, വൃക്ക തകരാറ്, ഹൃദയ പരാജയം എന്നതിനൊക്കെ അതു കാരണമാകാം.

പരിശോധന എങ്ങനെ? എപ്പോൾ?
തലചുറ്റലോ മറ്റു ശാരീരികാസ്വാസ്ഥ്യങ്ങളോ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളോ ഉണ്ടാകുമ്പോഴാണ് പലപ്പോഴും ബി പി നിരീക്ഷിക്കുക. എന്നാൽ ആരോഗ്യവാന്മാരാണെങ്കിലും വർഷത്തിൽ രണ്ടുമൂന്നു തവണയെങ്കിലും ബി പി മോനിറ്റർ ചെയ്യുന്നതു നല്ലതാണ്. 120/80ന് അടുത്താവണം ബ്ലഡ് പ്രഷർ എന്നതാണ് പൊതുനിയമം. ഹൃദയം സപ്ന്ദിക്കുമ്പോൾ രക്തക്കുഴലുകളിലുണ്ടാകുന്ന മർദമാണ് സിസ്റ്റോളിക് മർദം (ആദ്യ സംഖ്യ). രക്തം പമ്പു ചെയ്തശേഷം ഹൃദയം റിലാക്സ് ആവും. ഈ സമയത്തെ മർദമാണ് ഡയസ്റ്റോളിക് സമ്മർദം (രണ്ടാമത്തെ സംഖ്യ). ഒരു തവണ പരിശോധിച്ചപ്പോൾ രക്തസമ്മർദം ഉയർന്നു എന്നു കരുതി പരിഭ്രമം വേണ്ട. പല തവണ പരിശോധിച്ചാണ് രോഗാവസ്ഥ ഉറപ്പാക്കേണ്ടത്.

മറ്റ് പരിശോധനകൾ
രക്താതിസമ്മർദ രോഗികൾ കൃത്യമായ ഇടവേളകളിൽ ബ്ലഡ് പ്രഷർ നിരീക്ഷിക്കണം. കൂടാതെ രക്തപരിശോധന, യൂറിൻ ടെസ്റ്റുകൾ, ക്രിയാറ്റിനിൻ, സോഡിയം, പൊട്ടാസ്യം എന്നിവയും ഇസിജിയും പരിശോധിക്കണം.

മനസ്സും സമ്മർദവും
മാനസിക സമ്മർദം രക്തസമ്മർദത്തേയും ബാധിക്കും. അധിക തിടുക്കം. ഒന്നാമതെത്താനുള്ള വ്യഗ്രത, അമിത കർത്തവ്യബോധം, ഉത്കണ്ഠ ഇവയൊക്കെ ബ്ലഡ് പ്രഷർ വർധിപ്പിക്കും. അതുകൊണ്ട് പിരിമുറുക്കം അധികമാകാതെ ശ്രദ്ധിക്കുക. മനോനിയന്ത്രണം പാലിക്കുക. സംഗീതാസ്വാദനം, യോഗ, ധ്യാനം ഇവ ഫലപ്രദം.

നിയന്ത്രണം എളുപ്പമാണ്
ഭക്ഷണം നിയന്ത്രിച്ചും വ്യായാമം ചെയ്തും ഒപ്പം മരുന്നുകൾ ഉപയോഗിച്ചും ബിപി വരുതിയിൽ നിർത്താം. അമിതവണ്ണമുള്ളവരിൽ അതു കുറയ്ക്കുക. വിദഗ്ധ ഡോക്ടറുടെ നിർദേശാനുസരണം മരുന്നുകൾ ഉപയോഗിക്കുക. മരുന്നുകൾ പലതിനും നേരിയ പാർശ്വഫലങ്ങളുണ്ട് എന്നതു ശരി. എന്നാൽ ബിപി മൂലം ശരീരത്തിനുണ്ടാകാവുന്ന അപകടം പരിഗണിക്കുമ്പോൾ മരുന്നുകളുടെ പാർശ്വഫലങ്ങൾ നിസ്സാരമാണെന്നു പറയാം.

ജൂലൈ 1 – ഡോക്ടർമാരുടെ ദിനം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം റിസർച്ച് സെൽ ചെയർമാൻ ഡോ. രാജീവ് ജയദേവൻ സംസാരിക്കുന്നു.

English Summary:

Rainy Season Hygiene Tips: Avoid Mold and Infections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com