ആരും കൊതിക്കുന്ന ഭംഗി, ഉള്ളിൽ സർപ്രൈസ് കാഴ്ചകൾ; ഹിറ്റായി പ്രവാസിവീട്
Mail This Article
കൊല്ലം കരുനാഗപ്പള്ളിയിൽ സഫലമാക്കിയ പുതിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.
പഴയ വീട്ടിൽ അസൗകര്യങ്ങൾ വർധിച്ചപ്പോഴാണ് പുതിയ വീടിനെക്കുറിച്ച് ചിന്തിച്ചത്. പഴയ വീട് പൊളിച്ചുകളഞ്ഞാണ് ഞങ്ങളുടെ സങ്കൽപങ്ങൾക്ക് ഒത്ത വീട് സഫലമാക്കിയത്.
വീടിന്റെ മുൻവശത്ത് മൂന്ന് വലിയ മാവുകൾ ഉണ്ടായിരുന്നു. വീടിന് നല്ല പുറംകാഴ്ച ലഭിക്കണമെങ്കിൽ അത് മൂന്നും വെട്ടണം. ഒടുവിൽ ഞങ്ങൾ തീരുമാനിച്ചു: ഞങ്ങൾക്ക് വൈകാരികമായി അടുപ്പമുള്ള ആ മാവുകൾ നിലനിർത്തണം. പുറംകാഴ്ച വലുതായി ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല. അങ്ങനെയാണ് വീടിന്റെ സ്ഥാനം പുനർനിർണയിച്ച് വീടുപണി തുടങ്ങിയത്.
എനിക്ക് ഡാർക്ക് നിറങ്ങളോട് കൂടുതൽ ഇഷ്ടമുണ്ട്. അതിനാൽ അത്തരം നിറങ്ങൾ വീട്ടിൽ കൂടുതലായി ഉൾപ്പെടുത്തി. ചുറ്റുമതിലിലും എലിവേഷനിലും വെട്ടുകല്ലിന്റെ ഫീൽ ലഭിക്കുംവിധം ഗ്രൂവ് ചെയ്ത് റെഡ് ടെക്സ്ചർ പെയിന്റടിച്ചു. ഒറ്റനോട്ടത്തിൽ വെട്ടുകല്ലിന്റെ ക്ലാഡിങ് വർക്ക് പോലെതോന്നും.
മുറ്റം നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ചു ഭംഗിയാക്കി. കാർ പോർച്ച് ഡിറ്റാച്ഡ് ശൈലിയിൽ പണിതു. ജിഐ ട്രസ് ചെയ്താണ് പോർച്ച് നിർമിച്ചത്.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ ഒരു കിടപ്പുമുറി, ഹോം തിയറ്റർ, ബാൽക്കണി എന്നിവയുണ്ട്. മൊത്തം 2700 ചതുരശ്രയടിയാണ് വിസ്തീർണം.
വീടിന്റെ പിന്നിലായി കായൽ ഒഴുകുന്നുണ്ട്. ഇവിടെനിന്നുള്ള കാറ്റും കാഴ്ചകളും പരമാവധി ലഭിക്കുംവിധമാണ് ജാലകങ്ങൾ പൊസിഷൻ ചെയ്തത്.
ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. ഇത് കൂടുതൽ വിശാലത ലഭിക്കാൻ ഉപകരിച്ചു. പ്രധാനവാതിൽ തുറന്ന് പ്രവേശിക്കുമ്പോൾ ഇടതുവശത്തായി ഗസ്റ്റ് ലിവിങ് സജ്ജീകരിച്ചു. ഇവിടെ ബ്ലൂ ക്ലോത് ഫിനിഷിലുള്ള സോഫകളാണ് ഭംഗി നിറയ്ക്കുന്നത്. സമീപമുള്ള ഫാമിലി ലിവിങ്ങിൽ റെക്സിൻ ഫിനിഷിലുള്ള സോഫകളാണ്.
വുഡൻ ഫിനിഷ്ഡ് ടൈലാണ് പൊതുവിടങ്ങളിൽ നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ ഇന്റീരിയർ തീമിനോട് ചേരുംവിധം കസ്റ്റമൈസ് ചെയ്തു.
ഫാമിലി ലിവിങ്ങിന്റെ തൊട്ടുപിന്നിലായി ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ ഡിറ്റാച്ഡ് ആയി ഒരുക്കിയിട്ടുണ്ട്. സാധാരണ വീടുകളിൽ ഇത് പാൻട്രി കിച്ചനോട് ചേർന്നാണ് ഒരുക്കാറുള്ളത്. കുട്ടികളെ ഇവിടെയിരുത്തി പഠിപ്പിക്കാനും ഭക്ഷണം കഴിച്ചുകൊണ്ട് ടിവി കാണാനുമെല്ലാം ഇത് ഉപകരിക്കും.
കൗണ്ടറിന്റെ പിന്നിലായി ഡൈനിങ്ങും ചേർന്നുതന്നെ പാൻട്രി കിച്ചനും ചിട്ടപ്പെടുത്തി. ഒരുവശം ബെഞ്ച് കൺസെപ്റ്റിലുള്ള ഡൈനിങ് സെറ്റാണ്. ഡൈനിങ്ങിന്റെ വശത്ത്, വാഷ് ഏരിയ വരുന്ന ഭിത്തി ബ്രിക്ക് ടെക്സ്ചർ പെയിന്റ് ചെയ്ത് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.
ബാക്കി ഇടങ്ങളിലെ വൈറ്റ് സീലിങ്ങിൽനിന്ന് വേർതിരിവ് പകരാനായി ഡൈനിങ്ങിന്റെ മുകളിലെ സീലിങ് വുഡൻ ഫിനിഷിൽ ഒരുക്കി. ജിപ്സം സീലിങ്ങിനുമുകളിൽ വുഡൻ പോളിഷ് ചെയ്താണ് ഇതൊരുക്കിയത്
മറൈൻ പ്ലൈവുഡ്+ മൈക്ക ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.
നാലു കിടപ്പുമുറികളും വ്യത്യസ്ത തീമിൽ ചിട്ടപ്പെടുത്തി. ഹെഡ്‌സൈഡ് ഭിത്തി വിവിധ നിറങ്ങളിൽ അപ്ഹോൾസ്റ്ററി ചെയ്തോരുക്കി. കിഡ്സ് റൂമിൽ സ്പൈഡർമാന്റെ വോൾപേപ്പറാണ് ഹൈലൈറ്റ്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, സ്റ്റഡി ടേബിൾ എന്നിവയും മുറികളിൽ ഒരുക്കി.
മുകൾനിലയിൽ ഡോൾബി ശബ്ദമികവിൽ ഒരു ഹോം തിയേറ്ററും ഒരുക്കിയിട്ടുണ്ട്. മുൻവശത്തേക്ക് തുറക്കുന്ന ബാൽക്കണിയാണ് മറ്റൊരാകർഷണം. ഇവിടെ മണിപ്ലാന്റ് പടർത്തി ഹരിതാഭമാക്കിയിട്ടുണ്ട്.
വീടിന്റെ വശത്തായി പിൻമുറ്റത്തേക്ക് പോകുന്ന ഭാഗത്ത് ഒരു ഷോവോളുണ്ട്. ഇത് ശരിക്കും വെട്ടുകല്ല് കൊണ്ട് നിർമിച്ചതാണ്.
ഞാൻ പ്രവാസിയാണ്. നാട്ടിലുള്ള ഭാര്യയാണ് വീടിന്റെ എല്ലാക്കാര്യങ്ങൾക്കും ഓടിനടന്നത്. വീടിന്റെ ഭംഗിയുടെ ക്രെഡിറ്റും ഭാര്യയ്ക്കാണ്. പിന്നെ ഡിസൈനർമാരും പണിക്കാരും നന്നായി സഹകരിച്ചു. എന്റെ മേൽനോട്ടങ്ങൾ കൂടുതലും വാട്സ്ആപ് വഴിയായിരുന്നു. അങ്ങനെ ഇക്കഴിഞ്ഞ ഏപ്രിൽ മാസം ഞങ്ങളുടെ സ്വപ്നഭവനം സഫലമായി. വീട്ടിലെത്തുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം വീട് വളരെ ഇഷ്ടമായി. അവരുടെ വാക്കുകൾ കേൾക്കുമ്പോൾ ഞങ്ങളുടെ സന്തോഷവും ഇരട്ടിക്കുന്നു.
Project facts
Location- Karunagappally, Kollam
Plot- 18 cent
Area- 2700 Sq.ft
Owner- Vinod Vijayanandan & Subi
Design- Arun Kumar & Ajay K Rajan
Shelter Living, Thodupuzha
Mob- 9961313831, 9447764807
Structure-Sanjeer Sheraf
Work Of Heart
Mobile: 9400044498
Y.C- April 2022
Photography - Manu Jose photography
English Summary- Beautiful Tropical House with Surprise Interiors; Veedu Magazine Malayalam