ADVERTISEMENT

അയൽപക്കത്തേക്ക് നോക്കി വീടുപണിയാൻ തുടങ്ങുന്നതാണ് മലയാളി വരുത്തുന്ന ആദ്യ തെറ്റ്. വീട് പൊങ്ങച്ചത്തിനും കെട്ടുകാഴ്ചയ്ക്കുമുള്ള ഇടമല്ല എന്ന് ആദ്യമേ മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തണം. വീടുപണിയിൽ ഇന്ന് മിക്കവരും പിന്തുടരുന്നതും എന്നാൽ ഒഴിവാക്കാവുന്നതുമായ 5 കാര്യങ്ങൾ അറിവിലേക്കായി പങ്കുവയ്ക്കുന്നു. 

 

1. എക്സ്റ്റീരിയർ സങ്കീർണമാക്കണോ?

ആരു കണ്ടാലും ഞെട്ടണം എന്ന ഉദ്ദേശ്യത്തോടെയാണ് പലരും വീടുപണിക്കിറങ്ങുന്നത്. അതിനുവേണ്ടി എക്സ്റ്റീരിയറിൽ സിമന്റ് വർക്കുകൾ, മ്യൂറൽ വർക്കുകൾ, ക്ലാഡിങ്, കോൺക്രീറ്റ് വർക്കുകൾ തുടങ്ങി എണ്ണിയാൽ തീരാത്തത്ര അലങ്കാരപ്പണികൾ കാണിക്കും. ആവശ്യമില്ലാതെവരുത്തുന്ന ചെലവുകളാണ് ഇതെല്ലാം എന്ന് മലയാളി എന്നാണു തിരിച്ചറിയുന്നത്? വീടിനുവേണ്ടി അധികം തുക മാറ്റിവയ്ക്കാനില്ലാത്തവർ എക്സ്റ്റീരിയർ മോടിപിടിപ്പിക്കലുകൾ വേണ്ടെന്നുവയ്ക്കുക. 

 

2. കൂട്ടിച്ചേർക്കലുകൾ ഇരട്ടി നഷ്ടം

വ്യക്തമായ പ്ലാനിങ്ങില്ലാതെ പോകുന്ന എല്ലാവർക്കും സംഭവിക്കുന്ന അബദ്ധങ്ങളാണിവ. പണി പുരോഗമിക്കുമ്പോഴായിരിക്കും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും നിർദേശങ്ങൾ ധാരധാരയായി ഒഴുകിയെത്തുന്നത്. അതെല്ലാം കേൾക്കുമ്പോൾ വീട്ടുകാരന്റെ മനസ്സിനും ചാഞ്ചല്യം സംഭവിക്കുന്നത് സ്വാഭാവികം. ഉടനെ പ്ലാനിൽ വ്യത്യാസങ്ങളായി, ഇടിച്ചു പൊളിക്കലായി, കൂട്ടിച്ചേർക്കലുകളായി... വീടിന്റെ ബജറ്റ് ആകെ തകിടം മറിയും. പ്ലാൻ തീരുമാനമായാൽ അതിൽ അണുവിട വ്യത്യാസം വരുത്താതിരിക്കുക, പാഴ്ച്ചെലവ് ഒഴിവാക്കാം.

 

3. തേക്ക് വാതിലും ജനലും സുരക്ഷിതത്വം കൂട്ടുമോ?

വാതിലും ജനലും തേക്കുകൊണ്ടു പണിതില്ലെങ്കിൽ മലയാളിക്ക് ഉറക്കം വരില്ല. എല്ലാ വാതിലും പറ്റിയില്ലെങ്കിലും പ്രധാനവാതിലുകളെങ്കിലും തേക്കുകൊണ്ട് നൽകാൻ ശ്രമിക്കുന്നതാണ് പതിവ്. തേക്കിന്റെ വാതിൽ കൊടുത്തതു കൊണ്ട് കൂടുതൽ സുരക്ഷിതത്വം ലഭിക്കുമെന്നൊരു ധാരണയുമുണ്ട്. എന്നാൽ മോഷ്ടിക്കാൻ ഉറപ്പിച്ചു വരുന്നയാൾക്ക് തേക്കിന്റെ വാതിലും അല്ലാത്ത വാതിലും ഒരുപോലെ തന്നെയാണെന്ന് മനസ്സിലാക്കുക. അതുകൊണ്ട് ചെലവു കുറഞ്ഞ തടി ഉപയോഗിക്കാം.

 

4.  ലൈറ്റ് ഫിറ്റിങ്ങുകൾ വൈദ്യുതി കളയാനോ? 

ഒരു മുറിക്കകത്തുതന്നെ വാം ലൈറ്റ്, കൂൾ ലൈറ്റ്, ഷാൻഡ്ലിയർ... അങ്ങനെ ലൈറ്റ് ഫിറ്റിങ്ങുകളിൽ എന്തെല്ലാം തരമാണുള്ളത്! പക്ഷേ, ഇതെല്ലാം വേണമെന്നു നിർബന്ധം പിടിക്കുമ്പോൾ കറന്റ് ബില്ല് റോക്കറ്റ് പോലെ പോയെന്നിരിക്കും. ആരംഭശൂരത്വത്തിന് പിടിപ്പിക്കുമെങ്കിലും ഇതിൽ പലതും പിന്നീട് മിക്കവരും ഉപയോഗിക്കാറില്ല. ഭംഗിക്കുവേണ്ടി ആവശ്യത്തിൽ കൂടുതൽ ലൈറ്റ് പോയിന്റുകളും ലൈറ്റ് ഫിറ്റിങ്ങുകളും ഉപയോഗിക്കുന്നതിനു മുമ്പ് ഭാവിയിലേക്ക് കണ്ണു തുറന്നു നോക്കണം. വൈദ്യുത ബില്ലിന്റെ കാര്യം മാത്രമല്ല, ഊർജനഷ്ടവും ഭീമമായിരിക്കും എന്നോർക്കണം.

 

5. ഷോ കിച്ചൻ വെറുതെ ഷോ കാണിക്കാനോ?

കാഴ്ചയ്ക്കായി ഒരു അടുക്കള. ജോലി ചെയ്യാൻ വേറൊരു അടുക്കള. അതും കൂടാതെ വർക് ഏരിയ. ഇങ്ങനെ കാശുള്ളവർ മൂന്നും നാലും അടുക്കളകൾ പണിയാറുണ്ട്. ഇതിനെ അനുകരിച്ച്, സാധാരണക്കാർ വീടുപണിയുമ്പോഴും രണ്ടു അടുക്കള ഇല്ലെങ്കിൽ കുറച്ചിലാണ് എന്ന നിലയിലെത്തിയിട്ടുണ്ട്. സത്യത്തിൽ ഇതിന്റെ ആവശ്യമുണ്ടോ? ഷോ കിച്ചൻ ഒഴിവാക്കാം. രണ്ടു കിച്ചനുകളിലെയും കബോർഡുകളും ഫ്ളോറിങ്ങും ഫർണിച്ചറും എല്ലാം ചേരുമ്പോൾ വലിയ ഒരു തുക തന്നെ മാറ്റിവയ്ക്കേണ്ടി വരും. ഉള്ള ഒരു അടുക്കള വൃത്തിയായി സൂക്ഷിക്കുകയാണ് പ്രധാനം. ഇതിനോടു ചേർന്ന് ഒരു വർക് ഏരിയയുമുണ്ടെങ്കിൽ ധാരാളം. പ്രത്യേകിച്ചും അധികം അംഗങ്ങൾ ഇല്ലാത്ത വീടുകളിൽ വെറുതെ ചെലവ് കൂട്ടേണ്ട കാര്യമില്ല.

English Summary- House Mistakes by Malayalis; Veedu Malayalam Magazine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com