ഒരുകാലത്തെ ട്രെൻഡ്; വീടുകളിൽ വീണ്ടും പ്രചാരമേറി വോൾ പേപ്പറുകൾ
Mail This Article
ഒരു കാലത്തു ട്രെൻഡായിരുന്ന വോൾ പേപ്പറുകൾ പൂർവാധികം ക്ലാസിക് ലുക്കോടെ തിരിച്ചു വന്നിരിക്കുകയാണ്. മുന്‍പു ചെയ്തിരുന്ന പോലെ ഭിത്തി മുഴുവൻ ഒട്ടിക്കുന്നതിനു പകരം ഹൈലൈറ്റ് ചെയ്യാനായി വോൾപേപ്പർ ഉപയോഗിക്കുന്നു. ടൈലാണോ പെയിന്റിങ്ങാണോ എന്നു സംശയം തോന്നിപ്പോകുന്നത്ര ഫിനിഷിങ്ങിലാണ് ഇപ്പോൾ വോൾപേപ്പറുകൾ ലഭ്യമായിരിക്കുന്നത്.
ലിവിങ് റൂം, ബെഡ് റൂം, ഡൈനിങ് റൂം, കുട്ടികളുടെ മുറി തുടങ്ങി എവിടെ വേണമെങ്കിലും വോൾ പേപ്പർ ഹൈലൈറ്റായി ഉപയോഗിക്കാം. വീടു പെയിന്റ് ചെയ്യുമ്പോഴുള്ള നിറത്തിനും മാറി വരുന്ന ഡിസൈനിനും അനുസരിച്ചു മാറ്റങ്ങൾ വരുത്താനെളുപ്പമാണ്.
പെയിന്റിങ്ങിനു പകരമായതുകൊണ്ടോ ചെലവു കുറവായതുകൊണ്ടോ മാത്രമല്ല ഇപ്പോൾ വോൾപേപ്പറുകൾ ഉപയോഗിക്കുന്നത്. നല്ല ഫിനിഷ് ലുക്ക് വൃത്തിയാക്കാനുള്ള എളുപ്പം ആരെയും ആകർഷിക്കുന്ന ഡിസൈനുകൾ ഇവയെല്ലാം ബജറ്റ് വീടുകളിലും ലക്ഷ്വറി വീടുകളിലും വോൾപേപ്പറുകൾ ഒരുപോലെ തിളങ്ങാൻ കാരണമാണ്.
എംബോസ്ഡ്, പെയിൻഡ്, ലാമിനേറ്റഡ് തുടങ്ങിയ പാറ്റേണുകളിൽ വോൾപേപ്പറുകൾ ലഭ്യമാണ്. 120–130–150 GSM, 5 mm മുതൽ 12 mm വരെ കനത്തിൽ 53 cm വീതിയിൽ 10 മീറ്റർ നീളമുള്ള ഷീറ്റ് റോളുകളായാണ് ഇവ ലഭ്യമാകുന്നത്. വിനയൽ (vinyl) വോൾപേപ്പർ 20–40 രൂപ ക്രമത്തിലും പേപ്പർ വോൾപേപ്പർ 15–30 രൂപ, ഫാബ്രിക് വോൾപേപ്പർ 30–50 രൂപ, ഫാക്സ്‌ലെതർ (Faux leather) 40-60 രൂപ ക്രമത്തിലും മാർക്കറ്റിലുണ്ട്. ഡിസൈനുള്ള മുൻഭാഗം വിനയലും പിറകുവശം പേപ്പറുമായാണ് ഇതിന്റെ ഘടന.
പേപ്പറടക്കം ചതുരശ്രയടിക്ക് 50 രൂപ ചെലവു വരാം. വാങ്ങാനുദ്ദേശിക്കുന്നയാളുെട മനസ്സിൽ ഡിസൈനുണ്ടെങ്കിൽ അതു കസ്റ്റമൈസ് ചെയ്തെടുക്കാനുള്ള സംവിധാനവുമുണ്ട്. പേപ്പറിന്റെ കനത്തിൽ (thickness) വ്യത്യാസം വന്നേക്കുമെന്നു മാത്രം. ഒരു കോട്ട് പുട്ടി ചെയ്തു മിനുസപ്പെടുത്തി ഒരു കോട്ട് പെയിന്റോ പ്രൈമറോ അടിച്ചു കഴിഞ്ഞാൽ വോൾപേപ്പർ ഒട്ടിക്കാം.
അത്യാവശ്യം വലിയ വീടിന്റെ അഞ്ചോ ആറോ മുറികൾ പൂർത്തിയാക്കാൻ ഒരു പകൽ തന്നെ ധാരാളം. പെയിന്റിങ്, വയറിങ്, പ്ലമിങ് തുടങ്ങി എല്ലാ പ്രവൃത്തികളും കഴിഞ്ഞാൽ വോൾപേപ്പറിന്റെ പണി തുടങ്ങാം. ചെലവ് പെയിന്റിങ്ങിന്റെ പകുതി.
മരത്തിന്റെ റീപ്പറുകൾ വച്ച് കോണുകളും ചതുരങ്ങളുമാക്കി ഫാബ്രിക്കേറ്റ് െചയ്ത് അതിനകത്ത് വോൾപേപ്പർ ഒട്ടിക്കുന്നതും ഇന്നു ട്രെൻഡാണ്. 700 ചതുരശ്ര അടി വോൾപേപ്പർ ചെയ്യാന്‍ ഏകദേശം 35000 രൂപ പ്രതീക്ഷിക്കാം. അഞ്ചു വർഷത്തെ മിനിമം ഗാരന്റിയും കൊടുക്കുന്ന കമ്പനികളുണ്ട്. Mazi laxury, Yara laxury, XL തുടങ്ങിയ ബ്രാന്റുകളിൽ വോൾപേപ്പർ ഷീറ്റുകൾ മാർക്കറ്റിൽ ലഭിക്കുന്നു. പൂർണമായും മണ്ണിൽ അലിഞ്ഞു ചേരുമെന്നതിനാൽ പരിസ്ഥിതി സൗഹൃദ ഉൽപന്നം കൂടിയാണിത്.
ഒരു മുറിയുടെ 100 സ്ക്വയർ ഫീറ്റാണ് ചെയ്യേണ്ടതെങ്കിൽ നിശ്ചയിച്ച പേപ്പർറോളിൽ നിന്ന് ഒന്നിച്ച് അത്രയും മുറിച്ചെടുക്കയല്ല ചെയ്യുന്നത്. ആവശ്യാനുസരണം പത്തോളം ചെറിയ കഷണങ്ങളാക്കി, നാലോ അഞ്ചോ എണ്ണത്തിൽ ഫെവിക്കോൾ SR പശ തേക്കും. പശ വലിച്ചെടുക്കാൻ അൽപം സമയം കൊടുത്തിട്ടാണ് ഒട്ടിക്കുക. എയർ ബബിൾസ് നീക്കി, സ്ക്രാപ്പർ ഉപയോഗിച്ച് വാഹനങ്ങൾക്ക് സ്റ്റിക്കർവർക്ക് ചെയ്യുന്ന പോലെയാണ് ഇവ പതിക്കുന്നത്. ജോയിന്റുകൾ ശ്രദ്ധാപൂർവം യോജിപ്പിക്കണം.
കടലാസിൽ വെള്ളം വീണാൽ കുതിർന്നു പോകുന്നതു കൊണ്ട് പതിച്ചു കഴിഞ്ഞുള്ള പ്രവൃത്തികൾ ഒഴിവാക്കുക. നിരന്തരം 18–20 ഡിഗ്രി തണുപ്പിൽ എസി ഉപയോഗിക്കുന്നതും വോൾപേപ്പറിനെ ബാധിച്ചേക്കും. എസിയിൽ നിന്നു വരുന്ന ജലാംശമാണിതിനു കാരണം നിലത്തോടു ചേർന്നുള്ള ഭിത്തിയുടെ രണ്ടോ മൂന്നോ വരികളിൽ പേപ്പറിനു നിറവ്യത്യാസം വരാനിടയുണ്ട്. ഭിത്തിക്കായി ഉപയോഗിച്ച കട്ടകൾ കുടിച്ചെടുത്ത് curing time ലെ ജലാംശം ക്രമേണ താഴെ അടിഞ്ഞു കൂടുമ്പോഴാണ് ഇങ്ങനെ സംഭവിക്കുക. അതുപോലെ ശക്തമായ വെയിലേറ്റാലും കേടു വരാം. അലങ്കാരത്തിന്റെ ഭാഗമായി നിർമിച്ച ഗ്ലാസ് റൂഫുകളിലൂടെ തീക്ഷ്ണമായ രശ്മികൾ വീഴുന്ന ഭാഗവും ശ്രദ്ധിക്കേണ്ടി വരും.
അതേസമയം അറ്റകുറ്റപ്പണികൾക്കു സൗകര്യമാണ്. നനവോ ചൂടോ കൊണ്ടോ, മൂർച്ചയുള്ള സാമഗ്രികൾ മൂലമോ അടയുകയോ കീറിപ്പോരുകയോ ചെയ്താൽ ആ ഭാഗം മാത്രം ശ്രദ്ധയോടെ പറിച്ചെടുത്ത്, അവിടെ പുതിയത് ഒട്ടിക്കാം.
‘ഏഴു വര്‍ഷം മുൻപു ചെയ്ത ഒരു വോൾ പേപ്പർ ഞാൻ പൂർണമായും മാറ്റി പുതിയതു പതിച്ചു കൊടുത്തിട്ടുണ്ട്. ടൈൽസ് പോലെ തന്നെ. ഇടയിൽ ഒരു ഭാഗം കേടുവന്നാൽ അതുമാത്രം ശരിയാക്കിയെടുക്കാനുള്ള ഏക തടസ്സം അതേ പേപ്പർ കിട്ടാനുള്ള ബുദ്ധിമുട്ടാണ്. ഞങ്ങൾ ബാക്കിവരുന്ന പേപ്പർ സൂക്ഷിച്ചുവച്ച് ഈ പ്രതിസന്ധി വലിയൊരളവുവരെ മറികടക്കുന്നുണ്ട്.’ കഴിഞ്ഞ അഞ്ചു വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന അരീക്കോട് സ്വദേശി നാസർസലാം പറയുന്നു.
കോവിഡിന്റെ രണ്ടു വർഷം നഷ്ടമായത് ഇതിന്റെ പ്രചാരം സാവധാനത്തിലാക്കി. വിവാഹത്തോടനുബന്ധിച്ചു കിടപ്പുമുറി അലങ്കരിക്കുന്നതിന്റെ ഭാഗമായിട്ടൊക്കെ വോൾ പേപ്പർ ചെയ്യുന്നവരും കുറവല്ല. ചെലവ്, സമയഭംഗി എന്നിവ ഇതിന്റെ മെച്ചങ്ങളാണ്.