ADVERTISEMENT

ദന്താരോഗ്യം നിലനിര്‍ത്തുന്ന കാര്യത്തില്‍ നിര്‍ണ്ണായ പങ്ക്‌ വഹിക്കുന്ന ഒന്നാണ്‌ ടൂത്ത്‌ബ്രഷ്‌. എന്നാല്‍ പലരും ഇത്‌ ഇടയ്‌ക്കിടെ മാറ്റുന്ന കാര്യം മറന്ന്‌ പോകാറുണ്ട്‌.

കാലപ്പഴക്കം ചെല്ലുമ്പോള്‍ ടൂത്ത്‌ ബ്രഷിലെ ബ്രിസലുകള്‍ അകന്ന്‌ പോകുകയോ പൊഴിഞ്ഞു പോകുകയോ ചെയ്യാം. ഇത്‌ പല്ലുകളില്‍ നിന്ന്‌ ഭക്ഷണാവശിഷ്ടങ്ങളും അഴുക്കും ശരിയായി നീക്കം ചെയ്യാനുള്ള ടൂത്ത്‌ബ്രഷിന്റെ ശേഷിയെ ബാധിക്കാം. ശരിയായി സൂക്ഷിച്ചില്ലെങ്കില്‍ ബ്രഷില്‍ ബാക്ടീരിയകള്‍ വളരാനും സാധ്യതയുണ്ട്‌. പഴക്കം ചെന്ന ബ്രഷിന്റെ ഉപയോഗം വായില്‍ അണുക്കള്‍ പെരുകി അണുബാധയിലേക്കും മറ്റ്‌ ദന്താരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കാം.

Representative Image. Photo Credit : Eb Ra / iStock Photo.com
Representative Image. Photo Credit : Eb Ra / iStock Photo.com

സാധാരണ ഗതിയില്‍ മൂന്ന്‌ നാല്‌ മാസങ്ങള്‍ കൂടുമ്പോള്‍ ബ്രഷ്‌ മാറ്റിയിരിക്കണമെന്ന്‌ ദന്താരോഗ്യ വിദഗ്‌ധര്‍ ശുപാര്‍ശ ചെയ്യുന്നു. ബ്രഷിന്റെ ബ്രിസില്‍സിന്‌ കേട്‌ വന്നതായി ശ്രദ്ധയില്‍പ്പെട്ടാലും മാറ്റണം. കേട്‌ വന്ന ബ്രിസല്‍സ്‌ പല്ലുകളുടെ ഇനാമല്‍ നശിപ്പിക്കുകയും മോണയ്‌ക്ക്‌ ക്ഷതമേല്‍പ്പിക്കുകയും ചെയ്യും. ഇത്‌ മോണയില്‍ നിന്ന്‌ രക്തസ്രാവമുണ്ടാക്കുകയും സെന്‍സിറ്റീവായ പല്ലുകളിലേക്ക്‌ നയിക്കുകയും ചെയ്യും. രോഗങ്ങള്‍ എന്തെങ്കിലും വന്നവര്‍ അതില്‍ നിന്ന്‌ കരകയറുമ്പോഴേക്കും ബ്രഷും മാറ്റുന്നത്‌ നന്നായിരിക്കും.

പുതിയ ബ്രഷ്‌ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ശ്രദ്ധ വേണമെന്ന്‌ ദന്തഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഒരാളുടെ വ്യക്തിഗത താത്‌പര്യങ്ങള്‍, ആരോഗ്യം, പ്രായം, ഉപയോഗത്തിന്റെ ആവൃത്തി എന്നിവയെല്ലാം ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകാറുണ്ട്‌.

സോഫ്‌ട്‌, അള്‍ട്രാസോഫ്‌ട്‌, മീഡിയം, ഹാര്‍ഡ്‌ എന്നിങ്ങനെ നാല്‌ തരത്തില്‍ ടൂത്ത്‌ ബ്രഷുകള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ്‌. നല്ല നിരയൊത്ത പല്ലുകള്‍ ഉള്ളവര്‍ക്കും കറയോ അഴുക്കോ കാര്യമായി അടിയാത്തവര്‍ക്കും സോഫ്‌ട്‌, അള്‍ട്രാസോഫ്‌ട്‌ ബ്രഷുകള്‍ ഉപയോഗിക്കാവുന്നതാണ്‌. എന്നാല്‍ പല്ലില്‍ കറയടിഞ്ഞിട്ടുള്ളവരും നിരന്തരമായ ഭക്ഷണം കഴിപ്പ്‌ മൂലം അഴുക്ക്‌ അടിയുന്നവരും മീഡിയം, ഹാര്‍ഡ്‌ ബ്രിസലുകളുള്ള ബ്രഷ്‌ ഉപയോഗിക്കുന്നതാകും ഉത്തമം.

Photo Credit: Ridofranz/ Istockphoto
Photo Credit: Ridofranz/ Istockphoto

വായുടെ പിന്‍വശത്തേക്ക്‌ വരെ പോയി വൃത്തിയാക്കാവുന്ന തരത്തില്‍ അല്‍പം ഫ്‌ളെക്‌സിബിളായ ബ്രഷ്‌ തിരഞ്ഞെടുക്കുന്നതും നല്ലതാണ്‌. പിടിക്കാന്‍ നല്ല ഗ്രിപ്പുള്ള ബ്രഷും തിരഞ്ഞെടുക്കേണ്ടതാണ്‌. ഏത്‌ തരം ബ്രഷ്‌ ഉപയോഗിച്ചാലും ശരിയായ ക്രമത്തിലുള്ള ബ്രഷിങ്‌ രീതി പിന്തുടരേണ്ടതും അത്യാവശ്യമാണ്‌. രാവിലെ എഴുന്നേറ്റ ഉടനെയും രാത്രി ഭക്ഷണമെല്ലാം കഴിച്ച്‌ കഴിഞ്ഞും ബ്രഷ്‌ ചെയ്യേണ്ടതാണെന്നും ദന്തരോഗ വിദഗ്‌ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.

English Summary:

When to Replace Your Toothbrush: Expert Tips for Optimal Dental Health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com