7000 ചതുരശ്രയടിയിൽ ഒരു 'യമണ്ടൻ' വീട്; ഒപ്പം ത്രില്ലടിപ്പിക്കുന്ന ചില കാഴ്ചകളും!
Mail This Article
പൊതുവെ മലയാളികൾ വീട് പണിയുമ്പോൾ പുറംകാഴ്ചയ്ക്ക് വലിയ പ്രാധാന്യം നൽകാറുണ്ട്. അകത്ത് വലുതായൊന്നും ഇല്ലെങ്കിലും പുറംകാഴ്ച നാലാളെ ആകർഷിക്കണം എന്നാഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ ഇതിനു വിപരീതമാണ് മലപ്പുറം അരിപ്ര എന്ന സ്ഥലത്ത് നിർമിച്ച പ്രവാസിയായ അർഷാദിന്റെ പുതിയ വീട്.
പ്ലോട്ടിന്റെ വലതുവശത്തായി പച്ചപ്പടുത്തുടുത്ത പാടശേഖരമാണ്. ഇവിടേക്കുള്ള കാഴ്ചകൾക്കും ഇവിടെനിന്നുള്ള കാറ്റിനുമാണ് ഈ വീട്ടിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. അതിനാൽ മുൻവശത്തിന് കാര്യമായ പ്രാധാന്യമില്ല. പ്ലോട്ടിലുണ്ടായിരുന്ന തെങ്ങുകൾ പരമാവധി നിലനിർത്തിയാണ് വീട് പണിതത്. വീടിന്റെ വയലിനെ അഭിമുഖീകരിക്കുന്ന പിൻഭാഗമാണ് ഇവിടെ മുൻഭാഗമായി വരുന്നത്. ഇവിടെ ലാൻഡ്സ്കേപ്പിൽ സ്വിമ്മിങ് പൂൾ കൊടുത്തു.
വയലിൽനിന്നുള്ള കാറ്റ് പൂളിലൂടെ അകത്തേക്ക് കയറുമ്പോൾ കൂടുതൽ തണുപ്പ് ഉള്ളിൽ അനുഭവപ്പെടുന്നു. വൈകുന്നേരങ്ങളിൽ വയലിന്റെ കാഴ്ചകൾ കണ്ടിരിക്കാൻ ഒരു ഗസീബോയും ലാൻഡ്സ്കേപ്പിൽ ഒരുക്കിയിട്ടുണ്ട്.
രണ്ടു തട്ടുകളായാണ് മേൽക്കൂര. ഒരുവശത്ത് കോൺക്രീറ്റ് ചെയ്തശേഷം മുകളിൽ ഹീറ്റ് ഇൻസുലേഷൻ ചെയ്തു, അതിനുമുകളിൽ സാൻഡ്വിച്ച് പാനൽ വിരിച്ചു. മറുഭാഗത്ത് സാൻഡ്വിച്ച് പാനലുകൾ മേൽക്കൂര അലങ്കരിക്കുന്നു. ഇതിന്റെ ഗുണം, നട്ടുച്ചയ്ക്ക് പോലും വീടിനുള്ളിൽ ചൂട് അറിയുകയില്ല എന്നതാണ്. ഹെവി വെന്റിലേഷൻ മോഡലിലാണ് വീടിന്റെ എലിവേഷൻ. നിറയെ ലൂവറുകൾ മുകൾനിലയിൽ കൊടുത്തു. അതിനാൽ 'സ്ലിറ്റ് ഹൗസ്' എന്നാണ് ഡിസൈനർ ഈ വീടിനെ വിശേഷിപ്പിക്കുന്നത്. ഇതുവഴി വെളിച്ചവും വീടിനുള്ളിലൂടെ കയറിയിറങ്ങും .
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, പ്രെയർ സ്‌പേസ്, സ്റ്റഡി ഏരിയ, യൂട്ടിലിറ്റി സ്‌പേസ് എന്നിവയാണ് 7000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. വീടിന്റ കോമൺ ഏരിയകളിൽ നിന്നാൽ വയലിന്റെ പച്ചപ്പ് കാണാം. മറ്റൊരു സവിശേഷത, വാതിലുകളുടെ ഉയരമാണ്. വീട്ടിലെ മിക്ക വാതിലുകളുടെയും ഉയരം മൂന്നു മീറ്ററാണ്. അതിനാൽ ഒരു വിശാലമായ ഇടത്തേക്ക് കയറുന്ന പ്രതീതി കവാടത്തിൽത്തന്നെ ലഭിക്കുന്നു. കാറ്റും വെളിച്ചവും വീടിനുള്ളിൽ നിറയുന്ന മാജിക് അനുഭവിച്ചറിയേണ്ടതാണ്. അതിനാൽ പകൽസമയത്ത് വീട്ടിൽ ലൈറ്റിടേണ്ട ആവശ്യമില്ല. ഹീറ്റ് ഇൻസുലേഷൻ മേൽക്കൂരയുള്ളത് കൊണ്ട് നട്ടുച്ചയ്ക്ക് പോലും, ഫാനും ആവശ്യമില്ല. ഇതുവഴി കറണ്ട് ബില്ലും നല്ലൊരു തുക ലാഭിക്കാൻ സാധിക്കുന്നു.
ഇമ്പോർട്ടഡ് വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. സോഫ, ഡൈനിങ് ടേബിൾ, കോട്ട് അടക്കം ഫർണിച്ചറുകൾ മിക്കതും പുറത്തുനിന്നും വാങ്ങിയതാണ്. മറ്റിടങ്ങളിലേക്ക് കാഴ്ച പതിയാത്ത ഡിറ്റാച്ഡ് ശൈലിയിലാണ് സ്വീകരണമുറി. ഇവിടെ ഇരുന്നാൽ ഗ്ലാസ് വാതിലിലൂടെ പുറത്തെ കോർട്യാർഡിന്റെയും പച്ചപ്പിന്റെയും കാഴ്ചകൾ ആസ്വദിക്കാം. റസ്റ്റിക് ടൈൽ കൊണ്ട് മുറിയുടെ ഭിത്തി ഹൈലൈറ്റ് ചെയ്തു.
വീടിന്റ കോമൺ ഏരിയകളിൽ നിന്നാൽ വയലിന്റെ പച്ചപ്പ് കാണാം എന്നതാണ് മറ്റൊരു സവിശേഷത. വീടിനകത്തെ ഫോക്കൽ പോയിന്റ് ഇൻഡോർ പ്ലാന്റ് വച്ചലങ്കരിച്ച കോർട്യാർഡാണ്. മിക്ക ഇടങ്ങളിൽ നിന്നും ഇവിടേക്ക് നോട്ടമെത്തും. സുതാര്യമായ ഫ്‌ളോട്ടിങ് നയത്തിലാണ് സ്‌റ്റെയർകേസ്. വുഡ്+ ടഫൻഡ് ഗ്ലാസ് കോംബിനേഷനാണ് കൈവരികളിൽ നിറയുന്നത് .
വിശാലമാണ് കിടപ്പുമുറികൾ. മിക്ക മുറികളും വയലിന്റെ കാഴ്ചകളിലേക്കാണ് ജാലകങ്ങൾ തുറക്കുന്നത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ മുറികളിൽ സജ്ജീകരിച്ചു.
ഇമ്പോർട്ടഡ് ലാമിനേറ്റ് കൊണ്ടാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ക്വാർട്സ് വിരിച്ചു. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ സജ്ജീകരിച്ചു.
വീട്ടിലേക്ക് പ്രവേശിക്കുന്ന ഗെയ്റ്റും ഡ്രൈവ് വേയും മാത്രമാണ് മുൻവശത്തുള്ളത്. അതിനാൽ ആദ്യമായി ഇവിടേക്ക് എത്തുന്നവർക്ക് വീടിനെക്കുറിച്ച് വലിയ പ്രതീക്ഷകൾ ഒന്നും ഉണ്ടാകില്ല. പക്ഷേ അകത്തൊക്കെ കയറിയിറങ്ങി പിൻവശത്തെ കാഴ്ചകൾ കൂടി കണ്ടുകഴിയുമ്പോഴാണ് വീടിന്റെ മാസ്മരികത മനസ്സിലാവുക. എന്തായാലും ഇവിടെ എത്തുന്നവരൊക്കെ സർപ്രൈസ് ലഭിച്ച ത്രില്ലിലാണ് മടങ്ങുന്നത്.
Project facts
Location- Aripra, malappuram
Plot- 45 cent
Area- 7000 SFT
Owner- Arshad Noufal
Design- Abdulla Vasif
Concetto Design. Co, Calicut
Mob- 9645514433
Civil Construction- Build World, Malappuram
Y.C- Oct 2020
ചിത്രങ്ങൾ- ആർക്കിടെക്ട് പ്രശാന്ത് മോഹൻ
English Summary- Luxury House Plans Kerala; Veedu Malayalam Magazine