പ്രവാസത്തിനു നന്ദി, ഞങ്ങളുടെ സ്വപ്നം സഫലമാക്കിയതിന്...
Mail This Article
തിരുവനന്തപുരം കണിയാപുരത്ത് നിർമിച്ച തന്റെ പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു പ്രവാസിയായ സജി.
എല്ലാ പ്രവാസികളെയും പോലെ നാട്ടിലൊരു വീട് സ്വപ്നമായിരുന്നു. അതിനെക്കുറിച്ച് നിരവധി സ്വപ്നങ്ങളും ഉണ്ടായിരുന്നു. അബുദാബിയിലാണ് ജോലി ചെയ്യുന്നത്. വിദേശയാത്രകളിൽ കണ്ടിട്ടുള്ള യൂറോപ്യൻ വില്ലകൾ ഏറെ ആകർഷിച്ചിട്ടുണ്ട്. അങ്ങനെ പതിവ് കാഴ്ചകളിൽ നിന്നും എങ്ങനെ വീട് വ്യത്യസ്തമാക്കാം എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചു. ഞാനും ഭാര്യയും രണ്ടു മക്കളുമാണുള്ളത്. മകളുടെ പേര് റീമ എന്നാണ്. അങ്ങനെ വീടിനു റീംസ് കാസ എന്നു പേരിട്ടു.
24 സെന്റിൽ ലാൻഡ്സ്കേപ്പിനു ഇടം നൽകി. മുറ്റത്തുണ്ടായിരുന്ന തെങ്ങ് സംരക്ഷിച്ചു കൊണ്ടാണ് വീടുപണിതത്. സ്ലോപ് റൂഫിൽ ഷിംഗിൾസ് വിരിച്ചു. കൊളോണിയൽ ശൈലി അനുസ്മരിപ്പിക്കുന്ന ഡോർമർ റൂഫുകൾ എലവേഷനിൽ നൽകി. മധ്യത്തിലുള്ള ഭിത്തിയിൽ ഗ്രേ ക്ലാഡിങ് സ്റ്റോണും നൽകി. താഴെയും മുകളിലും നീളൻ ബാൽക്കണികൾ നൽകിയിട്ടുണ്ട്.
ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയാണ് 3500 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. യു എ ഇ യിലെ പ്രമുഖ ഇന്റീരിയർ ഡിസൈനർ നസീർ ഖാനാണ് വീടിന്റെ അകത്തളങ്ങൾ കമനീയമായി ഒരുക്കിയത്. ഇദ്ദേഹം നാട്ടിൽ ചെയ്യുന്ന ആദ്യത്തെ വർക്ക് കൂടിയാണിത്. സെമി ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ ഇന്റീരിയർ തീം അനുസരിച്ച് നിർമിച്ചെടുത്തവയാണ്.
അകത്തളത്തിലെ ഹൈലൈറ്റ് ഗോവണിയും അതിനു താഴെ നൽകിയ വാട്ടർ ഫൗണ്ടനുമാണ്. ലിവിങിനെയും ഡൈനിങ്ങിനെയും വേർതിരിക്കുന്നതും ഇതുതന്നെ. മോട്ടർ വഴി ഫൗണ്ടൻ പ്രവർത്തിപ്പിക്കാം. മോട്ടർ ഓൺ ആകുമ്പോൾ ജലം ഗ്ലാസിലൂടെ താഴത്തെ വാട്ടർ ബോഡിയിലേക്ക് ഒഴുകിയിറങ്ങും. ഇവിടെ ലൈറ്റുകളും നൽകിയിട്ടുണ്ട്. ഗോവണിയുടെ വശത്ത് പെബിൾസ് വിരിച്ചു കോർട്യാർഡ് സ്‌പേസും വേർതിരിച്ചിട്ടുണ്ട്.
ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും അകത്തളം പ്രസന്നമായി നിലനിർത്തുന്നു. മെറ്റൽ+വുഡ് കോമ്പിനേഷനിലാണ് ഗോവണി. മൂന്ന് ലാൻഡിങ് നൽകി. തടിയും ഗ്ലാസുമാണ് കൈവരികളിൽ നൽകിയത്.
നാലു കിടപ്പുമുറികളും വ്യത്യസ്ത തീമിലാണ് ഒരുക്കിയത്. ഹെഡ്ബോർഡിൽ ഹൈലൈറ്റർ നിറങ്ങൾ നൽകി. വാഡ്രോബ്, ഡ്രസിങ് ഏരിയ, ബാത്റൂം സൗകര്യങ്ങളും ഒരുക്കി.
മോഡുലാർ ശൈലിയിൽ സൗകര്യങ്ങൾ നൽകിയാണ് കിച്ചൻ. കൗണ്ടറിൽ കൊറിയൻ സ്റ്റോൺ വിരിച്ചു. മറൈൻ പ്ലൈവുഡ് കൊണ്ടാണ് കബോർഡുകൾ ഒരുക്കിയത്. സമീപം വർക്കിങ് കിച്ചനും ക്രമീകരിച്ചു.
ഏറെക്കാലത്തെ പ്രവാസജീവിതമാണ് ഇത്തരമൊരു വീട് സഫലമാക്കാൻ തുണയായത്. മെയ് 1 തൊഴിലാളി ദിനത്തിലായിരുന്നു ഗൃഹപ്രവേശം എന്നതും മറ്റൊരു യാദൃശ്ചികതയായി.
Project Facts
Location- Kaniyapuram, Trivandrum
Area- 3500 SFT
Plot- 24 cent
Owner- Saji PA
Mob- 94467 02674
Architect- Subhash
Interior Design- Naseer Khan
Completion year- May 1, 2019